കുറഞ്ഞ ചെലവിൽ അതിവേഗം പുതിയ ഡിസൈനുകൾ രൂപകൽപ്പന ചെയ്ത് വിപണിയിലെത്തിക്കുന്ന 'ഫാസ്റ്റ് ഫാഷൻ' വ്യവസായം ലോകമെമ്പാടും സൃഷ്ടിക്കുന്ന പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതങ്ങൾ അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലോകത്തിലെ ആകെ കാർബൺ ബഹിർഗമനത്തിന്റെ ഏകദേശം 10 ശതമാനവും വസ്ത്രനിർമാണ മേഖലയിൽനിന്നാണെന്നും അന്താരാഷ്ട്ര വിമാന സർവീസുകളുടെയും കപ്പൽ ഗതാഗതത്തിന്റെയും സംയുക്ത ബഹിർഗമനത്തേക്കാൾ കൂടുതലാണ് ഇതെന്നും ഈ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. വ്യാവസായിക ജല ഉപഭോഗത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഈ മേഖല എന്നതും ശ്രദ്ധേയമാണ്. ചുരുക്കത്തിൽ ഫാഷൻ പരിസ്ഥിതിക്കും മനുഷ്യാവകാശങ്ങൾക്കും വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്നു എന്നു സാരം

To advertise here,

'ഫാസ്റ്റ് ഫാഷൻ' എന്ന വാണിജ്യ മാതൃക

ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പകർത്തി, കുറഞ്ഞ വിലയ്ക്ക് വൻതോതിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ബിസിനസ് മാതൃകയാണ് ഫാസ്റ്റ് ഫാഷൻ. 1990-കളുടെ തുടക്കത്തിൽ സാറ എന്ന ബ്രാൻഡ് ന്യൂയോർക്കിൽ എത്തിയ കാലത്താണ് ഒരു ഡിസൈൻ തയ്യാറായി കടകളിലെത്താൻ 15 ദിവസം മാത്രം മതിയെന്ന രീതി ശ്രദ്ധിക്കപ്പെട്ടതും 'ഫാസ്റ്റ് ഫാഷൻ' എന്ന പദം പ്രചാരത്തിൽ വന്നതും. കാലക്രമേണ ഉൽപ്പാദന വേഗത കുത്തനെ കുറഞ്ഞു. കൃത്രിമബുദ്ധിയും ഡാറ്റ അനലിറ്റിക്‌സും ഉപയോഗിച്ച് ദിവസവും ആയിരക്കണക്കിന് പുതിയ ഡിസൈനുകൾ പുറത്തിറക്കുന്ന ഈ പ്രവണത അമിത ഉൽപ്പാദനത്തിനും മാലിന്യക്കൂമ്പാരങ്ങൾക്കും വഴിവെക്കുന്നു.

മാലിന്യം ചില്ലറയല്ല

ഫാസ്റ്റ് ഫാഷൻ വിപണി 2026-ൽ ഏകദേശം 172 ബില്യൺ ഡോളറിലെത്തുകയും 2030 ആകുമ്പോഴേക്കും 220 ബില്യൺ ഡോളറായി ഉയരുകയും ചെയ്യുമെന്നാണ് വിപണി പഠനങ്ങൾ സൂചിപ്പിക്കുന്നത്. ടെക്‌സ്‌റ്റൈൽ എക്‌സ്‌ചേഞ്ചിന്റെ റിപ്പോർട്ട് പ്രകാരം, വസ്ത്രനാരുകളുടെ ആഗോള ഉൽപ്പാദനം 2023-ലെ 125 ദശലക്ഷം ടണ്ണിൽനിന്ന് 2024-ൽ 132 ദശലക്ഷം ടണ്ണായി ഉയർന്നു. 2000-ൽ ഇതിന്റെ പകുതി ഉത്പാദനമേ ഉണ്ടായിരുന്നുള്ളൂ.

ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാമിന്റെ റിപ്പോർട്ട് അനുസരിച്ച്, വസ്ത്ര വ്യവസായം ഓരോ വർഷവും 92 ദശലക്ഷം ടൺ മാലിന്യം ഉൽപ്പാദിപ്പിക്കുന്നുണ്ട്; ഇത് 2030 ആകുമ്പോഴേക്കും 134 ദശലക്ഷം ടണ്ണായി ഉയർന്നേക്കാം. അതേസമയം, ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ വിലയിരുത്തലിൽ യഥാർത്ഥ വസ്ത്രമാലിന്യം ഇതിനകംതന്നെ 120 ദശലക്ഷം മെട്രിക് ടൺ കടന്നിരിക്കാമെന്നാണ്‌. യൂറോപ്യൻ കമ്മീഷന്റെ 2025-ലെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്, നമ്മുടെ വസ്ത്രശേഖരങ്ങളെ ഒരു രാജ്യമായി കണക്കാക്കിയാൽ, ഹരിതഗൃഹ വാതക ബഹിർഗമനത്തിൽ അമേരിക്കയ്ക്കും (11.1%) ഇന്ത്യയ്ക്കും (8.2%) തൊട്ടുപിന്നിൽ ലോകത്ത് മൂന്നാം സ്ഥാനത്ത് വരുമെന്നാണ്.

2023-24 കാലയളവിൽ വസ്ത്ര മേഖലയിലെ ബഹിർഗമനത്തിൽ 7.5 ശതമാനം വർധനവുണ്ടായതായും വെർജിൻ പോളിസ്റ്ററിന്റെ അമിത ഉപയോഗമാണ് ഇതിന് പ്രധാന കാരണമെന്നും അപ്പാരൽ ഇംപാക്ട് റിപ്പോർട്ട് വ്യക്തമാക്കുന്നു. യു.എൻ കാലാവസ്ഥാ വ്യതിയാന സംഘടനയുടെ കണക്കുപ്രകാരം, 2030 ആകുമ്പോഴേക്കും ടെക്‌സ്‌റ്റൈൽ നിർമ്മാണത്തിൽനിന്നുള്ള ബഹിർഗമനം 60 ശതമാനംവരെ കുതിച്ചുയരാം.

ജലചൂഷണവും ജലമലിനീകരണവും

ഫാസ്റ്റ് ഫാഷന്റെ പാരിസ്ഥിതിക ആഘാതങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ജലത്തിന്റെ അമിതോപയോഗവും മലിനീകരണവുമാണ്. ഒരു കോട്ടൺ ഷർട്ട് നിർമിക്കാൻ ഏകദേശം 2,650 ലിറ്റർ വെള്ളവും ഒരു ജീൻസ് നിർമ്മിക്കാൻ ഏകദേശം 7,500- 10,000 ലിറ്റർവരെ വെള്ളവും ആവശ്യമായി വരുന്നു. ക്വാണ്ടിസ് ഇന്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം, പരുത്തി കൃഷിയുമായി ബന്ധപ്പെട്ട നാരുകളുടെ ഉൽപ്പാദനമാണ് ശുദ്ധജല വിഭവങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. വസ്ത്രങ്ങൾക്ക് ചായം നൽകുന്നതും ഫിനിഷിങ് നടത്തുന്നതുമാണ് ആഗോള മലിനീകരണത്തിന്റെ 36 ശതമാനത്തിനും കാരണം. നൂൽ നിർമ്മാണം(28%), നാരുകളുടെ ഉൽപ്പാദനം(15%) എന്നിവയാണ് മറ്റ് പ്രധാന ഘടകങ്ങൾ. ചായം നൽകിയ ശേഷം അവശേഷിക്കുന്ന രാസമാലിന്യങ്ങൾ കലർന്ന വെള്ളം പലയിടത്തും പുഴകളിലേക്കും തോടുകളിലേക്കും ഒഴുക്കിവിടുന്നത് ജലജീവികളെയും കുടിവെള്ള സ്രോതസ്സുകളെയും ഗുരുതരമായി ബാധിക്കുന്നു.

മൈക്രോപ്ലാസ്റ്റിക്കും മാലിന്യനിക്ഷേപ കേന്ദ്രങ്ങളും

പോളിസ്റ്റർ, നൈലോൺ, അക്രിലിക് തുടങ്ങിയ സിന്തറ്റിക് നാരുകൾ ദ്രവിക്കാൻ നൂറുകണക്കിന് വർഷങ്ങളെടുക്കും. 1960-ൽ വസ്ത്രങ്ങളിൽ സിന്തറ്റിക് നാരുകളുടെ വിഹിതം കേവലം 3 ശതമാനമായിരുന്നത് ഇന്ന് 68 ശതമാനത്തിലധികമായി ഉയർന്നിട്ടുണ്ട്. പോളിസ്റ്റർ മാത്രം ആഗോള നാരുകളുടെ ഉൽപ്പാദനത്തിൽ 57 ശതമാനത്തോളം വരുന്നു. സിന്തറ്റിക് വസ്ത്രങ്ങൾ കഴുകുമ്പോൾ ഓരോ വർഷവും ഏകദേശം 5 ലക്ഷം ടൺ മൈക്രോപ്ലാസ്റ്റിക് നാരുകൾ കടലിലെത്തുന്നു. സമുദ്രങ്ങളിലെ മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിന്റെ 35 ശതമാനവും ഇത്തരം വസ്ത്രങ്ങളിൽനിന്നാണെന്ന് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ കണക്കാക്കുന്നു. ഇതിൽ 73 ശതമാനവും പോളിസ്റ്ററിൽനിന്നാണ്.

ഓരോ വർഷവും ലോകത്ത് ഏകദേശം 80 ബില്യൺ പുതിയ വസ്ത്രങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ, ഉൽപ്പാദിപ്പിക്കപ്പെടുന്ന വസ്ത്രങ്ങളിൽ 85 ശതമാനവും മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ എത്തുന്നു.

ചിലിയിലെ അറ്റകാമ മരുഭൂമിയിലെ ഇക്വിക് തുറമുഖത്തിന് സമീപമുള്ള അനധികൃത മാലിന്യക്കൂമ്പാരം ലോകത്തെ ഏറ്റവും വലിയ വസ്ത്രമാലിന്യ കേന്ദ്രമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സമ്പന്ന രാജ്യങ്ങളിൽനിന്നുള്ള വൻതോതിലുള്ള വസ്ത്രമാലിന്യങ്ങൾ വികസ്വര രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന പ്രവണതയും വ്യാപകമാണ്. വസ്ത്രങ്ങളിൽ വ്യത്യസ്ത തരം നാരുകൾ കൂട്ടിച്ചേർക്കുന്നതിനാൽ, ആഗോളതലത്തിൽ ഒരു ശതമാനത്തിൽ താഴെ വസ്ത്രങ്ങൾ മാത്രമാണ് പുനരുപയോഗിച്ച് പുതിയ വസ്ത്രങ്ങളാക്കി മാറ്റാൻ സാധിക്കുന്നത്.

ഊർജ ഉപഭോഗവും വിഷാംശവും

പ്ലാസ്റ്റിക് നാരുകളെ വസ്ത്രങ്ങളാക്കി മാറ്റാൻ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിച്ചുള്ള വലിയ ഊർജ ഉപഭോഗം ആവശ്യമാണ്. പെട്രോളിയം ഉൽപന്നങ്ങളുടെ ഉപയോഗവും ഹൈഡ്രജൻ ക്ലോറൈഡ് പോലുള്ള അമ്ലങ്ങളുടെയും കണികകളുടെയും പുറന്തള്ളലും ഇതിലൂടെ സംഭവിക്കുന്നു. പരുത്തി കൃഷിയിൽ ഉപയോഗിക്കുന്ന കീടനാശിനികൾ കർഷകരുടെ ആരോഗ്യത്തെയും മണ്ണിനെയും ദോഷകരമായി ബാധിക്കുന്നു. അതേസമയം, തുകൽ ഉൽപ്പാദനത്തിനായി കന്നുകാലികളെ വളർത്തുന്നതിന് വലിയ തോതിൽ സ്ഥലവും തീറ്റയും വെള്ളവും ഫോസിൽ ഇന്ധനങ്ങളും ആവശ്യമാണ്. തുകൽ സംസ്‌കരണ ഘട്ടത്തിൽ ഉപയോഗിക്കുന്ന മിനറൽ സാൾട്ടുകൾ, ഫോർമാൽഡിഹൈഡ്, കോൾ-ടാർ ഉൽപ്പന്നങ്ങൾ, വിവിധ ചായങ്ങൾ എന്നിവ ജൈവവിഘടനം സംഭവിക്കാത്തവയും ജലസ്രോതസ്സുകളെ വിഷലിപ്തമാക്കുന്നവയുമാണ്.

തൊഴിൽ ചൂഷണവും സാമൂഹിക പ്രത്യാഘാതങ്ങളും

ഫാസ്റ്റ് ഫാഷന്റെ ലാഭക്കൊതി പലപ്പോഴും തൊഴിലാളികളുടെ സുരക്ഷയെയും ക്ഷേമത്തെയും അവഗണിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. ആഗോള വസ്ത്രനിർമാണ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഏകദേശം 80 ശതമാനവും 18-നും 24-നും ഇടയിൽ പ്രായമുള്ള യുവതികളാണ്. ലോകത്ത് ആറിലൊരാൾ ഏതെങ്കിലും തരത്തിൽ വസ്ത്ര വ്യവസായവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു.

കുറഞ്ഞ കൂലി, നികുതി ഇളവുകൾ, അയഞ്ഞ പരിസ്ഥിതി-തൊഴിൽ നിയമങ്ങൾ എന്നിവ മുതലെടുത്ത് വികസ്വര രാജ്യങ്ങളിലാണ് വൻകിട ഉൽപ്പാദന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. അർജന്റീന, ബംഗ്ലാദേശ്, ബ്രസീൽ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തുർക്കി, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ വസ്ത്ര വ്യവസായത്തിൽ നിർബന്ധിത തൊഴിലും ബാലവേലയും നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

2013-ൽ ബംഗ്ലാദേശിലെ ധാക്കയിൽ എട്ട് നിലകളുള്ള വസ്ത്രനിർമാണ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ 1,134 തൊഴിലാളികൾ മരിക്കുകയും 2,500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തത് ഈ മേഖലയിലെ സുരക്ഷാ വീഴ്ചകളുടെ നേർസാക്ഷ്യമാണ്. കൂടാതെ, ചൈന പോലുള്ള വൻകിട ഉൽപ്പാദന രാജ്യങ്ങളിൽ മണ്ണിന്റെ ഗുണനിലവാര തകർച്ചയും വായു-ജല മലിനീകരണവും രൂക്ഷമാണ്. യൂറോപ്യൻ യൂണിയനിൽപോലും ഫാസ്റ്റ് ഫാഷന്റെ സ്വാധീനം പരമ്പരാഗത വസ്ത്ര വ്യാപാരത്തെയും തൊഴിൽ മേഖലയെയും ബാധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

'സ്ലോ ഫാഷൻ' എന്ന ബദൽ മാർഗം

അമിത ഉൽപ്പാദനത്തിനും അമിത ഉപഭോഗത്തിനും എതിരായ പ്രതികരണമായാണ് 'സ്ലോ ഫാഷൻ' എന്ന ആശയം ഉയർന്നുവന്നത്. മനുഷ്യരെയും പരിസ്ഥിതിയെയും ജീവജാലങ്ങളെയും ബഹുമാനിക്കുന്ന സുസ്ഥിര ഉൽപാദന രീതിയാണ് ഇത് മുന്നോട്ടുവെക്കുന്നത്.

വൈൽഡ് സിൽക്ക്, ഓർഗാനിക് കോട്ടൺ, ലെനൻ, ഹെംപ്, ലൈയോസെൽ തുടങ്ങിയ പരിസ്ഥിതി സൗഹൃദ നാരുകളുടെ ഉപയോഗം വർധിപ്പിക്കേണ്ടതുണ്ട്. ഉപയോഗിച്ച വസ്ത്രങ്ങൾ വീണ്ടും വാങ്ങുന്ന സെക്കൻഡ് ഹാൻഡ് പ്ലാറ്റ്‌ഫോമുകളും വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്ന മാതൃകകളും പ്രചാരത്തിലാകുന്നുണ്ട്. വസ്ത്രങ്ങളുടെ ആയുസ്സ് വർധിപ്പിക്കുന്നതും അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗിക്കുന്നതും മാലിന്യം കുറയ്ക്കാൻ സഹായിക്കും.

വസ്ത്ര വ്യവസായത്തിലെ ദോഷകരമായ പ്രവണതകൾ തടയാൻ യു.എൻ 'അലയൻസ് ഫോർ സസ്‌റ്റൈനബിൾ ഫാഷൻ' പോലുള്ള സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. 150-ലധികം ബ്രാൻഡുകളുമായി ഫ്രാൻസ് ഏർപ്പെട്ട സുസ്ഥിര കരാറുകൾ പോലുള്ള നയപരമായ ഇടപെടലുകളും ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നു. പുനരുപയോഗ സാങ്കേതികവിദ്യകൾ വ്യാപകമാക്കുന്നതിലൂടെ വസ്ത്രമാലിന്യത്തിന്റെ പുനരുപയോഗ നിരക്ക് 30 ശതമാനത്തിലധികമായി ഉയർത്താനും വൻതോതിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഓരോ വസ്ത്രവും വാങ്ങുന്നതിന് മുൻപ് അതിന്റെ പാരിസ്ഥിതിക വിലയെക്കുറിച്ച് ചിന്തിക്കുകയും ആവശ്യമുള്ളത് മാത്രം വാങ്ങി ദീർഘകാലം ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് ഭൂമിയെ സംരക്ഷിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമെന്ന് പരിസ്ഥിതി പ്രവർത്തകരും വിദഗ്ധരും ഓർമ്മിപ്പിക്കുന്നു.