
പ്രതീകാത്മക ചിത്രം
അതൊരു കന്നിമാസമായിരുന്നു. കാറ്റിൻ്റെ ദിശയും മണ്ണിൻ്റെ ഗന്ധവും രാത്രിയുടെ കുളിരും മറ്റ് ജീവജാലങ്ങളിൽ എന്നപോലെ നായകളിലും ഭ്രാന്തമായി ആവേശിക്കുന്ന പ്രകൃതി തന്നെ ഉത്തേജനത്തിനായി വർത്തിക്കുന്ന കാലം. മനുഷ്യൻ കണക്കും കലണ്ടറും ഉപയോഗിച്ച് പ്രവചിക്കുന്ന കാലാവസ്ഥ നായകൾ പ്രകൃതിയുമായി സംവദിച്ച് മണത്തറിയുന്ന കാലമാണ് കന്നി എന്ന് പലരിലൂടെയും കേട്ടിട്ടുണ്ട്. നീണ്ടതും നേരിയ മഞ്ഞുമൂടിയതുമായ രാത്രിയുടെ വിട്ടൊഴിയാത്ത ആലസ്യവുമായി കിടക്കുമ്പോഴാണ് പുറത്ത് റസിയുടെ ശബ്ദം കേട്ടത്. "പാല് മേടിക്കാൻ പോകണ്ടായോ. എളുപ്പം എണീറ്റ് വാ വന്നട്ട് എനിക്ക് പള്ളീ പോകണ്ടതാ, താമസിച്ചാ ഒസ്താദ് അടിക്കും". മടിച്ച് മടിച്ച് അവളുടെ ശബ്ദത്തിനൊപ്പം ഉണരുമ്പോൾ നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. അവൾക്കൊപ്പം ഉറക്കം തൂങ്ങിയ കണ്ണുകളുമായി ആടിയാടി തൂക്കു പാത്രവും കിലുക്കി വാളക്കോട്ട് ചെന്ന് പാലും വാങ്ങി വടക്കേകാരുടെ പറമ്പും കടന്ന് വീടിൻ്റെ അതിർത്തിക്കടുത്ത് എത്തിയതും ഉള്ളൊന്ന് കിടുങ്ങി. ചുറ്റിനും കുര. മൂന്ന് നായകൾ മുന്നിൽ വട്ടമിട്ട് നിൽക്കുന്നു. അവറ്റകളുടെ കണ്ണുകളിൽ എന്തൊക്കെയോ ചോദ്യങ്ങളുണ്ട് .
“നിങ്ങൾ ആരാണ്? അതിരാവിലെ വെട്ടം വീണ നേരത്ത് എങ്ങനെ ധൈര്യം വന്നു ഞങ്ങളുടെ ലോകത്തേക്ക് കടന്ന് വരാൻ. ഞങ്ങൾ ജാഗരൂകരാണ്. നിങ്ങൾ മനുഷ്യരെപ്പോലെ ഞങ്ങളുടേയും ലോകം ഒരു രഹസ്യപുസ്തകമാണ്". തൊട്ടടുത്ത കാശാപ്പുശാലയിൽ നിന്ന് കടിച്ചെടുത്ത് കൊണ്ട് വന്ന അറവുമൃഗത്തിൻ്റെ കുടൽമാല ഇന്ത്യയുടെ ഭൂപടം മാതിരിയുള്ള ഒരു ഷേപ്പിൽ മണ്ണിൽ പുതഞ്ഞ് കിടക്കുന്നു. കുടൽ കടിച്ച് വലിച്ചപ്പോൾ പുറത്ത് ചാടിയ ചാണകവും അവിടെങ്ങും ചിതറിക്കിടക്കുന്നുമുണ്ട്.
എന്തായാലും നായകളുടെ കുരയുടെ കാരണം. വിശപ്പല്ല, കാട്ടുമനുഷ്യനിൽ നിന്ന് നട്ടെല്ല് നിവർന്ന് നിൽക്കുന്ന നാട്ടുമനുഷ്യനായി രൂപാന്തരം പ്രാപിച്ച ഘട്ടം മുതൽ മനുഷ്യർക്കൊപ്പം സന്തതസഹചാരിയായി ഒപ്പം കൂടിയ ഒരേയൊരു സ്ഥാനം എന്നും ഞങ്ങൾക്കുള്ളതാണ് എന്നതിൻ്റെ ഹുങ്കും വീണ്ടും വീണ്ടും മനുഷ്യരിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഭയപ്പെടുത്തലുമൊക്കെ ആവണം വേണ്ടാത്ത നേരത്തെ ഈ കുരയ്ക്ക് പിന്നിൽ. ആകുന്നത്ര ധൈര്യം സംഭരിച്ച് കൈയ്യിലിരുന്ന തൂക്കുപാത്രം നായ്ക്കളുടെ നേരെ ഞാൻ ആഞ്ഞു വീശി. എന്നാൽ എൻ്റെ പ്രതിരോധശ്രമങ്ങൾ പാളി എന്ന് മാത്രമല്ല പാത്രത്തിൽ നിന്നും പാലും തുളുമ്പി തെറിച്ചു. ഒടുവിൽ നായകളിൽ നിന്ന് രക്ഷതേടി തിരിഞ്ഞോടാൻ തുടങ്ങിയതും റസി എന്നെ പിടിച്ച് നിർത്തി. അവൾ ധൈര്യശാലിയാണ്. ഒരുവിധം നായ്ക്കളുടെ മനശ്ശാസ്ത്രം പഠിച്ചവൾ. അവളേക്കാൾ പ്രായത്തിൽ മുതിർന്ന കോളേജ്കുമാരിയായ ഞാൻ ഇപ്പം കടി കിട്ടുമെന്ന് പേടിച്ച് അവളുടെ പിന്നിലേക്ക് നീങ്ങി നിന്നു. "ഓടരുത് ഓടിയാ നമ്മളെ ഇവര് പൊറകെ വന്ന് കടിക്കും ഒറപ്പാ, കൊറച്ച് നേരം കൊരച്ചിട്ട് അവര് പാട്ടിന് പൊയ്ക്കോളും". റസിയുടെ നിഗമനം ശരിയായിരുന്നു.
ആത്മവിശ്വാസത്തിൻ്റെ അഞ്ചോ ആറോ കുരകൾ. ഇടയ്ക്ക് ആകാശത്തേക്ക് നോക്കി എന്തോ ആശയവിനിമയം ചെയ്യുന്നത് പോലൊരു മോങ്ങൽ. വാൽ അൽപം താഴ്ത്തി എന്തോ ഭാവപ്രകടനങ്ങൾ. ഒടുവിൽ ചെറുത്തുനിൽപ്പിന് അൽപ്പം പോലും ഇട നൽകാതെ ഒരുമിച്ച് തിരിഞ്ഞ് ഒരോട്ടം. ആഹാ! അന്തസ്സുള്ള പട്ടികൾ. റസിയുടെ മുഖത്ത് ഗൗരവം. "കണ്ടോ ഞാൻ അന്നരവേ പറഞ്ഞില്ലാരുന്നോ, ഓടിയാരുന്നേ ഇപ്പ കിട്ടിയേനെ". ഭയത്താൽ പിൻവാങ്ങുന്നതിന് പകരം ആത്മവിശ്വാസത്തിൻ്റെ നിശ്ശബ്ദമായ നിൽപ്പാണ് ജീവിതത്തിനാവശ്യമെന്ന് ചെറിയ പ്രായത്തിലേ അവൾ തിരിച്ചറിഞ്ഞിരിക്കുന്നു. "മനുഷേരിലെ പേടിത്തൊണ്ടൻമാരെയും ധൈര്യമൊള്ളവരെയും ഒറ്റ നോട്ടത്തിൽ അവർക്ക് അറിയാം, നമ്മള് ധൈര്യം കാണിച്ചത് കൊണ്ടാ അവര് ഓടിയത്". ഏൽക്കാത്ത കടിയെക്കുറിച്ച് പറഞ്ഞ് വീണ്ടും അവൾ അഭിമാനം കൊണ്ടു. ധ്രുതഗതിയിലായ നെഞ്ചിടിപ്പിനോടൊപ്പം അവളുടെ വാക്കുകളും എൻ്റെ ഹൃദയത്തിൽ എവിടെയൊക്കെയോ തട്ടിതടഞ്ഞ് വീണു. അപ്പോൾ അതാ വരുന്നു അവളുടെ അടുത്ത നീരിക്ഷണം.
"ഇത്തിക്കറിയാവോ അതില് ഒരെണ്ണം പെണ്ണാരുന്ന് രണ്ട് ആണും". അപാരമായ നായ വിജ്ഞാനമുണ്ട് എന്ന മട്ടിൽ റസി പറഞ്ഞു. "നിനക്ക് അത് എങ്ങനറിയാം"? വെറി പിടിച്ച മൃഗങ്ങളുടെ ഗന്ധം പുരണ്ട അന്തരീക്ഷത്തിൽ ആത്മരക്ഷക്കായി പഴുതുകൾ തേടിയ നിമിഷത്തിൽ അവൾ തിരഞ്ഞത് നായകളുടെ ശരീരശാസ്ത്രമായിരുന്നു എന്നത് എന്നെ അമ്പരപ്പിച്ചു. പൊതുവേ മൃഗങ്ങളോട് വളരെ അനുകമ്പയുള്ള പ്രകൃതമാണ് അവളുടേത്. വീട്ടുകാരറിയാതെ അവളുടെ ഭക്ഷണത്തിൽ നിന്നുമൊരു വീതം വീടിൻ്റെ പിന്നാമ്പുറത്തേക്ക് വലിച്ചെറിയുന്നത് മിക്കപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. അത് പൂച്ചയ്ക്കും പട്ടിയ്ക്കും കാക്കകൾക്കുമൊക്കെയുള്ള പങ്കാണ്. "അതേ പെൺ പട്ടികള് എപ്പഴും മൂത്രവൊഴിക്കും. നമ്മുടെ മുന്നിൽ നിന്ന് കുരച്ച ഒരു പട്ടി മൂത്രിച്ചാരുന്ന്. അത് ആൺപട്ടി മണപ്പിച്ചു. പെൺപട്ടിയുടെ മൂത്രവേ ആൺപട്ടി മണപ്പിക്കൊത്തൊള്ള് ". ഹോ ! എന്തൊരു കണ്ടെത്തലാണ്. എൻ്റെ മുന്നിൽ കുരകളും കത്തുന്ന കണ്ണുകളും മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നിട്ടും അവൾ പറഞ്ഞതൊക്കെയും ഞാൻ കണ്ണുമടച്ചങ്ങ് അംഗീകരിച്ച് കൊടുത്തു.
ആ സംഭവത്തിന് ശേഷം നായകളെ ഞാനും നീരീക്ഷിക്കാൻ തുടങ്ങി. അറവുശാലകളുടെ ആധിക്യം കൊണ്ട് പേരുകേട്ട നാട്ടിൽ നോക്കുന്നിടത്തെങ്ങും നായകൾ. അവർ പിടിച്ചെടുത്ത ഒരു നാട്ടിലെ വരത്ത് പോക്കരാണ് മനുഷ്യർ എന്ന രീതിയിലാണ് അവറ്റകളുടെ പെരുമാറ്റം. ആൺനായകളുടെ കണ്ണുകളിൽ ഗർവ്വ്. മണ്ണിൽ പതിയുന്ന അവൻ്റെ കാൽപ്പാടുകൾക്ക് ഒരു ധീരതയുണ്ട്. തൻ്റെ അതിർത്തികൾക്കിടയിൽ അവൻ അഭിമാനത്തോടെ നടക്കും. കുരച്ചും നാടിൻ്റെ അധിപതിയാകാം എന്നൊരു ഹുങ്കോടെ വേണ്ടിടത്തും വേണ്ടാത്തിടത്തും അവൻ കുരച്ച് കൊണ്ടേയിരിക്കും. പെൺനായകളുടെ പ്രക്യതം മറ്റൊന്നാണ്. അവളുടെ കണ്ണുകളിൽ നിശബ്ദമായ കരുണയുണ്ട്, മണൽപ്പരപ്പിൽ പതിഞ്ഞ കാൽപാടുകളിൽ മൃദുലത. അവൾ ആർദ്രതയും സ്‌നേഹവും കരുതലും ചേർന്ന മാതൃത്വത്തിന്റെ പ്രതീകമാണ്. മൂത്രമൊഴിക്കുമ്പോഴും അവളുടെ ശൈലി നമ്രതയോടെയാണ്. മണ്ണിലേക്കാഴ്ന്ന് ജാഗ്രതയോടെ പ്രകൃതിയോട് ചേർന്നൊരു ഭാവത്തിൽ. ആ ഇടയ്ക്കാണ് നായകളാൽ അപകീർത്തികരമായി അടയാളപ്പെട്ട ചരിത്രം നിറഞ്ഞ ദേശം കൂടിയാണ് രണ്ടാംകുറ്റി എന്ന് ഞാൻ അറിയുന്നത്. അതിന് കാരണമായതാകട്ടെ ഒരു അപകടവും.
1914 ആണ് കാലം. പുതിയ നൂറ്റാണ്ടിൻ്റെ ശൈശവത്തിൽ ചെമ്മണ്ണും മണ്ണും നിറഞ്ഞ പാതയിലൂടെ പൊടി പറത്തിക്കൊണ്ട് കടുവയുടെ മുരൾച്ച പോലെയുള്ള ഒരു ശബ്ദവും പുറപ്പെടുവിച്ച് ഒരു ഇരുമ്പ് വണ്ടി പ്രത്യക്ഷപ്പെട്ടു. അത് മഹാരാജാവിൻ്റെ കാറാണെന്ന് അറിഞ്ഞ നാട്ടുകാർ ആ അത്ഭുതത്തിന് നേരെ വാപൊളിച്ച് നിന്നു. നീണ്ടതും താഴ്ന്നതുമായ ഇരുമ്പ് ഫ്രെയിമിൽ നിർമിച്ചതും കൃത്രിമ കുതിരവണ്ടിയെ ഓർമിപ്പിക്കുന്നതുമായ വാഹനത്തിൻ്റെ മുന്നിലെ രണ്ട് വ്യത്താകാര ലൈറ്റുകൾ കണ്ട് ദജ്ജാലിൻ്റെ കണ്ണുകളിങ്ങനെ ആയിരിക്കുമെന്ന് പലരും അടക്കം പറഞ്ഞു. കുതിരവണ്ടിയെ ഓർമിപ്പിക്കുന്ന വലിയ വീലുകളും മുകളിൽ വലിച്ച് കെട്ടിയ മേൽക്കൂര കവറും ഡ്രൈവർക്ക് മുന്നിലായുള്ള ഗിയർ ലിവറും ബ്രേക്കുമൊക്കെയായി കാർ ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോഴൊക്കെ നാട്ടുകാർക്കത് ദിവസങ്ങളോളം പറയാനുള്ള ഒരു അത്ഭുത കഥയായിരുന്നു. സ്പീഡ് കൂട്ടിയും കുറച്ചും പോകുന്ന
കാറിനുള്ളിൽ സാക്ഷാൽ മഹാരാജാവിനെ കണ്ടന്ന് പലരും വീമ്പ് പറഞ്ഞു. മനുഷ്യൻ്റെ കാൽവേഗത്തെ മറികടന്ന് കുതിച്ചുപായുന്ന ആ ഇരുമ്പ് കുതിരയെ തളയ്ക്കണമെന്ന് ചിലർക്ക് അതിയായ മോഹമുണ്ടായി. എന്നാൽ മറയുന്ന രാജവാഴ്ച്ചയുടെ തുടക്കത്തിൽ ഇരുമ്പിന്റെയും എണ്ണയുടെയും മണം പരത്തി ഇടയ്ക്കിടെ കടന്നുപോയ ആ കാർ ഒരു ദുരന്തചിത്രമായി മാറുകയായിരുന്നു. കല്യാണസൗഗന്ധികം പോലെ സുഗന്ധം പകർന്ന നാടകങ്ങളും ലീലാവതിയുടെ കണ്ണുനീർ പോലെ സ്നേഹഭാവങ്ങളും സംസ്കൃതമണികളാൽ മിനുങ്ങിയ മലയാള ഭാഷയെ തനി മലയാളമാക്കി നൽകുകയും ചെയ്ത സാഹിത്യകാരൻ കൂടിയായ 'കേരളകാളിദാസൻ' എന്നറിയപ്പെടുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാനായിരുന്നു ആ ദുരന്തത്തിൻ്റെ ഇര. അദ്ദേഹം അനന്തരവനായ ഡോ. എ.ആർ. രാജരാജവർമയോടൊപ്പം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു ഈ ദുരന്തം.
വൈക്കം മഹാദേവക്ഷേത്രത്തിൽ എല്ലാ വർഷവും തൊഴാൻ പോകുന്ന പതിവുണ്ടായിരുന്നു രാജാവിന്. 1914 സെപ്റ്റംബർ 13-ന് അദ്ദേഹം പതിവ് വഴിപാടുകൾക്കുശേഷം ഹരിപ്പാട്ടെത്തി അനന്തപുരം കൊട്ടാരത്തിൽ താമസിച്ചു. അതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ തിരുവനന്തപുരത്തേക്കുള്ള യാത്ര. കൂട്ടായി 'കേരള പാണിനി' ഡോ. എ.ആർ. രാജരാജവർമയും ഗുസ്‌തിക്കാരനായ ഡ്രൈവർ അയ്മനം കുട്ടൻപിള്ളയും പരിചാരകനായ തിരുമുൽപ്പാടും ഉൾപ്പെടെ നാല് പേർ കാറിൽ സഞ്ചരിച്ചു. ഹരിപ്പാട്ടുനിന്ന് മാവേലിക്കര-കായംകുളം വഴി തിരുവനന്തപുരത്തേക്ക് പോകാനായിരുന്നു പദ്ധതി. കാവുകളും തോടും പാടവുമൊക്കെ കടന്നുള്ള യാത്ര രണ്ടാം കുറ്റിയിൽ എത്തിയതും അപ്രതീക്ഷിതമായി ഒരു തെരുവുനായ കാറിന് മുന്നിലേക്ക് ചാടി വീണു. ഒരേയൊരു നിമിഷത്തിൻ്റെ പിഴവ്. ചക്രങ്ങൾ പിഴച്ചു. അകമ്പടിക്കാരിൽ ഒരാൾ കരുതലിന്റെ പേരിൽ നായയെ തൊഴിച്ചോടിക്കാൻ ശ്രമിച്ചെങ്കിലും ആ ചെറിയ ചലനത്തിൽ തന്നെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടു. ഇരുമ്പും ഇന്ധനവും ചേർന്ന് പാഞ്ഞിരുന്ന അത്ഭുതം വഴിയരികിലെ ചെറുകുഴിയിലേക്ക് മറിഞ്ഞു വീണു. കാലം നിലച്ചുപോയ നിമിഷങ്ങളായിരുന്നു അത്. നാട്ടുകാർ ഓടിക്കൂടി കാറിൽ നിന്ന് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തു. സാരമായി പരിക്കേറ്റ രാജരാജവർമ അസ്വസ്ഥതകൾ പ്രകടിപ്പിച്ച വലിയ കോയിത്തമ്പുരാനെ എഴുന്നേൽപിച്ച് സമീപത്തെ വീട്ടിലിരുത്തി പ്രാഥമിക ശുശ്രൂഷ നൽകി. വലിയ കോയിത്തമ്പുരാന്റെ നെഞ്ചിൻ്റെ വലതുവശം കാറിൻ്റെ വശങ്ങളിൽ ചെന്ന് ഇടിച്ചുണ്ടായ ചെറിയ ആഘാതമല്ലാതെ മറ്റ് ഗുരുതര പരിക്കുകളൊന്നും പുറമേ കണ്ടിരുന്നില്ല. തുടർന്ന് വലിയ കോയിത്തമ്പുരാനെ കൃഷ്‌ണപുരത്തുനിന്ന് കൊണ്ടുവന്ന പല്ലക്കിൽ മാവേലിക്കരയിലെ ശാരദാമന്ദിരത്തിലേക്ക് മാറ്റി. പ്രശസ്‌തനായ ഡോ. വല്ല്യത്താൻ ചികിത്സ നിർവഹിച്ചു. പക്ഷേ വലിയകോയിത്തമ്പുരാൻ്റെ പരിക്ക് ഗുരുതരമായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ് സെപ്റ്റംബർ 22-ന് അദ്ദേഹം മരണപ്പെട്ടപ്പോൾ അത് ഇന്ത്യയിലെ ആദ്യ കാറപകടമായി മാറുകയായിരുന്നു. അത് ഒരു അപകടം മാത്രമല്ലായിരുന്നു, ഒരു യുഗത്തിന്റെ അന്ത്യമായിരുന്നു. അന്നത്തെ കേരളത്തിന്റെ നവോത്ഥാനഗീതത്തിൽ ദുഃഖസാഗരമായി ആ ദിവസം ചേർന്നു. കുതിരവണ്ടികളുടെ കാലം അവസാനിച്ച് ഇരുമ്പ് കുതിരയുടെ കാലം ആരംഭിച്ച ദിനത്തിന്റെ ദൗർഭാഗ്യകരമായ അടയാളമായി ഇന്നും ആ ചരിത്രം ഓർക്കപ്പെടുന്നു. വലിയ കോയിത്തമ്പുരാനെ കൊണ്ടുവന്ന പല്ലക്ക് ഇന്നും മാവേലിക്കരയിലെ ശാരദാമന്ദിരത്തിൽ സംരക്ഷിച്ചിട്ടുണ്ട്.
നാടിൻ്റെ അപകടചരിത്രം അറിഞ്ഞതിന് ശേഷം രണ്ടാംകുറ്റിയിൽ നിന്നും ഓല കെട്ടിയമ്പലത്തിലേക്ക് തിരിയുന്ന ആ വളവ് എനിക്ക് ഒരു വഴിയല്ലാതെയായി മാറി. ചരിത്രത്തിൻ്റെ വേദനാജനകമായ ഒരു തരിപ്പിൽ മിക്കപ്പോഴും ഞാൻ മഹാരാജാവിനെ കണ്ടു. വിധിയുടെ വളവുകളിൽ രാജാവും നിസ്സഹയാതയുടെ പ്രതിരൂപമായി അവസാനം ചേർന്ന മണ്ണ് എന്ന ഓർമയിൽ മനുഷ്യാവസ്ഥയുടെ സമ്മിശ്ര വികാരങ്ങൾ ഒരു തരിപ്പായി എൻ്റെ പാദങ്ങളും തൊട്ടു. റസിക്കും നായ കാരണമായി സംഭവിച്ച ആ അപകടചരിത്രം ഞാൻ പറഞ്ഞ് കൊടുത്തു. അന്ന് അറവുമാടുകളുടെ രക്തത്തിന്റെ ഗന്ധം കാറ്റിൽ കലരാത്ത കായംകുളം പട്ടണത്തിന്റെ പരിസരത്തുള്ള ചെറുതും നിശ്ശബ്ദവുമായ ഒരു ഗ്രാമം ആയിരുന്നു രണ്ടാംകുറ്റി. പൊതുവേ ശാന്തമായിരുന്ന നാട് ആദ്യമായി ഒരു അപകടത്തിന്റെ ഇരുണ്ട ചുവപ്പ് നിറം കണ്ടതിനുശേഷം കുറച്ച് നാളുകൾ മൗനം പൂണ്ട് കിടന്നു. പിന്നീട് പൊടിപടർന്ന വഴികൾ പാതയായി, പാതകൾ കവലകളായി. പക്ഷേ ആ പഴയ നിശബ്ദതയിലേക്ക് ലയിച്ച് ചേർന്ന് പേരുദോഷം പതിഞ്ഞ നാട്ടിൽ നിന്നും വേർപെടുത്താൻ കഴിയാതെ ഇന്നും ചില ശബ്ദങ്ങൾ മുഴങ്ങുന്നത് പോലെ. ഏതോ നായകളുടെ കുരക്കൊപ്പം ഒരു കാറിന്റെ ചക്രങ്ങൾ മണ്ണിലുരയുന്ന ശബ്ദം. കാലത്തിന്റെയും ഓർമ്മകളുടെയും അതിരുകൾക്കപ്പുറത്ത് ആ ശബ്ദം ആവർത്തിച്ച് കൊണ്ടേയിരിക്കുന്നു. ചരിത്രത്തിലൊരു തിരുത്തൽ ആഗ്രഹിച്ച് കൊണ്ട് .
Content Highlights: Discover the historic event that marked India`s first car accident in 1914, caused by a street dog.
Published: 12 Oct 2025, 04:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented