മുക്കൂട്ടുതറ : എരുമേലിയിൽനിന്നും പമ്പയിലേക്കുള്ള പാതയിലെ പ്രധാന കേന്ദ്രങ്ങളാണ് മുക്കൂട്ടുതറയും കണമലയും. തീർഥാടനകാലത്തും ശബരിമലയിൽ മാസപൂജാവേളയിലും ഭക്തരുടെ വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്നയിടം. എന്നാൽ, ഇതിന് അനുബന്ധമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. ഗതാഗതത്തിരക്കിൽ ഭക്തരും നാട്ടുകാരും വീർപ്പുമുട്ടുന്ന കാഴ്ചകൾ.
ശബരിമലയിൽ തിരക്ക് അധികരിക്കുമ്പോൾ, നിയന്ത്രണത്തിന്റെ ഭാഗമായി ഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്തിടാനുള്ള സൗകര്യങ്ങളില്ല. പ്രാഥമിക കൃത്യനിർവഹണത്തിനും വേണ്ടത്ര സൗകര്യങ്ങളില്ല. വിസ്തൃതമായ എരുമേലി പഞ്ചായത്തിനെ വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമായി പഞ്ചായത്ത് രൂപവത്കരിച്ചാൽ കൂടുതൽ വികസനത്തിന് സാധ്യത തെളിഞ്ഞേനെ. ശബരിമല തീർഥാടകർക്കും ഗുണകരമായേനെ. എന്നാൽ, 2015-ൽ പഞ്ചായത്ത് വിഭജനത്തിനായി വാർഡുകൾ പുനഃക്രമീകരിച്ച് നടപടികൾ പൂർത്തിയായെങ്കിലും പദ്ധതി നടപ്പായില്ല.
ശബരിമലപ്പാതയിൽ എരുമേലി കഴിഞ്ഞാൽ പ്രധാനപട്ടണമാണ് മുക്കൂട്ടുതറ. എരുമേലിയുടെ കിഴക്കൻമേഖലയുടെ വാണിജ്യകേന്ദ്രം. പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും, അടിസ്ഥാന സൗകര്യങ്ങളേതുമില്ലാതെ വികസനത്തിനായി കാത്തിരിക്കുന്ന അവസ്ഥ. എരുമേലി പഞ്ചായത്തിലെ 15-ാം വാർഡിലാണ് മുക്കൂട്ടുതറ ടൗൺ.ടൗൺവാർഡിൽ മാത്രം മൊത്തം 1835-വോട്ടർമാർ. വെൺകുറിഞ്ഞി, പ്രപ്പോസ്, മണിപ്പുഴ, കൊല്ലമുള, ചാത്തൻതറ, ഇടകടത്തി, ഉമ്മിക്കുപ്പ, മുട്ടപ്പള്ളി, എലിവാലിക്കര, തുമറംപാറ തുടങ്ങിയ പ്രദേശങ്ങൾ മുക്കൂട്ടുതറ ടൗണിന് സമീപം.
കിഴക്കൻ മേഖലയിലെ കണമല, മൂക്കംപെട്ടി, കാളകെട്ടി, എയ്ഞ്ചൽവാലി, മൂലക്കയം, കിസുമം, പമ്പാവാലി പ്രദേശങ്ങളിലുള്ളവരുടെ പ്രധാനവ്യാപാരകേന്ദ്രവും മുക്കൂട്ടുതറ ടൗണാണ്. എരുമേലി, വെച്ചൂച്ചിറ പഞ്ചായത്തുകളും അതിർത്തി പങ്കിടുന്നു.
1950-കളിലാണ് മൂക്കൂട്ടുതറയിൽ ചെറിയതോതിൽ വ്യാപാരസ്ഥാനങ്ങൾ ഉയരാൻ തുടങ്ങിയതെന്ന് പഴമക്കാർ ഓർക്കുന്നു. കാലം പുരോഗമിക്കുന്നതനുസരിച്ച് ജനസംഖ്യാവർധനവും കൂടുതൽ വ്യാപാര സ്ഥാപനങ്ങളും ഉണ്ടായതൊഴിച്ചാൽ അടിസ്ഥാനവികസനം ഇന്നും അകലെയാണ് നാടിന്. ശബരിമല തീർഥാടനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മതിയായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട് മുക്കൂട്ടുതറയിലും കണമലയിലും.
Published: 09 Oct 2026, 02:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented