
ബിൽഡർബെർഗ് ഗ്രൂപ്പ് (Bilderberg Group) ഒരു സർക്കാരോ കോർപ്പറേറ്റ് സ്ഥാപനമോ അല്ല, എങ്കിലും ലോകനേതാക്കൾ, ടെക് ഭീമന്മാർ, രാജകുടുംബാംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ, വ്യവസായികൾ, ബാങ്കർമാർ, മാധ്യമ മുതലാളിമാർ തുടങ്ങിയവർ സംഗമിക്കുന്ന ഒരു രഹസ്യ വേദിയാണിത്. ക്യാമറകളോ പത്രക്കുറിപ്പുകളോ ഇല്ലാതെ കനത്ത സുരക്ഷയിൽ നടക്കുന്ന ഈ സംഗമങ്ങളിൽ ഓരോ വർഷവും ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്ന 120 മുതൽ 150 വരെ പ്രമുഖർ പങ്കെടുക്കും. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്തതും അതീവ രഹസ്യസ്വഭാവമുള്ളതുമായതിനാൽ പലരും ഇതിനെ ഒരു രഹസ്യ സംഘടന എന്നാണ് വിശേഷിപ്പിക്കുന്നത്.
1954-ൽ നെതർലാൻഡ്സിലെ ഓസ്റ്റർബീക്കിലുള്ള 'ഹോട്ടൽ ഡി ബിൽഡർബെർഗിൽ' ആദ്യ യോഗം നടന്നതിനാലാണ് ഗ്രൂപ്പിന് ഈ പേര് ലഭിച്ചത്. ശീതയുദ്ധകാലത്ത് അമേരിക്കയും പശ്ചിമ യൂറോപ്പും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും മറ്റൊരു ആഗോള സംഘർഷം ഒഴിവാക്കുകയും ചെയ്യുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം.
'ചാതം ഹൗസ് റൂൾ' (Chatham House rule) പ്രകാരമാണ് യോഗങ്ങൾ നടക്കുന്നത്. അതായത്, ഇവിടെ സംസാരിക്കുന്ന കാര്യങ്ങൾ പങ്കെടുക്കുന്നവർക്ക് പുറത്ത് ഉപയോഗിക്കാമെങ്കിലും ആരാണ് പറഞ്ഞതെന്ന് വെളിപ്പെടുത്താൻ പാടില്ല. മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ല. ഹോട്ടലുകളും പരിസരവും ദിവസങ്ങളോളം കനത്ത പോലീസ്-സൈനിക സുരക്ഷയിലായിരിക്കും. സമ്മർദ്ദങ്ങളില്ലാതെ തുറന്ന ചർച്ചകൾ നടത്താൻ ഇത് സഹായിക്കുമെന്ന് അനുകൂലിക്കുന്നവർ പറയുമ്പോൾ, യാതൊരു ഉത്തരവാദിത്തവുമില്ലാതെ അജണ്ടകൾ നടപ്പിലാക്കാനുള്ള ഉന്നതരുടെ മറയായാണ് വിമർശകർ ഇതിനെ കാണുന്നത്.
also read : ഇല്ലുമിനാറ്റി മാറിനിൽക്കും, അശോക ചക്രവർത്തിയുടെ ഈ സീക്രട്ട് ഏജന്റുമാരുടെ മുന്നിൽ
ജനാധിപത്യത്തിന്റെ മറവിൽനിന്ന് ലോകത്തെ നിയന്ത്രിക്കുന്ന 'നിഴൽ സർക്കാർ' ആണ് ബിൽഡർബെർഗ് എന്നാണ് പ്രധാന ആരോപണം. യൂറോപ്യൻ യൂണിയന്റെ രൂപീകരണം, 'യൂറോ' കറൻസിയുടെ വരവ്, ഭാവിയിലെ ലോകനേതാക്കളെ തിരഞ്ഞെടുക്കൽ എന്നിവയെല്ലാം ഇവിടെയാണ് തീരുമാനിക്കപ്പെടുന്നതെന്ന് ഗൂഢാലോചന സിദ്ധാന്തക്കാർ വിശ്വസിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ബാങ്കർമാരും ഫാർമസ്യൂട്ടിക്കൽ-ടെക്-ഊർജ്ജ കമ്പനികളുടെ മേധാവികളും ഇവിടെ ഒത്തുകൂടുന്നു. ട്രില്യൺ കണക്കിന് ഡോളർ ആസ്തിയുള്ള ഇവർ രഹസ്യമായി ചർച്ച ചെയ്യുമ്പോൾ അത് ആഗോള വിപണിയെയും സാമ്പത്തിക നയങ്ങളെയും ബാധിക്കില്ലേ എന്ന ചോദ്യം സ്വാഭാവികമാണ്. എന്നാൽ ഇവിടെ നയപ്രഖ്യാപനങ്ങളോ വോട്ടെടുപ്പുകളോ നടക്കുന്നില്ലെന്നും ലോകനേതാക്കൾക്ക് ആശയവിനിമയം നടത്താനുള്ള വേദി മാത്രമാണിതെന്നും സംഘാടകർ വ്യക്തമാക്കുന്നു.
മുൻകാലങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങൾ ഇത് ശ്രദ്ധിച്ചിരുന്നില്ലെങ്കിലും ഇന്ന് സ്വതന്ത്ര മാധ്യമപ്രവർത്തകരും ഓൺലൈൻ നിരീക്ഷകരും യോഗങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. രാജ്യങ്ങളുടെ അതിർത്തികൾക്കപ്പുറം സാമ്പത്തിക-രാഷ്ട്രീയ താല്പര്യങ്ങളുള്ള ഉന്നതരുടെ ഗ്രൂപ്പാണിത്. സമ്പദ്വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുടങ്ങിയവയിലെ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇവർക്ക് പങ്കുണ്ടെന്ന് വിമർശകർ കരുതുന്നു. ലോകത്ത് ഏകീകൃത ഭരണം (New World Order) കൊണ്ടുവരാൻ ശ്രമിക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. ആഗോള സാമ്പത്തിക മാന്ദ്യങ്ങൾ, യുദ്ധങ്ങൾ, തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്നിവ നിയന്ത്രിക്കുന്നതും ഈ സംഘമാണെന്ന് ചിലർ വിശ്വസിക്കുന്നു.
ALSO READ :ചൈനീസ് കറുപ്പ് കള്ളക്കടത്ത് മുതൽ സി.ഐ.എ. വരെ: ലോകഗതി നിർണ്ണയിച്ച 'സ്കൾ ആൻഡ് ബോൺസ്' സംഘം
ബിൽ ക്ലിന്റൺ (1991), ടോണി ബ്ലെയർ (1993), ഇമ്മാനുവൽ മാക്രോൺ (2014), ജസ്റ്റിൻ ട്രൂഡോ തുടങ്ങിയവർ തങ്ങളുടെ രാജ്യങ്ങളുടെ നേതൃസ്ഥാനത്തേക്ക് ഉയരുന്നതിന് തൊട്ടുമുമ്പ് ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിംഗർ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, മുൻ ജർമ്മൻ ചാൻസലർ അംഗല മെർക്കൽ തുടങ്ങിയവരും യോഗങ്ങളിൽ പങ്കെടുത്തിട്ടുള്ളവരാണ്. ജനാധിപത്യ തിരഞ്ഞെടുപ്പുകൾ വെറുമൊരു നാടകം മാത്രമാണെന്നും, യഥാർത്ഥ വിജയികളെ വർഷങ്ങൾക്കുമുമ്പുതന്നെ ബിൽഡർബെർഗ് യോഗങ്ങളിൽവെച്ച് തീരുമാനിക്കുന്നുവെന്നും ആരോപണമുണ്ട്.
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, സി.ഇ.ഒ സത്യ നദെല്ല, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ഗൂഗിൾ മുൻ സി.ഇ.ഒ എറിക് ഷ്മിറ്റ്, ഓപ്പൺഎഐ സി.ഇ.ഒ സാം ആൾട്ട്മാൻ, പേപാൽ സഹസ്ഥാപകൻ പീറ്റർ തീൽ, പ്രശസ്ത അമേരിക്കൻ ബാങ്കറും വ്യവസായിയുമായ ഡേവിഡ് റോക്ക്ഫെല്ലർ തുടങ്ങിയവരാണ് ഇതിൽ പങ്കെടുത്തിട്ടുള്ള പ്രമുഖ ടെക് ഭീമന്മാരും വ്യവസായികളും.
ചർച്ചകളുടെ വിശദാംശങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കാറുണ്ടെങ്കിലും ഓരോ വർഷവും സമ്മേളനത്തിന് തൊട്ടുമുമ്പ് പ്രധാന വിഷയങ്ങളുടെ അജണ്ട സംഘാടകർ പുറത്തുവിടാറുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, ചൈന-തായ്വാൻ ബന്ധം, യൂറോപ്പിന്റെയും വടക്കേ അമേരിക്കയുടെയും സൈനിക സഹകരണം, പ്രതിരോധ ചെലവുകൾ, സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയും സുരക്ഷാ നിയമങ്ങളും, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബഹിരാകാശ ഗവേഷണം, ആഗോള സാമ്പത്തിക പ്രതിസന്ധികൾ, ഡിജിറ്റൽ കറൻസികളുടെ ഭാവി, ഹരിത ഊർജ്ജത്തിലേക്കുള്ള മാറ്റം, വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകൾ, സോഷ്യൽ മീഡിയ പൊതുജനാഭിപ്രായത്തെ എങ്ങനെ സ്വാധീനിക്കുന്നു തുടങ്ങിയ ഒട്ടേറെ വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യപ്പെടുന്നു.
പ്രമുഖ ഇന്ത്യൻ വ്യവസായിയായിരുന്ന രാഹുൽ ബജാജ് 1990-കളിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തതായി അനൗദ്യോഗിക റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക രേഖകളിൽ ഇന്ത്യൻ പൗരന്മാരുടെ പേരുകൾ സാധാരണയായി വരാറില്ല. ഏഷ്യൻ രാജ്യങ്ങളെ സംബന്ധിച്ചുള്ള പ്രത്യേക ചർച്ചകൾ വരുമ്പോൾ മാത്രമാണ് അപൂർവ്വമായി ഈ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരെ ക്ഷണിക്കുന്നത്. ഈ പരിമിതി മറികടക്കാൻ ബിൽഡർബെർഗ് സ്ഥാപകരിലൊരാളായ ഡേവിഡ് റോക്ക്ഫെല്ലർ പിന്നീട് രൂപീകരിച്ച 'ട്രൈലാറ്ററൽ കമ്മീഷനിൽ' (Trilateral Commission) പ്രമുഖരായ പല ഇന്ത്യൻ വ്യവസായികളും രാഷ്ട്രീയക്കാരും അംഗങ്ങളാണ്.
റെഡ്ഡിറ്റ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലും ഡാർക്ക് വെബ്ബിലെ (Dark web) ഫോറങ്ങളിലും ബിൽഡർബെർഗ് ഗ്രൂപ്പിനെ ലോകത്തിന്റെ 'ഡയറക്ടർ ബോർഡായാണ്' വിശേഷിപ്പിക്കുന്നത്. ആഗോള സംഘർഷങ്ങളും സാമ്പത്തിക തകർച്ചകളും യാദൃച്ഛികമായി സംഭവിക്കുന്നതല്ലെന്നും സമ്പത്ത് കുന്നുകൂട്ടുന്നതിനും അതിർത്തികൾ മാറ്റിവരയ്ക്കുന്നതിനും വേണ്ടി കൃത്രിമമായി സൃഷ്ടിക്കുന്നതാണെന്നുമാണ് ഇവരുടെ വാദം.
സാധാരണ ജനങ്ങളെ 'ഉപയോഗശൂന്യരായ ഭക്ഷകർ' (Useless eaters) ആയി കാണുന്ന വരേണ്യവർഗ്ഗം ജനസംഖ്യ കുറയ്ക്കാനുള്ള അജണ്ടകൾ ഏകോപിപ്പിക്കാൻ ബിൽഡർബെർഗിനെ ഉപയോഗിക്കുന്നുവെന്നും ഡാർക്ക് വെബ് ചർച്ചകളിൽ വാദമുയരുന്നുണ്ട്. കൃത്രിമമായി സൃഷ്ടിക്കുന്ന മഹാമാരികൾ, ഭക്ഷ്യ വിതരണ കുത്തകകൾ, പൗരന്മാരെ നിയന്ത്രിക്കാനുള്ള ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുമായി ഈ യോഗങ്ങൾക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. ദേശീയ പരമാധികാരം ഇല്ലാതാക്കി ഏകീകൃത ഡിജിറ്റൽ കറൻസിയുള്ള ഒരൊറ്റ ഏകാധിപത്യ ആഗോള സർക്കാർ രൂപീകരിക്കുക എന്നതാണ് ഇവരുടെ അന്തിമ ലക്ഷ്യമെന്നും പറയപ്പെടുന്നു. ബിൽഡർബെർഗിനെ ബൊഹീമിയൻ ഗ്രോവ്, ഇല്ലുമിനാറ്റി തുടങ്ങിയവയെക്കുറിച്ചുള്ള സിദ്ധാന്തങ്ങളുമായി കൂട്ടിച്ചേർത്തും കഥകൾ പ്രചരിക്കുന്നുണ്ട്. ഡയാന രാജകുമാരിയുടെ മരണവുമായിപ്പോലും ബിൽഡർബെർഗിന് ബന്ധമുണ്ടെന്ന് ആരോപിക്കുന്നവരുണ്ട്.
മഹാമാരികളെയും മറ്റും കുറിച്ചുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് വ്യക്തമായ തെളിവുകളില്ലെങ്കിലും ബിൽഡർബെർഗിനെതിരെയുള്ള ന്യായമായ വിമർശനങ്ങൾ ശക്തമാണ്. ജനപ്രതിനിധികൾ, കോടീശ്വരന്മാർ, എണ്ണക്കമ്പനി മേധാവികൾ തുടങ്ങിയവരുമായി സുതാര്യതയില്ലാതെ രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നത് ജനാധിപത്യ ഉത്തരവാദിത്തത്തിന് വിരുദ്ധമാണെന്നാണ് പ്രധാന വിമർശനം. ലോകം കീഴടക്കാൻ ഗൂഢാലോചന നടത്തുന്ന നിഗൂഢ സംഘം എന്നതിനേക്കാൾ, ലോകത്തെ സമ്പന്നരും ശക്തരുമായ ആളുകൾ തങ്ങളുടെ ലോകവീക്ഷണം ഊട്ടിയുറപ്പിക്കുന്ന വേദിയായാണ് മിക്ക രാഷ്ട്രീയ നിരീക്ഷകരും ഇതിനെ കാണുന്നത്. ഇത് സ്വാഭാവികമായും ആഗോള നയങ്ങളെ അവർക്ക് അനുകൂലമായി രൂപപ്പെടുത്താൻ ഇടയാക്കുന്നു.
ചില ചരിത്ര സംഭവങ്ങൾ ഈ യോഗങ്ങളുടെ സ്വാധീനം വ്യക്തമാക്കുന്നതാണ്. 2002-ൽ അമേരിക്കയിലെ വെർജീനിയയിൽ നടന്ന സമ്മേളനത്തിന്റെ വിവരങ്ങൾ പ്രമുഖ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായ ജിം ടക്കർ പുറത്തുകൊണ്ടുവന്നിരുന്നു. 2002-ൽത്തന്നെ ഇറാഖിനെ ആക്രമിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് തീരുമാനിച്ചിരുന്നുവെങ്കിലും, യൂറോപ്യൻ നേതാക്കളുടെ ശക്തമായ എതിർപ്പുകാരണം ആക്രമണം 2003 വസന്തകാലത്തേക്ക് നീട്ടിവെക്കാൻ ബിൽഡർബെർഗ് യോഗത്തിൽ ധാരണയായി. പിന്നീട് 2003 മാർച്ചിൽത്തന്നെ യുദ്ധം ആരംഭിച്ചത് ഈ റിപ്പോർട്ടിന്റെ വിശ്വാസ്യത വർദ്ധിപ്പിച്ചു.
1973 മെയ് മാസത്തിൽ സ്വീഡനിലെ സാൾട്ട്സ്ജോബാഡനിൽ നടന്ന യോഗത്തിൽ ആഗോള എണ്ണവിലയിൽ 400% വരെ വർദ്ധനവുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് എണ്ണക്കമ്പനി മേധാവികളും ബാങ്കർമാരും ചർച്ച ചെയ്തു. ഈ യോഗം കഴിഞ്ഞ് അഞ്ചുമാസത്തിന് ശേഷമാണ് ലോകത്തെ പിടിച്ചുലച്ച '1973 എണ്ണ പ്രതിസന്ധി' (Oil Crisis) ഉണ്ടായത്. 2006-ൽ കാനഡയിലെ ഒട്ടാവയിൽ നടന്ന യോഗത്തിൽ അമേരിക്കയിലെ ഭവന വിപണി (Housing Market) തകരാൻ പോകുന്നുവെന്നും അത് വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും പ്രമുഖ ബാങ്കർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. കൃത്യം രണ്ടുവർഷത്തിനുശേഷം 2008-ൽ ലോകം ആ മഹാമാന്ദ്യത്തിന് സാക്ഷ്യം വഹിച്ചു.
1955 സെപ്റ്റംബറിൽ പശ്ചിമ ജർമ്മനിയിൽ നടന്ന ബിൽഡർബെർഗ് യോഗത്തിന്റെ രഹസ്യരേഖകൾ വിക്കിലീക്സ് പുറത്തുവിട്ടിരുന്നു. യൂറോപ്യൻ രാജ്യങ്ങൾക്കായി പൊതുവായ വിപണിയും (European Common Market) കറൻസിയും രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ യോഗത്തിൽ ധാരണയിലെത്തിയിരുന്നു. 1957-ലെ 'റോം ഉടമ്പടി'യിലൂടെ യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റി രൂപീകരിക്കുന്നതിനും, പിന്നീട് 'യൂറോ' നിലവിൽ വരുന്നതിനും വർഷങ്ങൾക്കുമുമ്പുതന്നെ ഇതിന്റെ ബ്ലൂപ്രിന്റ് ബിൽഡർബെർഗ് യോഗത്തിൽ തയ്യാറാക്കിയിരുന്നുവെന്ന് ഈ രേഖകൾ തെളിയിക്കുന്നു. യൂറോ കറൻസി രൂപീകരിക്കുന്നതിൽ തങ്ങളുടെ യോഗങ്ങൾ വലിയ പങ്കുവഹിച്ചതായി 2009-ൽ ബിൽഡർബെർഗ് ചെയർമാനായിരുന്ന എറ്റിയൻ ഡാവിഗ്നൻ പരസ്യമായി സമ്മതിച്ചിട്ടുണ്ട്. 2010-ൽ വിക്കിലീക്സ് പുറത്തുവിട്ട രേഖകളിൽ, നാറ്റോ (NATO) സഖ്യത്തിന് പൊതുജന പിന്തുണ നേടിയെടുക്കുന്നതിനായി മാധ്യമങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നതായും വ്യക്തമാക്കുന്നുണ്ട്.
Content Highlights: Bilderberg Group is an exclusive, highly secure annual meeting of 120-150 global elites, politicians, and tech titans., Operates under the Chatham House Rule with strict media bans and heavy security., Critics accuse it of acting as a shadow government, while organizers claim it is merely a discussion forum., Historical records and leaked documents show past discussions anticipated major global events like the 1973 oil crisis and the creation of the Euro.
Published: 18 Nov 2026, 01:18 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented