വികസനം എന്ന വാക്ക് എവിടെ കേട്ടാലും ഓര്‍മയില്‍ ആദ്യം തെളിയുന്നത് വഴിയില്ലാത്തൊരു മുറ്റമാണ്. പല മുറ്റങ്ങളെ ഒന്നാക്കിക്കൊണ്ട് കണ്ണെത്താദൂരത്തോളം നഗ്നതയുടെ മണല്‍വിരിപ്പ്. അവിടെ കൂട്ടിച്ചേര്‍ക്കലുകളോ കുറയ്ക്കലുകളോ ഇല്ല. ഒരൊറ്റ നിരപ്പില്‍ എല്ലാം സമം. പോകെ പോകെ മുറ്റങ്ങള്‍ക്ക് അതിരുകളുണ്ടായി. കൊന്നപ്പത്തലുകള്‍ കുഴിച്ചിട്ട് അതിരുകള്‍ തിരിച്ചു. വേരുറച്ചപ്പോള്‍ കൊന്നയില്‍ പൂവിട്ട വയലറ്റ് പൂക്കള്‍ അതിരിന്മേല്‍ വര്‍ണ്ണാഭ നിറച്ച പ്രകൃതിയുടെ തമാശയായി. പിന്നെയും കാലങ്ങള്‍ പോകെ പ്രദേശത്ത് ഒരു പൊതുവഴി എന്ന തീരുമാനമുണ്ടായി. അതിന്റെ ഭാഗമായി പല വീടുകളുടേയും അതിര്‍ത്തികള്‍ വിഭജിക്കപ്പെട്ടു. പുതിയൊരു റോഡ്.. വര്‍ഷങ്ങളായി സ്വപ്നം കണ്ട വഴി യഥാര്‍ഥ്യമാകുന്നതിന്റെ സന്തോഷം ഗ്രാമവാസികളില്‍ പ്രകടമായിരുന്നു. പക്ഷേ, അതേ വഴിക്കുവേണ്ടി വിട്ടുകൊടുക്കേണ്ടി വരുന്ന അര സെന്റ് വസ്തു നഷ്ടപ്പെടുന്നതിന്റെ അത്യപ്തി കലര്‍ന്ന സ്വരങ്ങളും നെടുവീര്‍പ്പുകളും പല മുഖങ്ങളിലും പ്രകടമായിരുന്നു. നിരാകരിക്കാന്‍ കഴിയാത്ത വികസനത്തിന്റെ വീര്‍പ്പുമുട്ടലായിരുന്നു അത്. ഒടുവില്‍ എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് മണല്‍ വിരിച്ച പാതയായി പൊതുവഴി രൂപപ്പെട്ടു. പിന്നീടത് ചെമ്മണ്‍പാതയായി. വീടിന്റെ മുറ്റം വരെ വാഹനങ്ങള്‍ വന്നെത്തുന്നത് ആവേശത്തോടെ കണ്ടുനിന്നു.
ആ കാലങ്ങളിലാണ് രാജീവ് ഗാന്ധി എന്ന പേര് ഞാന്‍ ശ്രദ്ധിക്കുന്നത്. അതൊരിക്കലും രാഷ്ട്രീയ ബോധത്തിന്റെ ഭാഗമായി ആയിരുന്നില്ല. സോണിയാ ഗാന്ധി എന്ന പേരും കൂട്ടി ചേര്‍ത്ത് കേള്‍ക്കുന്നതിലെ കൗതുകം മാത്രമായിരുന്നു അതിന് പിന്നില്‍. ഏതോ രാജ്യത്ത് വെച്ച് ഒരു രാജകുമാരന്‍ അതിസുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു. പെണ്‍കുട്ടി മറ്റൊരു ലോകത്ത് എത്തുന്നു. ഒരു അമര്‍ചിത്രകഥയുടെ രൂപവും ഭാവവും കലര്‍ന്ന കഥ മനസ്സില്‍ വളര്‍ന്നു. സോണിയാ ഗാന്ധിയുടെ ഫ്രോക്ക്, വെള്ളിനിറമുള്ള കണ്ണുകള്‍, രാജീവിന്റെ ചിരി, നീണ്ട മൂക്ക്, വിടര്‍ന്ന നെറ്റിത്തടം, ഭാവനയില്‍ രാജകുമാരനും രാജകുമാരിക്കും പല തരത്തിലുള്ള കഥാപശ്ചാത്തലങ്ങളുണ്ടാക്കി.
രാജീവ് ഗാന്ധിയുടെ രാഷ്ട്രീയം പുതുതലമുറയുടെ സ്വപ്നമായി വളരുന്ന കാലമാണന്നറിയാതെ കഥയായി മനസ്സില്‍ ഇടംപിടിച്ച രാഷ്ട്ര നേതാവിനോടുള്ള ഇഷ്ടം ആരാധനയായി വളര്‍ന്നു. ഒടുവിലൊടുവില്‍ രാഷ്ട്രീയം മനസ്സിലാക്കി വന്ന ദിവസങ്ങളൊന്നിലെ ഒരു പാതിരാത്രിയില്‍ ചെമ്മണ്‍പാതയിലൂടെ അനൗണ്‍സുമെന്റുമായി ഒരു ഓട്ടോ തലങ്ങും വിലങ്ങും പാഞ്ഞു. 'പ്രിയപ്പെട്ടവരേ നമ്മുടെയൊക്കെയും പ്രിയങ്കരനായ രാജീവ് ഗാന്ധി വെടിയേറ്റ് മരണപ്പെട്ട വിവരം ദുഃഖത്തോടെ അറിയിക്കുന്നു'. ഗദ്ഗദം നിറഞ്ഞ വാക്കുകള്‍ കേട്ട് ഒരു ദുഃസ്വപ്നത്തില്‍ നിന്നെന്ന പോലെ ഞെട്ടിയുണര്‍ന്നപ്പോള്‍ ചുറ്റിനും കനത്ത ഇരുട്ട്. അനൗണ്‍സ്‌മെന്റിനോടൊപ്പം നാട് നടുക്കത്തില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ സലാം മാമയുടെ വീട്ടിലേക്കോടി. രാജീവ് ഗാന്ധിയെ ഹൃദയം കൊണ്ട് സ്‌നേഹിക്കുന്ന അസ്സല്‍ കോണ്‍ഗ്രസ്സുകാരനാണ്. കതകില്‍ ആഞ്ഞ് മുട്ടുമ്പോള്‍ വീണ്ടും അതേ അനൗണ്‍സ്‌മെന്റ് കറങ്ങിത്തിരിഞ്ഞ് അടുത്ത് വന്നു. 'രാജീവ് ഗാന്ധി മരിച്ച്'. ഉറക്കപ്പിച്ചോടെ കതക് തുറന്ന മാമ എന്റെ കിതച്ച് ചാടിയ വാക്കുകള്‍ കേട്ട് കുറച്ച് നേരം കണ്‍മിഴിച്ച് നിന്നു. 'നിനക്കെന്താ പ്രാന്താന്നോ'. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ആ സത്യത്തിനെ നിരാകരിക്കാന്‍ ശ്രമിച്ച് മാമ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു. ഒടുവില്‍ പലവട്ടം ആവര്‍ത്തിച്ച് കേട്ട അനൗണ്‍സ്‌മെന്റിലൂടെ ആ സത്യം അംഗീകരിച്ച് മാമ തളര്‍ന്നിരുന്നു.
'അത് ഇന്ത്യയുടെ വികസന കാലമായിരുന്നു'. ആരോടൊന്നില്ലാതെ കടുത്ത നിരാശയില്‍ കാലങ്ങളോളം സലാം മാമ ഈ പല്ലവി ആവര്‍ത്തിച്ച് കൊണ്ടിരുന്നു. പലവിധ പരിവര്‍ത്തനങ്ങളോടെ കാലത്തിന്റെ താളുകള്‍ മറിഞ്ഞ് കൊണ്ടിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. ഓര്‍മകളുടെ മഷിയാല്‍ നരസിംഹറാവു എന്ന പുതിയ പ്രധാനമന്ത്രിയെ ജനങ്ങള്‍ അംഗീകരിച്ച് തുടങ്ങിയ നാളുകളിലാണ് ഞങ്ങളുടെ ജീവിതത്തിന്റെ പരിവര്‍ത്തനത്തിനായിട്ടെന്നന്ന പോലെ വീട്ടുപടിക്കല്‍ ഒരു അംബാസിഡര്‍ കാര്‍ വന്ന് നിന്നത്. കാറില്‍ നിന്നുമിറങ്ങിയ ആജാനുബാഹുവായ മനുഷ്യനെ ആദ്യം കണ്ടത് ഞാനാണ്. കണ്ട് പരിചയമുണ്ട്. പക്ഷേ എത്ര ആലോചിച്ചിട്ടും ആളെ പിടികിട്ടാതെ കണ്‍ഫ്യൂഷനില്‍ നില്‍ക്കുമ്പോഴാണ് ഉമ്മിച്ച പുറത്തേയ്ക്ക് വന്നത്. കാര്‍ വീട്ടുപടിക്കലെത്തുന്നത് അന്നൊക്കെ ഒരു വല്യ സംഭമായിരുന്നു. കാറിനൊപ്പം ചുറ്റുമുള്ള അയല്‍ക്കാരും വീട്ടിലേക്ക് വന്നു. എല്ലാവരും ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ സബീറിക്കാ എന്ന് ആര്‍ത്തലച്ച് വിളിച്ചുകൊണ്ട് ഉമ്മിച്ച ആജാനുബാഹുവായ മനുഷ്യനെ കെട്ടിപ്പിടിച്ചു. 'ഇതെന്റെ മൂത്ത ആങ്ങളയാ'. ചുറ്റിനും അന്തംവിട്ട് നിന്ന മനുഷ്യര്‍ ഒറ്റ വാക്കിലുള്ള ആ വിശദീകരണത്തില്‍ ത്യപ്തരാകത്തത് പോലെ പിന്നെയും അവിടെ ചുറ്റിപ്പറ്റി നിന്നു. അല്‍പം കഷണ്ടിയും കുറ്റിത്താടിയുമുള്ള മനുഷ്യനെ ഞാൻ അത്ഭുതത്തോടെ നോക്കിനിന്നു. തിളങ്ങുന്ന സില്‍ക്കിന്റെ കൂര്‍ത്തയും ഷൂസുമൊക്കെ അണിഞ്ഞ് ആഢ്യത്വം നിറഞ്ഞ ചുവടുവെയ്പുകളോടെ സബീര്‍മാമ പെഴ്‌സില്‍ നിന്നും നൂറിന്റെ നോട്ടുകളെടുത്ത് കാര്‍ഡ്രൈവര്‍ക്ക് കൊടുത്തു. വളരെ നാളുകള്‍ക്ക് കൂടപ്പിറപ്പിനെ കണ്ടതിന്റെ ആവേശത്തോടെയും അഭിമാനത്തോടെയും തല ഉയര്‍ത്തിപ്പിടിച്ച് ഉമ്മിച്ച ചുറ്റിനും കൂടിയവരെ നോക്കി. 'എത്ര നാളായെന്നറിയാവോ കണ്ടട്ട്' എന്ന് പറഞ്ഞ് ആങ്ങളയെ വീണ്ടും ചേര്‍ത്തുപിടിച്ച് വീടിനകത്തേയ്ക്ക് സ്വീകരിച്ചാനയിച്ചു.
ഒരു സ്യൂട്ട്‌കെയ്‌സ് നിറയെ സമ്മാനങ്ങളുമായി ബോംബെയില്‍ നിന്നായിരുന്നു മാമയുടെ വരവ്. പലതരം മധുര പലഹാരങ്ങള്‍. എനിക്കായി ഒരു കടും മഞ്ഞ ചുരിദാര്‍ മെറ്റീരിയല്‍. അനുജന് കുറെ ടീഷര്‍ട്ടുകള്‍ അങ്ങനെ കുറെയധികം സമ്മാനങ്ങള്‍ മാമ ഞങ്ങള്‍ക്കായി കരുതിയിരുന്നു. ജീവിതത്തില്‍ ആദ്യമായി ഇത്രയേറെ സമ്മാനങ്ങള്‍ ഒരുമിച്ച് കണ്ടപ്പോള്‍ എന്റെ കണ്ണ് മഞ്ഞളിച്ചു. മാമയുടെ ഡ്രസ്സടങ്ങിയ രണ്ടോ മൂന്നോ സ്യൂട്ട്‌കെയ്‌സ് കണ്ടപ്പോള്‍ ഉമ്മിച്ച സംശയത്തോടെ മാമയെ നോക്കി. 'കൊറച്ച് ദിവസം പെങ്ങടെ കൂടെ നിന്നട്ടെ ഞാന്‍ ബോംബക്ക് പോത്തൊള്ള്'. അതുകേട്ട് ഉമ്മിച്ചയ്ക്ക് സന്തോഷമായി. വീടിനകത്തേക്ക് കയറി നമ്പര്‍ ലോക്ക് കൊണ്ട് മാമ ഒരു സ്യൂട്ട്‌കെയ്‌സ് തുറന്നു. വേഷം മാറി അയഞ്ഞ ടീ ഷര്‍ട്ടും കൈലിയും ധരിച്ച് വന്ന മാമ സ്‌നേഹത്തോടെ എന്റെയും അനുജന്റെയും തലയില്‍ തലോടി. 'ഏത് ക്ലാസിലേ പഠിക്കുന്നേ'.
'അവളിപ്പം സ്‌കൂളിലല്ല, കോളേജിലാ പഠിക്കുന്നേ, കായംകുളത്ത്'.
'കോളേജിലായോ'.
മാമ അത്ഭുതപ്പെട്ടു .
ഉച്ചനേരമാണ്, ആങ്ങളയ്ക്ക് ഭക്ഷണം കൊടുക്കണം. ചോറും ചമ്മന്തിയുമായിരുന്നു അന്നത്തെ ഞങ്ങളുടെ ഉച്ചഭക്ഷണം. അത് മാത്രമായിട്ട് എങ്ങനെയാണ് വിളമ്പുന്നത്. 'ഒരു കാര്യം ചെയ്യ്, നീ പോയി സഫിയത്ത് കൊച്ചുമ്മാടെ കയ്യിന്ന് ഇച്ചിരി മീന്‍കറി മേടിച്ചോണ്ട് വാ'. അത് കേട്ടതും ഞാന്‍ മടിച്ച് മടിച്ച് കറി വാങ്ങാനായി പോയി. സഫിയത്ത് കൊച്ചുമ്മയുടെ വീട്ടിലെത്തി ആവശ്യം ഉന്നയിച്ചതും തലേന്നത്തെ കറിയാ, മുളക് കറിയായത് കൊണ്ട് കേടായില്ലന്നും പറഞ്ഞ് വെള്ള കുടുവന്‍പാത്രത്തില്‍ മീന്‍കറി തന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞതും 'ക്ഷീണം മാറ്റാനായി വീട്ടിലെ അത്യാഢംബരങ്ങളില്‍ ഒന്നായ പ്ലാസ്റ്റിക് വരിഞ്ഞ കട്ടിലില്‍ ഉമ്മിച്ച ഒരു ഷീറ്റ് വിരിച്ചിട്ട് കൊടുത്തതും. 'നല്ല യാത്രാക്ഷീണവൊണ്ട് പെങ്ങളേ' . എന്നും പറഞ്ഞ് മാമ ഉറങ്ങാന്‍ കിടന്നു. ഇതിനിടക്ക് ഉമ്മിച്ച എന്തൊക്കെയോ ചോദിച്ചു. മറുപടി ആദ്യം ചില മൂളലുകളില്‍ ഒതുക്കി,വളരെപ്പെട്ടന്ന് തന്നെ ആ മൂളലുകള്‍ കൂര്‍ക്കംവലിയായി പരിണമിച്ചു. ശ്വാസഗതിക്കനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന കുടവയറും നോക്കി കുറച്ച് നേരം ഞാന്‍ നിന്നു. 'ഒറങ്ങട്ടെ ശല്യം ചെയ്യരുത് അപ്പറത്ത് പോയിരിക്ക്'.ഉമ്മിച്ചയുടെ താക്കീത് നിറഞ്ഞ സ്വരവും മാമയുടെ കൂര്‍ക്കംവലിയുമൊക്കെ നല്‍കിയ ഒരുമാതിരിയുള്ള അസ്വസ്ഥതയില്‍ അടുക്കളവശത്തെ കട്ടകെട്ടിയ ചുമരും ചാരി ഞാന്‍ ഇരുന്നു.
അടുത്ത ദിവസം മാമ കായംകുളം ചന്തയില്‍ പോയി കുറേ പലചരക്ക് സാധനങ്ങളും ബേക്കറി പലഹാരവുമൊക്കെ വാങ്ങി കൊണ്ട് വന്നു. പിന്നീട് അനുജനെയും കൂട്ടി മീന്‍ മാര്‍ക്കറ്റില്‍ പോയി നല്ല മുഴത്ത നെമ്മീനും മേടിച്ച് കൊണ്ട് വന്നു. മാമ തന്നെ പാചകം ചെയ്തു. വീടാകെ ബഹളമയമായി. ഒന്നു രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ മാമ എവിടേയ്ക്കോ പോയി. ഒന്നോ രണ്ടോ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മടങ്ങിവന്നു. ആയിടയ്ക്ക് തന്നെ മാമയെ കാണാനായി പല ആള്‍ക്കാരും വീട്ടിലേക്ക് വരാനും തുടങ്ങി. ചിലര്‍ മണിക്കൂറുകളോളം മാമയുമായി സംസാരിച്ചിരിക്കുന്നത് കണ്ടു. പലരും ബഹുമാനപൂര്‍വ്വമാണ് മാമയോട് ഇടപെട്ടിരുന്നത്.
ഒരു ദിവസം രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന മാമ ഞെട്ടി വിറച്ച് എഴുന്നേറ്റു. ശരീരം വില്ല് പോലെ വളഞ്ഞ് നിന്നു. ശബ്ദം ഉയര്‍ന്നു, കണ്ണുകള്‍ മിഴിച്ചു. അത് കണ്ട് ഭയന്ന് ഞാനും അനുജനും നിലവിളിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടികൂടി. പൊടുന്നനെ മാമ ശാന്തനായി കണ്ണടച്ചിരുന്നു. ഓടികൂടിയ നാട്ടുകാരെ നോക്കി പലതും പ്രവചിക്കാന്‍ തുടങ്ങി. ചിലതൊക്കെ സത്യമായിരുന്നു. അതോടെ അതീത ശക്തികളുടെ അനുഗ്രഹം ബാധിച്ച മാമ നാട്ടില്‍ പ്രശസ്തനായി. അതിന്റെ തുടര്‍ച്ചയായി ചെറിയ മന്ത്രവാദം തുടങ്ങി. ചില പൊടിക്കൈകളും മാമയ്ക്ക് വശമായിരുന്നു. ഒരിക്കല്‍ ത്വക്ക്രോഗം ബാധിച്ച ഒരു പെണ്‍കുട്ടിക്ക് ഏന്തോ നെയ്യ് സേവിക്കാന്‍ കൊടുത്തു. അതോടെ അസുഖം മാറിയെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നാടാകെ പറഞ്ഞു പരത്തിയതോടെ പല നാടുകളില്‍ നിന്നുള്ള ആള്‍ക്കാരും വീട്ടില്‍ ചികിത്സ തേടിയെത്തി. വീടു വിട്ടും ചികിത്സകളുമായി മാമ സഞ്ചരിക്കാന്‍ തുടങ്ങ. തെന്മലയും ആര്യന്‍ങ്കാവുമൊക്കെ മാമയുടെ ഇടത്താവളങ്ങളായി.
ചികിത്സയും മന്ത്രവും ചരടുമൊക്കെ സ്വൈര്യം കെടുത്തിയ ഒരു ദിവസം എന്റെ യുക്തിക്ക് അനുസരിച്ച് ഒരിക്കല്‍ മാമയെ ഞാന്‍ ചോദ്യം ചെയ്തു. അത് ഇഷ്ടപ്പെടാതെ നീ ആരോടാണ് കളിക്കുന്നത് എന്ന ചോദ്യം കേട്ട് ഭയന്നുപോയ ഉമ്മിച്ച മാമയുടെ മന്ത്രശക്തിയില്‍ എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയന്ന് എനിക്ക് വേണ്ടി മാമയോട് മാപ്പ് ചോദിച്ചു. അതില്‍ സംപ്രീതനായ മാമ എന്നെയും ഉമ്മയെയും അനുഗ്രഹിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം എന്തൊക്കെയോ നിഗൂഢതകളില്‍ നിന്നെന്ന പോലെ മാമ എവിടെയോ അപ്രത്യക്ഷനായി. അപ്പോഴും മാമയുടെ അതീന്ദ്രിയ ശക്തിയില്‍ വിശ്വാസമര്‍പ്പിച്ച് പല ആള്‍ക്കാരും മാമയെ തിരക്കി വീട്ടില്‍ വന്നുകൊണ്ടിരുന്നു. ഒന്നു രണ്ട് മാസങ്ങളായിട്ടും മാമയുടെ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. ഒരു പുലര്‍ച്ചെയില്‍ വണ്ടിയുടെ ഹോണടി കേട്ട് ഉണര്‍ന്നപ്പോള്‍ തികച്ചും നാടകീയമായെന്ന പോലെ മാമ ഒരു ഒരു ഓട്ടോയില്‍ വീണ്ടും വീടിന് മുന്നില്‍ പ്രത്യക്ഷനായി. മാമയ്ക്ക് മുന്നേ ഒരു ടെമ്പോ വാനാണ് ആദ്യം വീടിന് മുറ്റത്തേയ്ക്ക് വന്ന് നിന്നത്. തവിട്ട് നിറത്തിലുള്ള എല്ലും തോലുമായ ഒരു പശു വാനിനുള്ളില്‍ പേടിച്ചരണ്ട് നില്‍ക്കുന്നു. എന്തൊക്കെയാ സംഭവിക്കുന്നതെന്നറിയാതെ വായും പൊളിച്ച് നില്‍ക്കുമ്പോള്‍ മാമ മുന്‍കൈയെടുത്ത് പശുവിനെ പുറത്തേക്കിറക്കി. 'പെങ്ങളേ കൊറച്ച് കഞ്ഞിവെള്ളം കൊടുക്ക്'. എന്ന് പറഞ്ഞിട്ട് മാമ പഴയപടി വേഷം മാറി നല്ല ക്ഷീണമെന്നും പറഞ്ഞ് ഉറങ്ങാന്‍ കിടന്നു.
ഉടലാകെ ചെള്ളുമായിട്ട് തെന്‍മലയില്‍ നിന്നുമായിരുന്നു പശുവിന്റെ എന്‍ട്രി. വേപ്പണ്ണ വാങ്ങി ആകെ തേച്ചുപിടിപ്പിച്ച് കുളിപ്പിച്ച് പശുവിനെ കുട്ടപ്പിയാക്കി. വയറ് നിറയെ തീറ്റ കൊടുത്തു. വീടിന് പിന്നില്‍ കഴുക്കോലിറക്കി എരിത്തിലുണ്ടാക്കി സുഖവാസത്തിനുള്ള സൗകര്യമൊരുക്കി. മാമ തന്നെ ഒരു ലോഡ് കച്ചിയിറക്കി വീടിന് പിന്നില്‍ തുറുവിട്ടു തന്ന. അങ്ങനെ പശുജീവിതം സുഖം സ്വസ്ഥം. നാളുകള്‍ പോകെ മാമ വീണ്ടും അപ്രത്യക്ഷനായി. പശു മിനുങ്ങി വന്നു. തടിച്ച് സുന്ദരിയായി. കൂട്ടത്തില്‍ വയറും വീര്‍ത്ത് വന്നു. മിനുങ്ങലിന്റെ ഭാഗമായിട്ടുള്ള വയറ് വീര്‍പ്പാണെന്ന് കരുതി ആരുമത് അധികം ശ്രദ്ധിച്ചില്ല. ഒരു പുലര്‍ച്ചയില്‍ കിടാവിന്റെ കരച്ചിലും പശുവിന്റെ അമറലും കേട്ടാണ് വീടുണര്‍ണത്. ചെന്ന് നോക്കുമ്പോള്‍ കിടാവിനെ നക്കിത്തോര്‍ത്തുന്ന പശുവിനെ കണ്ട് എല്ലാവരും അന്തം വിട്ട് നിന്നു .
വളരെ ആകസ്മികമായി മറ്റൊരു വരുമാനമാര്‍ഗ്ഗം കൂടി ലഭിച്ച സന്തോഷത്തില്‍ ഉമ്മിച്ച പശുവിന്റെ കാര്യമായി ശ്രദ്ധിക്കാന്‍ തുടങ്ങി. പാല് വിറ്റ് കിട്ടിയ പൈസ കൂട്ടി വെച്ച് ഒരു ചിട്ടിക്ക് ചേര്‍ന്നു. ഒരു ദിവസം പശുവിനെ കുളിപ്പിച്ച് കൊണ്ട് നില്‍ക്കുമ്പോള്‍ വീണ്ടുമൊരു അംബാസിഡര്‍ കാര്‍ വീടിന് മുന്നില്‍ വന്ന് നിന്നു. ആര്യങ്കാവില്‍ നിന്ന് വന്ന സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന സംഘമായിരുന്നു വാഹനത്തില്‍. മാമയെ തിരക്കി വന്നതാണ്. കാര്യമറിയാതെ അമ്പരന്ന് നില്‍ക്കുമ്പോള്‍ കൂട്ടത്തിലെ സ്ത്രീ കരച്ചിലോടെ വീടിന്റെ തിണ്ണയില്‍ ഇറങ്ങിയിരുന്നു.
സ്ത്രീയില്‍ നിന്നും ഉമ്മിച്ച കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. വിസ നല്‍കാമെന്ന വാഗ്ദാനത്തില്‍ പത്തോളം ആള്‍ക്കാരില്‍ നിന്നും മാമ പണം കൈപ്പറ്റിയിരുന്നു. അതില്‍ ഏഴോളം ആള്‍ക്കാര്‍ക്ക് വിസ നല്‍കുകയും ചെയ്തു. ബാക്കി വന്ന മൂന്നാള്‍ക്കാര്‍ക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് ബോംബയിലേക്ക് പോയ മാമയെക്കുറിച്ച് യാതൊരു വിവരങ്ങളും ഇല്ലാതായപ്പോള്‍ തിരക്കി വന്നതാണ്. വീട്ടിലെ അഡ്രസ്സായിരുന്നു അവര്‍ക്ക് നല്‍കിയിരുന്നത്. അതോടെ പിന്നീട് മാമയെ കണ്ടുപിടിക്കേണ്ടത് ഉമ്മിച്ചയുടേയും ഉത്തരവാദിത്ത്വമായി. ഏറെ അന്വേഷിച്ചിട്ടും വിവരങ്ങള്‍ ലഭിക്കാതായപ്പോള്‍ പശുവിനെയും കുട്ടിയേയും ആദ്യം വിറ്റു. ആ തുക കൊണ്ട് രണ്ടാള്‍ക്കാരുടെ ഇടപാട് തീര്‍ത്തു. ഒടുവില്‍ വളരെ നാളത്തെ അധ്വാനത്താല്‍ സ്വരുകൂട്ടിയ കഴുത്തിലെ ഇത്തിരി പൊന്ന് കൂടി വിറ്റ് ഇടപാടുകള്‍ തീര്‍ത്ത. കാലവര്‍ഷകൊടുങ്കാറ്റില്‍ ഉലഞ്ഞത് പോലെ ആ സംഭവം ഞങ്ങളുടെ ജീവിതത്തെ ഉലച്ചു. അപ്പോഴതാ വരുന്നു ഒരു കത്ത്. മാമയുടേതാണ് .
'പ്രിയപ്പെട്ട പെങ്ങളേ, പെങ്ങള്‍ക്കും മക്കള്‍ക്കും സുഖമാണന്ന് വിശ്വസിക്കുന്നു. കാര്യങ്ങളൊക്കെ ഞാന്‍ അറിഞ്ഞു.അടുത്തുതന്നെ ഞാന്‍ ഒരു മാല വാങ്ങി തരാം. പെങ്ങള് വിഷമിക്കരുത്. ഞാന്‍ നാട്ടില്‍ വരുമ്പോള്‍ കാണാം. സ്‌നേഹത്തോടെ സബീര്‍ കുട്ടി.'
അഞ്ചോ ആറോ മാസങ്ങള്‍ നീണ്ട് നിന്ന സംഭവബഹുലമായ ദിവസങ്ങളുടെ കൊട്ടിക്കലാശമെന്ന പോലെയോ കണ്‍ഫ്യൂഷന്‍ എന്ന പോലെയോ വന്ന കത്തിന്റെ വരികള്‍ ഞാന്‍ വായിച്ച് കേള്‍പ്പിക്കുമ്പോള്‍ ഉമ്മിച്ചയിലെ പെണ്‍സിംഹം സടകുടഞ്ഞ് എഴുന്നേറ്റു.
'പിന്നേ ഇവിടെ പൈസേം വേണ്ട, കത്തും വേണ്ട, വരികേം വേണ്ട. ഇവിടാര്‍ക്കും ഒരു വെഷമോവില്ല.'
പക്ഷേ, മാമ വാക്ക് പാലിച്ചു. ഒരു വര്‍ഷമൊക്കെ കഴിഞ്ഞപ്പോള്‍ പോയ ഒന്നര പവന് പകരം രണ്ട് പവന്റെ ഒരു പിരിയന്‍ മാല ബന്ധുവിന്റെ കൈവശം ഉമ്മിച്ചയ്ക്ക് എത്തിച്ചുകൊടുത്തു. പിന്നീട് മുംബൈയില്‍ തന്നെ സ്ഥിരതാമസമാക്കിയ മാമയെ വര്‍ഷങ്ങള്‍ക്കുശേഷം കണ്ട് മുട്ടുമ്പോള്‍ നീട്ടി വളര്‍ത്തിയ മുടിയും താടിയുമൊക്കെയായി ആത്മീയ പരിവേഷത്തിലായിരുന്ന. ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഇത്രയും ഫ്രെയിമുകളോ എന്ന് അന്തിച്ച് നില്‍ക്കുമ്പോള്‍ മാമ ഒരു ദീര്‍ഘനിശ്വാസം വിട്ടു. അതെയെന്നോ അല്ലന്നോ അര്‍ത്ഥത്തില്‍...
Content Highlights: Explore a compelling narrative of development, personal dreams, and unexpected betrayals. A journey through Jaseena rahim life`s challenges and the enduring spirit of a family.
Published: 30 Oct 2025, 10:28 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented