കോഴിക്കോട് : ഞായറാഴ്ചമുതൽ മൂന്നുദിവസമായി നടക്കുന്ന സി.പി.എം. വിപുലീകൃത സംസ്ഥാനകമ്മിറ്റിയോഗത്തിനായി നഗരം ചുവപ്പണിഞ്ഞൊരുങ്ങി. 2012-ലെ പാർട്ടികോൺഗ്രസിനുശേഷം കോഴിക്കോട്ട് നടക്കുന്ന സി.പി.എമ്മിന്റെ ഏറ്റവും വലിയ പരിപാടിക്ക് വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ചുവപ്പുകൊടി തോരണങ്ങളും ബോർഡുകളുംകൊണ്ട് പ്രധാന റോഡുകൾ നിറഞ്ഞു.

To advertise here,

പ്രധാന നേതാക്കളെല്ലാം ശനിയാഴ്ച കോഴിക്കോട്ടെത്തി. മുന്നൂറിലധികം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. സി.പി.എം. ജില്ലാകമ്മിറ്റി ഓഫീസിലെ എ.കെ.ജി. ഓഡിറ്റോറിയമാണ് പ്രധാന വേദി.

15-ന് വൈകീട്ട് മൂന്നിന് ബീച്ച് ഫ്രീഡംസ്‌ക്വയറിൽ റാലിയോടെയാണ് സമാപനം. വിവിധഭാഗങ്ങളിൽനിന്നുള്ള പ്രവർത്തകർ 1200-ലേറെ വാഹനങ്ങളിൽ റാലിക്കായി എത്തിച്ചേരും. ഇവർ ചെറുജാഥകളായി ഫ്രീഡം സ്‌ക്വയറിൽ സംഗമിക്കും. ഗ്രീൻ പ്രോട്ടക്കോൾ കർശനമായി പാലിച്ചായിരിക്കും റാലി.

നേതാക്കളെത്തി, താമസത്തിന് 14 ഹോട്ടലുകൾ

സി.പി.എം. വിപുലീകൃത സംസ്ഥാനകമ്മിറ്റിയോഗത്തിനായി ശനിയാഴ്ച രാത്രിയോടെ പ്രധാന നേതാക്കളെല്ലാം എത്തിച്ചേർന്നു. യോഗത്തിൽ പങ്കെടുക്കുന്നവർക്ക് താമസിക്കാനായി വെസ്റ്റ്ഹിൽ ഗസ്റ്റ്ഹൗസ് ഉൾപ്പെടെ 14 ഹോട്ടലുകളിലായാണ് താമസസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

ശനിയാഴ്ച രാത്രിയോടെയാണ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ എത്തിച്ചേർന്നത്. പ്രതിപക്ഷനേതാവ് പിണറായി വിജയൻ വൈകീട്ട് 5.30-ഓടെ വെസ്റ്റ്ഹിൽ ഗസ്റ്റ്ഹൗസിലെത്തി.

മറ്റു പൊളിറ്റ്ബ്യൂറോ അംഗങ്ങളിൽ മിക്കവരും ശനിയാഴ്ച ഉച്ചയോടെത്തന്നെ എത്തിച്ചേർന്നിരുന്നു.