ഒഞ്ചിയം : ദേശീയപാത 66-ൽ ചോമ്പാല ടോൾപ്ലാസ നിർമാണം അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെ തുടക്കത്തിൽ പ്രദേശവാസികൾക്കുണ്ടായിരുന്നു ആശങ്ക മാറുന്നു. ആദ്യ ഡി.പി.ആറിൽ ഇവിടെ പ്രദേശവാസികൾക്കായി സർവീസ് റോഡോ മറ്റ് യാത്രാസൗകര്യങ്ങളോ ഇല്ലായിരുന്നു.

To advertise here,

എന്നാൽ, ഷാഫി പറമ്പിൽ എം.പി., കെ.കെ. രമ എം.എൽ.എ., അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. ലീല, മറ്റ് ജനപ്രതിനിധികൾ, സംഘടനാപ്രതിനിധികൾ തുടങ്ങിയവരുടെ ഇടപെടലിന്റെ ഫലമായി ചോമ്പാല ടോൾപ്ലാസയിൽ പ്രാദേശിക യാത്രാസൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറായിട്ടുണ്ട്.

പ്രദേശവാസികൾക്കായി സ്ലിപ്പ് റോഡ് ഉൾപ്പെടെ ഒരുക്കാനാണ് തീരുമാനം. ടോൾപ്ലാസയുള്ള വടകര ബ്ലോക്ക് ഓഫീസ് മുതൽ മുക്കാളിവരെ സാധാരണരീതിയിലുളള സർവീസ് റോഡ് ഇല്ലെങ്കിലും ആവിക്കര റോഡ്, അന്നപൂർണേശ്വരി ക്ഷേത്രം റോഡ്, ബംഗ്ലാവിൽ റോഡ്, പീടികക്കണ്ടി റോഡ്, കല്ലാമല റോഡ്, കണ്ടപ്പംകുണ്ട് റോഡ്, സഹായി ബാബു റോഡ് തുടങ്ങിയ ചെറുറോഡുകളിലേക്ക് പ്രത്യേക പ്രവേശനസൗകര്യം ഉണ്ടാകും.

ഇരുചക്രവാഹനങ്ങൾക്ക് പോകാനായി ടോൾലൈനുകളിൽ പ്രവേശിക്കാതെ പ്രത്യേകപാത ഒരുക്കും. 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന വാഹനയുടമകൾക്ക് മാസ പ്രാദേശികപാസ് (നിശ്ചിത നിരക്കിൽ) അനുവദിക്കും.

ചോമ്പാല ടോൾപ്ലാസയുടെ പുതിയ വിജ്ഞാപനപ്രകാരമാണ് നിർമാണം പുരോഗമിക്കുന്നത്. ഓരോ വശത്തും മൂന്നുവീതം പ്രധാന ടോൾലൈനുകളും രണ്ടുവീതം അഡീഷനൽ ലൈനുകളും ഉണ്ടാവും. ടോൾപ്ലാസയുടെ നിർമാണം 80 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്.

ചോമ്പാല ടോൾപ്ലാസ ഇങ്ങനെ

ഇലക്‌ട്രോണിക് ടോൾ കളക്‌ഷൻ വഴിയാണ് ടോൾ പിരിവ്. ഫാസ് ടാഗ് സ്കാൻചെയ്ത് ടോൾതുക വാഹനയുടമയുടെ അക്കൗണ്ടിൽനിന്ന് ഈടാക്കും.

ഫാസ് ടാഗ് സംവിധാനം ഇല്ലാത്തവരിൽനിന്ന് മറ്റു മാർഗങ്ങളിലൂടെ ഈടാക്കും (അധികനിരക്ക് ആയിരിക്കും). നിരീക്ഷണ ക്യാമറകൾ എല്ലാദൃശ്യങ്ങളും പകർത്തും. ബും ബാരിയർവഴി ടോൾ ഇടപാട് പൂർത്തിയാക്കിയശേഷം ഗേറ്റ് ഉയരും. അഞ്ചുവീതം ടോൾലൈനുകൾ ഇരുവശങ്ങളിൽ ഉണ്ടാകും. ആംബുലൻസ്, അഗ്നിരക്ഷാസേന തുടങ്ങിയ അടിയന്തര വാഹനങ്ങൾക്ക് സൗകര്യം.

പ്രാദേശികയാത്രയ്ക്കുള്ള വ്യവസ്ഥകൾ പാലിക്കും. നിശ്ചിതപരിധിക്കുള്ളിലെ വാഹനയുടമകൾക്ക് മാസ പ്രാദേശികപാസ് നൽകും. ഇരുചക്രവാഹനങ്ങൾക്ക് പ്രത്യേകവഴി.