വേമ്പനാട്ടുകായലിൽ പോളശല്യം രൂക്ഷം
മുഹമ്മ : കുട്ടനാടൻ പാടശേഖരങ്ങളിൽനിന്ന് വേമ്പനാട്ടുകായലിലേക്ക് ഒഴുക്കിവിടുന്ന പോള മുൻവർഷങ്ങളെ അപേക്ഷിച്ച് അതിരൂക്ഷമായി പടരുന്നു. കായലിൽ പോള നിറഞ്ഞുകവിഞ്ഞതോടെ ജലഗതാഗതവും തീരവാസികളുടെ ദൈനംദിന ജീവിതവും പൂർണമായി തടസ്സപ്പെട്ടു. മുഹമ്മ-കുമരകം ബോട്ടു സർവീസിനെയും സാരമായി ബാധിക്കുന്നു.
മത്സ്യത്തൊഴിലാളികൾക്കും കക്കവാരൽ തൊഴിലാളികൾക്കും കുടക്കൂട് ഉപയോഗിച്ച് ചെമ്മീൻ പിടിക്കുന്നവർക്കും പോള തടസ്സമാകുകയാണ്. പോളയ്ക്കൊപ്പം ഒഴുകിയെത്തുന്ന മാലിന്യം അടിഞ്ഞുകൂടി പ്രദേശത്ത് കടുത്ത ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. ഇതുകൂടാതെ, രാത്രിയിൽ കൊതുകുശല്യം വർധിച്ചതും കായൽത്തീരങ്ങളിൽ താമസിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
കായലിൽ പോളയും പായലും അടിഞ്ഞുകൂടിയതോടെ പുരവഞ്ചികളുടെയും മറ്റു ജലയാനങ്ങളുടെയും എൻജിൻ പ്രൊപ്പല്ലറുകളിൽ പായൽകുരുങ്ങി യാത്ര തടസ്സപ്പെടുന്ന അവസ്ഥയുമുണ്ട്. മേഖലയിലെ വിനോദസഞ്ചാര സാധ്യതകളെയും ഇതു വിനോദസഞ്ചാരികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കായൽത്തീരങ്ങളിൽ നൂറുകണക്കിനു ചീനവലകളാണ് പ്രവർത്തിക്കുന്നത്.
ഇടവേളയ്ക്കുശേഷം ചെറുമീനുകൾ, ചെമ്മീൻ എന്നിവയുടെ ലഭ്യത വർധിച്ചതോടെ വലിയ പ്രതീക്ഷയിലായിരുന്ന മത്സ്യത്തൊഴിലാളികൾക്ക് പോളനിറഞ്ഞതു കാരണം ചീനവലകൾ പൊക്കാൻപോലും കഴിയുന്നില്ല. കുട്ടനാടൻ പാടശേഖരങ്ങളിൽനിന്നുള്ള പോള അവിടെത്തന്നെ അരിഞ്ഞു വളമാക്കിമാറ്റാൻ യന്ത്രം പ്രവർത്തിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഇവയെല്ലാം തുരുമ്പെടുത്തു നശിക്കുകയാണ്. വേമ്പനാട്ടുകായലിൽ ജലനിരപ്പു കുറവായതിനാൽ തണ്ണീർമുക്കം ബണ്ടു വഴിയുള്ള നീരൊഴുക്കു കുറവാണ്. കായലിലെ പോളയും മാലിന്യവും അടിയന്തരമായി നീക്കംചെയ്യാനും ദുരിതത്തിലായ ജനങ്ങൾക്കും തൊഴിലാളികൾക്കും ആശ്വാസമേകാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Published: 09 Oct 2026, 02:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented