കറ്റാനം : എട്ടുമാസം മുൻപ് പുനർനിർമാണത്തിനായി ടാറിങ് ഇളക്കിയിട്ട കരിമുട്ടത്ത് ജങ്ഷൻ-കണ്ണങ്കര ജങ്ഷൻ റോഡിലൂടെയുള്ള യാത്ര ദുരിതത്തിൽ. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ടാറിങ് ഇളക്കി മെറ്റൽ വിരിച്ചിട്ട റോഡിലാണ്‌ യാത്രാദുരിതം.

To advertise here,

മെറ്റൽ ഇളകിക്കിടക്കുന്നത് ഇരുചക്രവാഹന യാത്രികർക്ക് അപകടക്കെണിയായി. ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചാൽ വരാത്ത സ്ഥിതിയാണ്. ഇതു രോഗികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ആശുപത്രികളിലടക്കം പോകുന്നതിനു ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്ത്രീകളടക്കം ഒട്ടേറെ ഇരുചക്രവാഹന യാത്രികരാണ് ദിനംപ്രതി അപകടത്തിൽപ്പെടുന്നത്. മെറ്റൽ തുളച്ചുകയറി ഇരുചക്രവാഹനങ്ങളുടെ ടയർ പഞ്ചറാകുന്നതും പതിവാണ്.

വർഷങ്ങളായി ടാറിങ് ഇളകി കുണ്ടും കുഴികളുമായി വെള്ളക്കെട്ടായ നിലയിലായിരുന്നു. പ്രദേശവാസികളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പുനർനിർമിക്കാൻ അന്നത്തെ ജില്ല പഞ്ചായത്തംഗം നികേഷ് തമ്പി ഇടപെട്ട് ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിപ്പിച്ചത്. ഒരുവർഷം മുൻപ്‌ ടെൻഡർ ചെയ്ത്‌ കരാറുകാരനെ ഏൽപ്പിച്ചതാണ്. മാർച്ച് മാസത്തിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുൻപാണ് ടാറിങ് ഇളക്കിയശേഷം മെറ്റൽ വിരിച്ചത്.

മെറ്റൽ വിരിച്ചതിനുശേഷം പാർട്ട്‌ ബിൽ തുകയായി ലക്ഷങ്ങൾ കരാറുകാരൻ കൈപ്പറ്റി മാസങ്ങൾ കഴിഞ്ഞിട്ടും തുടർപ്രവർത്തനങ്ങളൊന്നും നടന്നില്ല. കറ്റാനം-ചൂനാട് റോഡിനെയും കറ്റാനം-കണ്ണനാകുഴി വഴി നാമ്പുകുളങ്ങരയിലേക്കുള്ള റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. കറ്റാനം തെക്ക്, ഇലിപ്പക്കുളം വടക്ക് വാർഡുകളിലെ ജനങ്ങൾ കറ്റാനം ജങ്ഷനിലേക്കു പോകാനും കെ.പി. റോഡിൽ കോയിക്കൽ ചന്തയിലെത്തി വിവിധ സ്ഥലങ്ങളിലേക്കു പോകാനും ഉപയോഗിക്കുന്ന ഏകമാർഗമാണിത്. കൂടാതെ, കറ്റാനം വലിയവീട് ദുർഗാക്ഷേത്രം, മണ്ണടിക്കുറ്റി ഭദ്രകാളി-മഹാദേവക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള വഴി കൂടിയാണിത്. റോഡ് അടിയന്തരമായി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.