കൊയിലാണ്ടി : നന്തി കെൽട്രോൺ പുറത്തിറക്കുന്ന ഉത്‌പന്നങ്ങൾക്ക് കർണാടകയിൽ വിപണനമേഖല കണ്ടെത്തുന്നതിനായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കെ. പ്രവീൺകുമാർ എം.എൽ.എ. ചർച്ചനടത്തി. ഗ്രേറ്റർ ബെംഗളൂരു വികസനമന്ത്രി കൃഷ്ണ ബൈരെ ഗൗഡയുമായും എം.എൽ.എ. ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തി.
കെ.സി. വേണുഗോപാൽ എം.പി.യുടെ ഇടപെടലാണ് ഈ കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയതെന്ന് എം.എൽ.എ. പറഞ്ഞു. ഐ.ടി., വ്യവസായവകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി നന്തി കെൽട്രോണിനെ ഇലക്ട്രോണിക്സ് വില്ലേജായി ഉയർത്തി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. സംസ്ഥാന ബജറ്റിനും കെൽട്രോൺ വികസനത്തിന് ആവശ്യമായ ഫണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിട്ടുണ്ട്.
കെൽട്രോൺ ശ്രവണസഹായിക്കും ഇലക്ട്രിക് വാഹനത്തിനും കർണാടകയിൽനിന്ന് ഓർഡർ ലഭിക്കാൻവേണ്ടിയാണ് മുഖ്യമന്ത്രി ഡി. കെ. ശിവകുമാറുമായി ചർച്ചനടത്തിയത്.
കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡിവലപ്‌മെന്റ് കോർപ്പറേഷന്റെ (കെ.എസ്.ഇ.ഡി.സി. ലിമിറ്റഡ്) മുടാടിയിലുള്ള കെൽട്രോൺ ലൈറ്റിങ് ഡിവിഷൻ 'ഇലക്ട്രോണിക്സ് വില്ലേജ്' ആയി ഓഗസ്റ്റ് 24-ന് ആണ് വ്യാവസായവകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്.
ഇവിടെ നിർമിക്കുന്ന ശ്രവണസഹായിക്കും ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രിക് വാഹനങ്ങൾക്കും വൻസ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 8000 രൂപ മാത്രമേ ക്രെൽട്രോൺ ശ്രവണസഹായിക്കുള്ളൂ. ശ്രവൺ നിയോ, ശ്രവൺ മിനി എന്നീ ശ്രവണസഹായികളും ഇവിടെ ഉത്‌പാദി പ്പിക്കുന്നുണ്ട്. ശ്രവണസഹായിക്കും ഇലക്ട്രിക് വാഹനങ്ങൾക്കും വൻ തോതിൽ ഓർഡർ നൽകാമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് കെ. പ്രവീൺ കുമാർ എം.എൽ.എ. പറഞ്ഞു.
പതിമൂന്നേക്കറിൽ സ്ഥിതിചെയ്യുന്ന കെൽട്രോൺ ലൈറ്റിങ് ഡിവിഷന്റെ ഭൂമി ഉപയോഗപ്പെടുത്തി നിലവിലുള്ള കെൽട്രോൺ ഫാക്ടറിയുടെ പ്ലാന്റ് പുതിയ പദ്ധതിക്കായി വിപുലീകരിക്കും. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള പ്രത്യേക ഇലക്ട്രിക് ത്രിവീലറുകളും മറ്റ് അത്യാധുനിക യാത്രാസഹായ ഉപകരണങ്ങളും, നവജാത ശിശുക്കളുടെ ജീവൻരക്ഷിക്കാൻ സഹായിക്കുന്ന റേഡിയന്റ് വാർമർ, ബേബി വാർമിഗ് റാപ്പർ, ഹോം കെയർ, ക്ലിനിക്കൽ ആവശ്യങ്ങൾക്കുള്ള ഓക്സിജൻ കോൺസെൻട്രേറ്റർ, നെബുലൈസർ, ഡിജിറ്റൽ പി.എച്ച്. മീറ്റർ, ക്ലിനിക്കൽ തെർമോമീറ്റർ തുടങ്ങി നൂതന ഉപകരണങ്ങളുടെ നീണ്ടനിരയാണ് ഇവിടെ ഒരുക്കുക.
മുടാടി കെൽട്രോൺ നിർമിക്കുന്ന 'ശ്രവൺ' ശ്രവണസഹായികൾ സി.ഡി.എസ്. കോ ലൈസൻസ്, ഐ.എസ്.ഒ., ബി.ഐ.എസ്. അംഗീകാരം എന്നിവ നേടിയിട്ടുള്ളതാണ്.
കഴിഞ്ഞ 10 വർഷത്തിനിടെ ഒരു ലക്ഷത്തോളം ശ്രവണസഹായ ഉപകരണങ്ങൾ ഇവിടെ നിർമിച്ച് വിതരണംചെയ്തു. സാമൂഹ്യനീതി വകുപ്പ് ഉൾപ്പെടെയുള്ള വിവിധസർക്കാർ പദ്ധതികളുടെ പ്രധാന ആശ്രയമാണിത്.
Published: 13 Sept 2026, 03:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented