അപകടം വേ ബ്രിഡ്ജിൽ നിന്ന് വണ്ടി പുറകോട്ടെടുത്തപ്പോൾ
താമരശ്ശേരി : താമരശ്ശേരി വട്ടക്കുണ്ടിൽ വേ ബ്രിഡ്ജിൽനിന്ന് പുറകോട്ടെടുത്ത ലോറി തട്ടി ദേശീയപാതയിലേക്ക് തെറിച്ചുവീണ് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. താമരശ്ശേരി പരപ്പൻപൊയിൽ കണ്ടംപാറക്കൽ വീട്ടിൽ അക്ഷയ് കുമാർ (25) ആണ് മരിച്ചത്. യുവമോർച്ചയുടെ താമരശ്ശേരി സൗത്ത് ഏരിയാ പ്രസിഡന്റാണ് അക്ഷയ് കുമാർ. ടൈൽസ് പണിക്കാരനായിരുന്നു.
വ്യാഴാഴ്ച അർധരാത്രിക്കുശേഷമുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരപരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
വെള്ളിയാഴ്ച പുലർച്ചെ 12.10-നാണ് അക്ഷയകുമാർ അപകടത്തിൽപ്പെട്ടത്. ബൈക്ക് വട്ടക്കുണ്ട് ജുമാമസ്ജിന് സമീപമെത്തിയപ്പോൾ റോഡരികിലെ ഇലക്‌ട്രോണിക് വേ ബ്രിഡ്ജിൽ തൂക്കംനോക്കിയ ഒരു മരലോറി അതിന്റെ പുറകുവശം ദേശീയപാതയിലേക്ക് ഇറക്കുകയായിരുന്നു. അക്ഷയ് കുമാറിന്റെ ബൈക്ക് ലോറിയുടെ പുറകിൽ തട്ടുകയായിരുന്നു. ബൈക്കും യുവാവും റോഡിലേക്ക് തെറിച്ചുവീണു. അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ലോറി ജീവനക്കാർ അപകടത്തിനുശേഷം അക്ഷയിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാതെ ഓടിച്ചുപോയി. റോഡിൽ തലയിടിച്ചുവീണ് മുഖത്തിന്റെ ഒരുഭാഗത്ത് സാരമായി പരിക്കേറ്റ് രക്തംവാർന്ന് അനക്കമില്ലാതെ കിടന്ന അക്ഷയിനെ, അതുവഴിയെത്തിയ യാത്രക്കാരാണ് 108 ആംബുലൻസിൽ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്കുശേഷം പിന്നീട് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലെത്തിച്ച് തലയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം.
പൊതുവഴിയിൽ അപകടകരമായി വാഹനമോടിച്ചതിനും അശ്രദ്ധമൂലമുള്ള അപകടമരണത്തിനുമുള്ള വകുപ്പുകൾ ചുമത്തി ലോറി ഡ്രൈവറുടെപേരിൽ താമരശ്ശേരി പോലീസ് കേസെടുത്തു. അച്ഛൻ: അജിത്ത് കുമാർ (കെ.എസ്.ഇ.ബി. കരാർ ജീവനക്കാരൻ). അമ്മ: സിജി. സഹോദരി: അഞ്ജന.
Published: 13 Sept 2026, 03:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented