മതിയായ നഷ്ടപരിഹാരം നൽകിയില്ലെന്നു പരാതി
ആലപ്പുഴ : കെ.എസ്.ഇ.ബി.യുടെ വൈദ്യുതിക്കമ്പികളും ടവറും കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് ആലപ്പുഴ മുല്ലാത്തുവാർഡ് കളത്തിൽ വീട്ടിൽ സഹോദരങ്ങളായ ആന്റണി തോമസിന്റെയും അനിയൻ തോമസിന്റെയും കുടുംബം. രണ്ടുപേരുടെയും വീടിനു മുകളിലൂടെ 110 കെ.വി. ലൈനിന്റെ ആറു കമ്പികൾ കടന്നുപോകുന്നുണ്ട്. താഴെക്കൂടി ഭൂഗർഭ കേബിളും. ഇപ്പോഴിതാ മറ്റൊരു 110 കെ.വി. ലൈൻകൂടി വരുന്നു. ഒപ്പം, അതിന്റെ ടവറും.
ഹൈക്കോടതി ഇടപെട്ടിട്ടും മതിയായ നഷ്ടപരിഹാരം നൽകാതെയുള്ള അധികൃതരുടെ നീക്കമാണ് ഇവരെ ഏറെ വേദനിപ്പിക്കുന്നത്. ആന്റണി തോമസിനുള്ളത് ഏഴു സെന്റ് സ്ഥലവും വീടുമാണ്. അതിനു മുകളിലൂടെ പോകുന്നത് 110 കെ.വി. ലൈൻ. ഇതുകാരണം മുകളിൽ നിർമാണം നടത്താനാകുന്നില്ല. ഇതിനിടെയാണ് മറ്റൊരു 110 കെ.വി. ലൈൻ കൂടി വരുന്നത്. നേരത്തേയുണ്ടായിരുന്ന 66 കെ.വി. ലൈൻ വിപുലീകരിച്ചാണിത്. ഇതോടെ വീടിനു മുകളിലൂടെ പോകുന്ന കമ്പികളുടെ എണ്ണം 12 ആകും.
66 കെ.വി.യുടെ പഴയ ടവർ 110 കെ.വി. ടവർ സ്ഥാപിക്കാനായി പൊളിച്ചുനീക്കിയിരുന്നു. അതേസ്ഥാനത്ത് കൂടുതൽ വലുപ്പത്തിലാണ് പുതിയ ടവർ വരുന്നത്. ഇത് അനിയൻ തോമസിന്റെ വീടിന്റെ അടിത്തറയോടു ചേർന്നാണ്. ഇവിടെ നിർമാണം നടത്തിയാൽ വീടു പൊളിഞ്ഞുവീഴുമോയെന്നാണ് ആശങ്ക.
കെ.എസ്.ഇ.ബി.യുടെ നടപടിക്കെതിരേ ആന്റണി തോമസ് ൈഹക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുക മുൻകൂറായി നൽകണമെന്നു കോടതി നിർദേശിച്ചു. എന്നാൽ, 1,45,729 രൂപ മാത്രം നൽകി. ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് ഭൂമി മൂല്യത്തിന്റെ 200 ശതമാനം തുക ലഭിക്കേണ്ടതാണെന്നും അതു നൽകാതെയുള്ള നടപടി അംഗീകരിക്കില്ലെന്നുമാണ് ആന്റണി തോമസിന്റെ നിലപാട്.
പോലീസ് സംരക്ഷണം നൽകി ജില്ല ഭരണകൂടം
ടവർ സ്ഥാപിക്കുന്നതിനുള്ള നഷ്ടപരിഹാരം മുൻകൂറായി ആന്റണി തോമസിനു നൽകിയതിനാൽ നടപടിയുമായി മുന്നോട്ടുപോകുകയാണെന്നാണ് കെ.എസ്.ഇ.ബി.യുടെ നിലപാട്. ടവർ നിർമാണത്തിനുള്ള പ്രാഥമിക ജോലി വ്യാഴാഴ്ച തുടങ്ങി. നിർമാണം തടസ്സപ്പെടുത്താതിരിക്കാൻ ജില്ല ഭരണകൂടം പോലീസ് സംരക്ഷണവും കെ.എസ്.ഇ.ബി. അധികൃതർക്ക് ഉറപ്പാക്കിയിട്ടുണ്ട്.
വികസനത്തിന് എതിരല്ലെന്നു കുടുംബം
ഒരു വികസനപ്രവർത്തനത്തിനും എതിരല്ലെന്നും കേന്ദ്ര മാനദണ്ഡപ്രകാരമുള്ള നഷ്ടപരിഹാരത്തുക ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്നും ആന്റണി തോമസ് പറഞ്ഞു. നിലവിൽ നൽകിയത് ഭൂമിയുടെ ന്യായവിലയ്ക്കനുസരിച്ചുള്ള തുകയല്ല. ടവർ സ്ഥാപിക്കുമ്പോൾ സഹോദരന്റെ വീടിനു കേടുപാടുണ്ടായാലുള്ള ഉത്തരവാദിത്വം കെ.എസ്.ഇ.ബി. ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Published: 09 Oct 2026, 02:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented