മരങ്ങോലി : ഒറ്റനിമിഷത്തെ ആവേശമായിരുന്നില്ല അത്. പലനാൾ ആലോചനയുടെ ആഗ്രഹത്തിന്റെ വിളിയായിരുന്നു.

To advertise here,

തന്റെ കുട്ടികൾക്കും നാട്ടിലെ മറ്റു കുട്ടികൾക്കും അക്ഷരം പഠിക്കാൻ ഒരു പള്ളിക്കൂടം വേണമെന്ന മോഹവുമായി മരങ്ങോലി, കാഞ്ഞിരക്കുഴി കരിയാനിമറ്റത്തിൽ വർക്കി ഉലഹന്നാൻ കാൽനടയായി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. എത്രവട്ടംപോയെന്ന് ആർക്കും അറിയില്ല. ഒടുവിൽ 1914-ൽ, തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ അനുമതി കിട്ടി. വർക്കി ഉലഹന്നാൻ നൽകിയ അര ഏക്കർ സ്ഥലത്ത് നാലാംതരംവരെയുള്ള പള്ളിക്കൂടം പിറന്നു. അതാണ് കോട്ടയം ജില്ലയുടെ വടക്കേ അറ്റമായ ഞീഴൂർ, മരങ്ങോലി ഗവ. എൽ.പി. സ്കൂൾ.

112 വർഷം കഴിഞ്ഞിട്ടും ആ സ്കൂൾ ഇന്നും എൽ.പി. സ്കൂൾ തന്നെ. 100-ൽ താഴെ കുട്ടികളുമായി, പരിമിതികൾക്കിടയിൽ നാലാംക്ലാസ് വരെ മാത്രമായി തുടരുന്നു. 112 വർഷത്തിനിടയിൽ ഒട്ടും മുന്നോട്ട് നീങ്ങിയില്ല, ഇത്തിരി താഴേക്ക് വളർന്നു എന്ന് നാട്ടുകാർ. 2012-ൽ പ്രീ-പ്രൈമറി ആരംഭിച്ചതാണ് ഈ കാലയളവിലെ ഏക വളർച്ച. കെട്ടിടത്തിന് ഉറപ്പോ സൗകര്യമോ ഇല്ലെന്ന് മനസ്സിലാക്കിയ പ്രഥമാധ്യാപിക സിബി തോമസ്, വാർഡ് മെമ്പർ ലില്ലി മാത്യു, എസ്.എം.സി. ചെയർമാൻ പി.എം. ബീമോൻ, പി.ടി.എ. പ്രസിഡന്റ് എം.ഡി. മാത്യൂസ് എന്നിവർ 2023 ഡിസംബറിൽ കുറവിലങ്ങാട് നടന്ന നവകേരള സദസ്സിൽ പുതിയസ്‌കൂൾ കെട്ടിടത്തിനായി അപേക്ഷ നൽകി.

അപേക്ഷ പരിഗണിച്ച് സർക്കാർ 2025 നവംബർ 15-ന് സ്കൂൾ പുതുക്കിപ്പണിയാൻ 1.20 കോടി രൂപ അനുവദിച്ചു. അന്ന് അപേക്ഷ നൽകിയ വാർഡ് മെമ്പർ ലില്ലി മാത്യു സ്കൂളിന്റെ സ്ഥാപകൻ വർക്കി ഉലഹന്നാന്റെ മകൻ തോമസ് വർക്കിയുടെ മകൻ അബ്രാഹം കെ. തോമസിന്റെ ഭാര്യയാണ്. എന്നാൽ, സർക്കാർ തുക അനുവദിച്ചതിന്റെ പേരിൽ നിലവിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയതല്ലാതെ മറ്റൊരുപണിയും നടന്നിട്ടില്ല. നിലവിലെ എസ്റ്റിമേറ്റ് അനുസരിച്ച് മൂന്നുക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും മാത്രമേ പണിയൂ എന്നാണ് പറയുന്നത്. അടുത്ത അധ്യയനവർഷത്തിനു മുൻപെങ്കിലും പുതിയ കെട്ടിടത്തിലേക്ക് മാറുമെന്ന പ്രതീക്ഷയിലാണ് ഒരുനാട് മുഴുവൻ.