പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾക്ക് ആധുനിക രൂപഭാവം നൽകുന്ന 'ഫ്യൂഷൻ എത് നിക് വെയർ' ശൈലിയിലൂടെ ശ്രദ്ധ നേടുകയാണ് നടി ഖുഷി കപൂർ. മുംബൈയിൽ നടന്ന എർത്ത്ഷോട്ട് പ്രൈസ് ചടങ്ങിൽ അനാമിക ഖന്ന രൂപകൽപ്പന ചെയ്ത ഐവറി നിറത്തിലുള്ള വസ്ത്രത്തിലാണ് താരം എത്തിയത്. കോർസെറ്റ് ഘടനയും കുർത്തയുടെ പ്രൗഢിയും സ്‌കർട്ടിന്റെ ഒഴുക്കും സമന്വയിപ്പിച്ച ഈ വസ്ത്രധാരണം വിവാഹ-ആഘോഷ സീസണുകളിലെ പുതിയ ഫാഷൻ പ്രവണതയായി മാറുകയാണ്.

To advertise here,

പാശ്ചാത്യ ഫാഷൻ ലോകത്ത് നൂറ്റാണ്ടുകളുടെ ചരിത്രമുള്ള വസ്ത്രഘടനയാണ് കോർസെറ്റ്. പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിലെ രാജകുടുംബങ്ങളിലും പ്രഭുക്കന്മാർക്കിടയിലുമാണ് കോർസെറ്റുകൾ പ്രചാരം നേടിയത്. അക്കാലത്ത് 'സ്റ്റേയ്‌സ്' എന്നറിയപ്പെട്ടിരുന്ന ഇവ, ശരീരത്തിന്റെ മുകൾഭാഗത്തിന് കൃത്യമായ ആകൃതിയും ഉറപ്പും നൽകാനായാണ് ഉപയോഗിച്ചിരുന്നത്. തിമിംഗലത്തിന്റെ അസ്ഥികൾ , തടി, ലോഹക്കമ്പികൾ തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ചിരുന്ന ഇവ, പിന്നീട് പരുത്തി, ലിനൻ, സിൽക്ക് തുടങ്ങിയ തുണിത്തരങ്ങളിലേക്കും ഇലാസ്റ്റിക് ഘടകങ്ങളിലേക്കും മാറി.

പത്തൊമ്പതാം നൂറ്റാണ്ടിൽ വിക്ടോറിയൻ കാലഘട്ടത്തിൽ കോർസെറ്റുകൾ സൗന്ദര്യസങ്കൽപ്പങ്ങളുടെ ഭാഗമായി മാറിയെങ്കിലും, ആരോഗ്യപ്രശ്‌നങ്ങളും ശ്വാസതടസ്സവും ഉണ്ടാക്കുന്നു എന്ന വിമർശനങ്ങളും ഉയർന്നിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ സ്ത്രീകളുടെ സ്വാതന്ത്ര്യവും സൗകര്യവും മുൻനിർത്തി ഫാഷൻ ലോകത്ത് വലിയ മാറ്റങ്ങൾ വരികയും, കോർസെറ്റുകളുടെ കർശനമായ ഘടന ലഘൂകരിക്കപ്പെടുകയും ചെയ്തു. ഇന്ന് ആധുനിക ഫാഷനിലും റെഡ് കാർപെറ്റ് വസ്ത്രങ്ങളിലും 'കോർസെറ്റ് ബോഡീസ്' എന്ന രൂപത്തിൽ, ശരീരത്തിന് ഒതുക്കവും ഭംഗിയും നൽകുന്ന ഒരു സ്‌റ്റൈൽ ഘടകമായി ഇവ പുനർജനിച്ചിരിക്കുകയാണ്.

പരമ്പരാഗത ഇന്ത്യൻ കരകൗശലവും എംബ്രോയ്ഡറിയും കോർസെറ്റ് ശൈലിയുമായി ചേരുമ്പോൾ അത് തികച്ചും വ്യത്യസ്തമായൊരു കാഴ്ചാനുഭവമായി മാറുന്നു. അരക്കെട്ടിന് കൃത്യമായ രൂപഭംഗി നൽകുന്ന കോർസെറ്റ് മാതൃകയിലുള്ള മുകൾഭാഗവും, ഒഴുക്കുള്ള സ്‌കർട്ടോ കുർത്തയോ ചേർന്ന താഴത്തെ ഭാഗവും വസ്ത്രത്തിന് പ്രൗഢിയും ആധുനികതയും നൽകുന്നു.പരമ്പരാഗത ലെഹംഗകൾക്കും അനാർക്കലി വസ്ത്രങ്ങൾക്കും അപ്പുറത്തേക്ക് മാറി ചിന്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവാഹ-ആഘോഷ വേളകളിൽ ഈ ഫ്യൂഷൻ ശൈലി അനുയോജ്യമാണ്.

ഖുഷിയുടെ വസ്ത്രധാരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആഘോഷവേളകളിൽ പരീക്ഷിക്കാവുന്ന പ്രധാന ശൈലികൾ.

കോർസെറ്റ് സ്‌റ്റൈൽ കുർത്ത സെറ്റുകൾ:കൃത്യമായ ഫിറ്റിംഗും എംബ്രോയ്ഡറിയുമുള്ള കോർസെറ്റ് കുർത്തകൾ ഫ്‌ലെയേർഡ് ട്രൗസറുകൾക്കോ ഒഴുക്കുള്ള സ്‌കർട്ടുകൾക്കോ ഒപ്പം ധരിക്കാം. കോക്ക്‌ടെയിൽ പാർട്ടികൾക്കും ആഘോഷങ്ങൾക്കും ഇത് അനുയോജ്യമാണ്.

എംബ്രോയ്‌ഡേർഡ് കോർസെറ്റ് ടോപ്പും സ്‌കർട്ടും: മിറർ വർക്ക്, ബ്രോക്കേഡ്, മെറ്റാലിക് ഡിസൈനുകൾ എന്നിവയുള്ള കോർസെറ്റ് ടോപ്പുകൾ സിൽക്ക് അല്ലെങ്കിൽ സാറ്റിൻ സ്‌കർട്ടുകൾക്കൊപ്പം ചേർത്ത് പുതിയ ലുക്ക് സൃഷ്ടിക്കാം.

ഡ്രേപ്പ്ഡ് കുർത്ത-സ്‌കർട്ട് സെറ്റുകൾ: അസമമായ കട്ടിംഗുകളും പ്രീ-ഡ്രേപ്പ്ഡ് പാനലുകളും സംഗീത്, റിസപ്ഷൻ തുടങ്ങിയ വേളകൾക്ക് അനുയോജ്യമാണ്.

കേപ്പ് സ്‌റ്റൈൽ സെറ്റുകൾ: പരമ്പരാഗത ദുപ്പട്ടയ്ക്ക് പകരം എംബ്രോയ്ഡറി ചെയ്ത കേപ്പുകൾ ധരിക്കുന്നത് വസ്ത്രത്തിന് ചലനാത്മകത നൽകും.

ജാക്കറ്റ് സ്‌റ്റൈൽ സെറ്റുകൾ:എംബ്രോയ്ഡറി ചെയ്ത ക്രോപ്പ്ഡ് ജാക്കറ്റുകളോ ലോങ്്ലൈൻ ഓവർലേകളോ കുർത്തകൾക്കും ബ്ലൗസുകൾക്കും മുകളിൽ ധരിക്കാം.

പ്രീ-ഡ്രേപ്പ്ഡ് സാരി ഗൗണുകൾ:സാരിയുടെ ഒഴുക്കും ഗൗണിന്റെ ഘടനയും ചേരുന്ന ഈ ശൈലി ആധുനിക ലുക്ക് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാം.

സ്‌റ്റൈലിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫ്യൂഷൻ വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഏതെങ്കിലും ഒരു ഘടകത്തിന് മാത്രം പ്രാധാന്യം നൽകുന്നതാണ് ഉചിതം. വസ്ത്രത്തിൽ തന്നെ കനത്ത എംബ്രോയ്ഡറിയോ കോർസെറ്റ് ഘടനയോ ഉണ്ടെങ്കിൽ ആഭരണങ്ങൾ ലളിതമാക്കുന്നത് കാഴ്ചയിൽ സമതുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും. ശരീരപ്രകൃതിക്കും ചടങ്ങിന്റെ സ്വഭാവത്തിനും അനുസരിച്ച് വസ്ത്രത്തിന്റെ നീളവും പാദരക്ഷകളും തിരഞ്ഞെടുക്കണമെന്നും ഫാഷൻ വിദഗ്ധർ നിർദ്ദേശിക്കുന്നു.