ക്രിസ്മസ് കാലത്ത് വീടുകളിലും വിപണിയിലും ഏറെ പ്രിയങ്കരമായ പ്ലം കേക്ക് കൃത്രിമ പ്രിസർവേറ്റീവുകൾ ചേർക്കാതെ മാസങ്ങളോളം കേടുകൂടാതെ നിൽക്കുന്നതിന്റെ രഹസ്യം എന്താണ്? മാസങ്ങൾ നീളുന്ന ഒരുക്കങ്ങളും ചേരുവകളുടെ സ്വാഭാവിക സവിശേഷതകളുമാണ് പ്ലം കേക്കിനെ വ്യത്യസ്തമാക്കുന്നത്. ചില റെസിപ്പികൾ പ്രകാരം ക്രിസ്മസ് പ്ലം കേക്കിനായുള്ള ഒരുക്കങ്ങൾ ആറ് മാസം മുൻപ് തന്നെ ആരംഭിക്കാറുണ്ട്. ഉണക്കമുന്തിരി, ഈന്തപ്പഴം, ക്രാൻബെറി, ആപ്രിക്കോട്ട്, അത്തിപ്പഴം തുടങ്ങിയ ഉണങ്ങിയ പഴങ്ങളും നട്‌സും സുഗന്ധവ്യഞ്ജനങ്ങളും മദ്യത്തിൽ (റം, ബ്രാണ്ടി അല്ലെങ്കിൽ വൈൻ) കുതിർത്തുവെച്ചാണ് തുടക്കം. സിട്രസ് ചേരുവകളും സുഗന്ധവ്യഞ്ജനങ്ങളും മദ്യവുമായി ചേർന്ന് പഴങ്ങൾ പാകമാകുന്നതോടെ കേക്കിന് മനംമയക്കുന്ന രുചിയും സവിശേഷതയും ലഭിക്കുന്നു.

To advertise here,

ആഴ്ചകളോ മാസങ്ങളോ ഇങ്ങനെ കുതിർത്തു വെക്കുന്നതിലൂടെ പഴങ്ങൾ മൃദുവാകുകയും സുഗന്ധവ്യഞ്ജനങ്ങളുടെയും മദ്യത്തിന്റെയും സ്വാദ് അവയിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്യുന്നു. ബേക്കിങ് സമയത്ത് ബാറ്ററിലെ ഈർപ്പം പഴങ്ങൾ വലിച്ചെടുക്കുന്നത് തടയാനും ഇത് സഹായിക്കുമെന്ന് ലീല ആംബിയൻസ് ഗുരുഗ്രാം എക്‌സിക്യൂട്ടീവ് ഷെഫ് അഭിഷേക് ഗുപ്ത ചൂണ്ടിക്കാണിക്കുന്നു.  സാധാരണ സ്‌പോഞ്ച് കേക്കുകളിൽനിന്ന് വ്യത്യസ്തമായി പ്ലം കേക്കിന് മാസങ്ങളുടെ ആയുസ്സ് നൽകുന്നത് പ്രധാനമായും പഞ്ചസാരയും മദ്യവുമാണ്.

മദ്യത്തിന് അണുബാധ തടയാനുള്ള കഴിവുണ്ട്. പഞ്ചസാര ഈർപ്പത്തെ ബന്ധിപ്പിച്ച് ബാക്ടീരിയകളുടെയും പൂപ്പലിന്റെയും വളർച്ച തടയുന്നു. പഞ്ചസാര ഈർപ്പത്തെ ബന്ധിപ്പിക്കുന്നതിനാൽ കേക്ക് മൃദുവായിരിക്കുമ്പോൾതന്നെ സൂക്ഷ്മജീവികൾക്ക് വളരാൻ ആവശ്യമായ  ഈർപ്പം കുറവായിരിക്കും. ഉണങ്ങിയ പഴങ്ങളിലെ സ്വാഭാവിക പഞ്ചസാരയും കാരമലൈസ് ചെയ്ത പഞ്ചസാരയും കേക്കിന് കടുംനിറവും സവിശേഷമായ രുചിയും നൽകുന്നു. കറുവാപ്പട്ട, ഗ്രാമ്പൂ, ജാതിക്ക, ചുക്ക്, ഏലയ്ക്ക, ഓറഞ്ച് തൊലി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ കേക്കിന് പ്രൗഢമായ സുഗന്ധവും രുചിയും പകരുന്നു.

ബേക്ക് ചെയ്‌തെടുത്ത ഉടൻ കഴിക്കുന്ന മറ്റ് കേക്കുകളിൽനിന്ന് വ്യത്യസ്തമായി പ്ലം കേക്ക് കുറച്ചുകാലം സൂക്ഷിച്ചുവെച്ച ശേഷമാണ് ഉപയോഗിക്കുന്നത്. വൈനും ചീസും പഴകുമ്പോൾ ഗുണം കൂടുന്നതുപോലെ, പ്ലം കേക്കിലും കാലക്രമേണ രുചികൾ പരസ്പരം ഇണങ്ങിച്ചേരുകയും മദ്യത്തിന്റെയും സുഗന്ധവ്യഞ്ജനങ്ങളുടെയും രൂക്ഷത കുറഞ്ഞ് കൂടുതൽ മൃദുവായ സ്വാദ് ലഭിക്കുകയും ചെയ്യും.

കൃത്യമായി തണുപ്പിച്ച ശേഷം പാർച്ച്‌മെന്റ് പേപ്പറിൽ പൊതിഞ്ഞ് തണുത്തതും ഈർപ്പമില്ലാത്തതുമായ സ്ഥലത്ത് സൂക്ഷിച്ചാൽ ചില പരമ്പരാഗത പ്ലം കേക്കുകൾ രണ്ടു മുതൽ നാല് മാസം വരെ കേടുകൂടാതെ ഇരിക്കും. എന്നാൽ, എല്ലാ പ്ലം കേക്കുകൾക്കും ഇത് ബാധകമല്ല. റെസിപ്പി, ഈർപ്പം, മദ്യത്തിന്റെ അളവ്, ശുചിത്വം, സൂക്ഷിക്കുന്ന രീതി എന്നിവയെ ആശ്രയിച്ചിരിക്കും കേക്കിന്റെ ആയുസ്സ്. ശീതകാല വിളവെടുപ്പിൽ സൂക്ഷിക്കാനും ദീർഘയാത്രകളിൽ ഭക്ഷണമായി കൊണ്ടുപോകാനും യൂറോപ്പിൽ രൂപപ്പെട്ട പാരമ്പര്യമാണ് പിന്നീട് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മാറിയതെന്നും അവർ ഓർമിപ്പിക്കുന്നു.