ഉദ്ഘാടനംകഴിഞ്ഞ് ഒരുവർഷമായിട്ടും താഴെകൂടരഞ്ഞി ആരോഗ്യ ഉപകേന്ദ്രം

To advertise here,

തിരുവമ്പാടി : ഉദ്ഘാടനംകഴിഞ്ഞ്‌ ഒരുവർഷമായിട്ടും താഴെകൂടരഞ്ഞി ആരോഗ്യ ഉപകേന്ദ്രം രോഗികൾക്കായി തുറന്നുകൊടുത്തിട്ടില്ലെന്ന് ആക്ഷേപം. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് 55 ലക്ഷം രൂപ ചെലവിൽ പണിത ആരോഗ്യ ഉപകേന്ദ്രം കാടുകയറി നശിക്കുകയാണ്. പാൽ സൊസൈറ്റിക്ക് സമീപമാണ് കെട്ടിടം.

ഒരു നേഴ്‌സ്, എൻ.എച്ച്.എം. സ്റ്റാഫ്, ജെ.എച്ച്.ഐ., ആശപ്രവർത്തകർ തുടങ്ങിയവർ എല്ലാദിവസവും ഉണ്ടാകേണ്ട ആതുരാലയമാണ് അടഞ്ഞുകിടക്കുന്നത്. ആൾപ്പെരുമാറ്റമില്ലാതായതോടെ ഗേറ്റിലും പരിസരത്തും കാട്ടുചെടികൾ പടർന്നുകയറിയിരിക്കുകയാണ്. കഴിഞ്ഞമാസം മഞ്ഞപ്പിത്തം പടർന്നുപിടിച്ചത് ഈ ഉപകേന്ദ്രത്തിന്റെ പരിധിയിലാണ്. താഴെകൂടരഞ്ഞി അങ്കണവാടിയുടെ മുകളിലെ മുറിയിലാണ് നിലവിൽ ആരോഗ്യ ഉപകേന്ദ്രം പ്രവർത്തിച്ചുവരുന്നത്.

ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ളതാണ് ഉപകേന്ദ്രം. കെട്ടിടനിർമാണം പൂർത്തിയാക്കിയെങ്കിലും അനുബന്ധപ്രവൃത്തികൾ നടത്താതെയാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി തിരഞ്ഞെടുപ്പിനുമുന്നോടിയായി ധൃതിപിടിച്ച് ഉദ്ഘാടനംചെയ്തതെന്ന് ആരോപണമുണ്ട്. മാറിവന്ന പഞ്ചായത്ത് ഭരണസമിതിയും ഇക്കാര്യത്തിൽ മതിയായ താത്പര്യമെടുക്കുന്നില്ലെന്നാണ് ആക്ഷേപം. മഞ്ഞപ്പിത്തം ഉൾപ്പെടെ പകർച്ചവ്യാധികളുടെ ഗൗരവം കണക്കിലെടുത്തി ആരോഗ്യ ഉപകേന്ദ്രം പ്രവർത്തിപ്പിക്കാനാവശ്യമായ നടപടികൾ വേഗത്തിലാക്കണമെന്ന് ഗ്രാമപ്പഞ്ചായത്തംഗവും മുൻ പ്രസിഡന്റുമായ ആദർശ് ജോസഫ് ആവശ്യപ്പെട്ടു.

അടുത്തമാസം പ്രവർത്തനസജ്ജമാകും

താഴെകൂടരഞ്ഞി ആരോഗ്യ ഉപകേന്ദ്രം അടുത്തമാസംതന്നെ പ്രവർത്തിപ്പിക്കാനാകും. അവസാനഘട്ട മിനുക്കുപണികളേ ബാക്കിയുള്ളൂ. കിണറുണ്ടെങ്കിലും വെള്ളം ഉപയോഗശൂന്യമാണ്. സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽനിന്ന്‌ വെള്ളം ലഭ്യമാക്കാൻ കഴിഞ്ഞദിവസം ചേർന്ന ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇൻഡസ്ട്രിയൽ, വൈദ്യതീകരണ പ്രവൃത്തികളെല്ലാം ഈ ഭരണസമിതിയാണ് പൂർത്തിയാക്കിയത്.

ബോബി ഷിബു,

കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്