ആറുവർഷം മുൻപേ ടേക്‌ എ ​േബ്രക്ക്‌ കുറവിലങ്ങാട്‌ പഞ്ചായത്തിൽ തുടങ്ങി

To advertise here,

കുറവിലങ്ങാട് : സർക്കാർ ടേക്ക് എ ബ്രേക്ക് പ്രഖ്യാപിക്കുംമുമ്പ് നാട് ഏറ്റെടുത്ത് പ്രാവർത്തികമാക്കിയ ഗ്രാമോദ്യാനമുണ്ട്‌ കോഴാ നാടുകുന്നിൽ. മാലിന്യം തള്ളിയിരുന്ന വഴിയോരത്ത് ജനകീയ കൂട്ടായ്മയിലൂടെ തീർത്ത മനോഹരമായ ഇടം. ആറുവർഷം മുമ്പാണ് പാലാ റോഡിൽ നാടുകുന്ന് കവലയ്ക്ക് സമീപം ഗ്രാമോദ്യാനം സജ്ജമാക്കിയത്.

അന്നത്തെ കോഴാ വാർഡ് അംഗം ഷൈജു പാവുത്തിയേലിന്റെ നേതൃത്വത്തിൽ ജനകീയസമിതിക്ക് രൂപം നൽകി. മാലിന്യകേന്ദ്രത്തെ മലർവാടിയാക്കണമെന്ന ആശയമാണ് ഗ്രാമോദ്യാനത്തിന് വഴിതുറന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭ്യമാക്കി.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികളും തൊഴിലുറപ്പ് പ്രവർത്തനങ്ങളും ക്ലബുകളുടെയും സംഘടനകളുടെയും സഹകരണവും കൂട്ടിച്ചേർത്തു. 2020-ൽ ഇവിടം ഗ്രാമോദ്യാനമായി. പുൽത്തകിടി, ഇരിപ്പിടത്തറകൾ, ബെഞ്ചുകൾ, വെളിച്ചസംവിധാനം തുടങ്ങിയവയും ഒരുക്കി. തണൽ, ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു.

വഴിയാത്രക്കാർക്ക് വിശ്രമകേന്ദ്രം

സംസ്ഥാനത്തെ ആദ്യകാല ‘ടേക്ക് എ ബ്രേക്ക്’ വഴിയോര വിശ്രമകേന്ദ്രങ്ങളിലൊന്നായി ശ്രദ്ധ നേടി. ശൗചാലയം ഒരുക്കി. പഞ്ചായത്തിന് ലഭിച്ച ശുചിത്വകേരളം പുരസ്കാരമടക്കമുള്ള വിവിധ അംഗീകാരങ്ങളിലും ഗ്രാമോദ്യാനം ശ്രദ്ധേയഘടകമായി. ജൈവ വൈവിധ്യ ഉദ്യാനം എന്ന നിലയിലും ശ്രദ്ധ നേടി. കുടുംബശ്രീയുടെ നേതൃത്വത്തിൽ നാടൻ ഭക്ഷണശാലയും ഇവിടെയുണ്ട്‌.

ഇടക്കാലയിളവിൽ സംരക്ഷണം ചെറുതായി കുറഞ്ഞു.ഇപ്പോൾ ജനകീയ സമിതി പുനഃസംഘടിപ്പിച്ചു. ഉദ്യാനത്തിന് പുതുജീവൻ നൽകാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. പഞ്ചായത്തംഗം സാം ജോസഫ് പൈനാപ്പിള്ളിയുടെ നേതൃത്വത്തിലാണ് നവീകരണവും സംരക്ഷണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നത്. പരിസരവാസികളെ ഉൾപ്പെടുത്തി രൂപവത്‌കരിച്ച സമിതിയുടെ മേൽനോട്ടത്തിലാണ് തുടർപ്രവർത്തനം. റോട്ടറി ക്ലബും, ദേവമാതാ കോളേജ് എൻ.എസ്.എസ്. യൂണിറ്റും സഹായവുമായി എത്തി.

​

ജനകീയ ഇടം

നാട്ടിലെ പ്രധാന ജനകീയ ഇടമാണ് ഗ്രാമോദ്യാനം. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം വിശ്രമിക്കാനും ഉല്ലാസത്തിനുമായുള്ള സുരക്ഷിത സുന്ദര ഇടം. അതുകൊണ്ടാണ് ഈ മാതൃകാ ജനകീയപദ്ധതിക്ക് ദേവമാതാ കോളേജ് പിന്തുണ വാഗ്‌ദാനം ചെയ്തത്.

ജിതിൻ ജോയ്‌, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ, ദേവമാതാ കോളേജ്, കുറവിലങ്ങാട്.

സാംസ്‌കാരിക ഇടമാക്കും

പാർക്കിന്റെ പരിചരണത്തിന്‌ മുൻതൂക്കം നൽകും. ജനകീയ സഹകരണവും സാധ്യമാക്കും. കുട്ടികൾക്ക് കൂടുതൽ വിനോദോപാധികളും പാർക്കിനോടനുബന്ധിച്ച് ഓപ്പൺ ജിമ്മും ആലോചനയിലുണ്ട്.

- സാം ജോസഫ്, പൈനാപ്പള്ളിൽ, വാർഡ് അംഗം.