കോഴിക്കോട്: 2025-ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി ജസീന റഹീം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ജസീന റഹീമിന്റെ 'അത്രമേല്‍ ഒരു പെണ്ണില്‍' എന്ന പുസ്തകത്തിനാണ് പ്രത്യേക പരാമര്‍ശം. 

To advertise here,

ഓഗസ്റ്റ് -2 രാവിലെ 10 മണിക്ക് കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. അടൂര്‍ ഗോപാലകൃഷണന്‍, പ്രഭാ വര്‍മ, ജോസ് പനച്ചിപ്പുറം, ഡോ. പ്രമീളാദേവി എന്നിവര്‍ പങ്കെടുക്കും. 

പുരസ്‌കാരം നേടിയ മറ്റ് കൃതികള്‍ 
നോവല്‍ (മികച്ച കൃതി) ആനോ- ജി.ആര്‍. ഇന്ദുഗോപന്‍
യുവ എഴുത്തുകാര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം: പരന്ത്രീസ് കുഴല്‍ - അഭിനാഷ് തുണ്ടുമണ്ണില്‍
കഥ (മികച്ച കൃതി): പടക്കം - വര്‍ഗ്ഗീസ് അങ്കമാലി
പ്രത്യേക ജൂറി പുരസ്‌കാരം: സെര്‍ട്ടോ ഏലിയോസ് ഐസക്ക് ഈപ്പന്‍
കവിത (മികച്ച കൃതി): കാവ്യ പ്രകാശം- നാലപ്പാടം പത്മനാഭന്‍
യുവഎഴുത്തുകാര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം: കരയാത്ത കടല്‍: എന്‍.എസ്. സുമേഷ് കൃഷ്ണന്‍ 
ഓര്‍മക്കുറിപ്പ് (മികച്ച കൃതി): ശിവപുരത്തെ ശാന്തിക്കാരന്‍- വിജയകൃഷ്ണന്‍
യുവ എഴുത്തുകാര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം: സന്ധ്യ മുതല്‍ സന്ധ്യ വരെ- ഫെബിന

10,001 രൂപ കാഷ് അവാര്‍ഡും ഫലകവും ബഹുമതി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രത്യേക പുരസ്‌കാരങ്ങളും ജൂറി പരാമര്‍ശവും ശുപാര്‍ശ ചെയ്ത രചനകള്‍ക്ക് ഫലകവും ബഹുമതിപത്രവും സമ്മാനിക്കും. 

2023 ജൂലൈ ഒന്നിനും 2025 ജൂണ്‍ 30-നുമിടയ്ക്ക് ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച നോവല്‍, കഥ, കവിത, ഓര്‍മക്കുറിപ്പ് എന്നീ വിഭാഗങ്ങളിലെ രചനകളാണ് പുരസ്‌കാരങ്ങള്‍ക്ക് പരിഗണിച്ചത്. 

കെ.വി. മോഹന്‍ കുമാറിന്റെ അധ്യക്ഷതയില്‍ ഡോ. ബെറ്റിമോള്‍ മാത്യു, ഡോ. പോള്‍ മണലില്‍, സി. റഹീം, ഡോ. റോയ് മാത്യു എം. എന്നിവര്‍ അംഗങ്ങളും അനില്‍ പെണ്ണുക്കര കണ്‍വീനറുമായ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.