ആദ്യഘട്ട നിർമാണം മഴയും വെള്ളപ്പൊക്കവും എത്തിയതോടെപൂർണമായും നിലച്ചു

To advertise here,

മാന്നാർ : ഏറെ വർഷങ്ങളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനു വിരാമമിട്ട് തുടക്കംകുറിച്ച മാന്നാർ പാവുക്കര മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡിന്റെ പുനർനിർമാണം എങ്ങുമെത്താതെ നിലച്ചിട്ട് മാസങ്ങളായി. ഇഴഞ്ഞിഴഞ്ഞ് നീങ്ങിയ ആദ്യഘട്ട നിർമാണം മഴയും വെള്ളപ്പൊക്കവും എത്തിയതോടെയാണ് പൂർണമായും നിലച്ചത്.

മാന്നാർ ഗ്രാമപ്പഞ്ചായത്തിന്റെ പടിഞ്ഞാറൻമേഖലയിലെ ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌ വാർഡുകളിലൂടെ കടന്നുപോകുന്ന മാന്നാർ പാവുക്കര മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡിൽ മൂന്നു പതിറ്റാണ്ടായി തുടരുന്ന യാത്രാദുരിതത്തിനു പരിഹാരമായി സ്ഥലം എം.എൽ.എ.കൂടിയായ മന്ത്രി സജി ചെറിയാൻ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 19.23 കോടി രൂപയാണ് അനുവദിച്ചത്.

ആദ്യം കരാർ ഏറ്റെടുത്ത കമ്പനി കൈയൊഴിഞ്ഞതിനെത്തുടർന്ന് അനിശ്ചിതത്വത്തിലായ റോഡുനിർമാണത്തിനായി മന്ത്രി സജി ചെറിയാൻ നടത്തിയ ശ്രമങ്ങളുടെ ഫലമായിട്ടാണ് കരാർ ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റി മുന്നോട്ടു വന്നത്. 4.5 കി.മീ ദൈർഘ്യമുള്ള മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡ് വീതികൂട്ടി ഇരുവശവും സംരക്ഷണഭിത്തി കെട്ടി കോൺക്രീറ്റ് ചെയ്യാനാണ് കരാർ.

പുനർനിർമാണത്തിന്റെ ഭാഗമായി ബണ്ട് റോഡിന്റെ വശങ്ങളിൽ സംരക്ഷണഭിത്തി കെട്ടുന്ന പണികൾ ആദ്യഘട്ടമായി മൂർത്തിട്ട ഭാഗത്തുനിന്നാണ് ആരംഭിച്ചത്. ഫെബ്രുവരിയിൽ പ്രാരംഭപ്രവർത്തനങ്ങളോടെ തുടങ്ങിയ പുനർനിർമാണം മേയ് മാസത്തോടെ സ്തംഭനാവസ്ഥയിലായി.

നിർമാണപ്രവർത്തനത്തിനാവശ്യമായ സാധനസാമഗ്രികൾ സൂക്ഷിക്കുന്നതിനായി നിശ്ചയിച്ച സ്ഥലത്തിന് വലിയ തുക വാടക ആവശ്യപ്പെട്ടതും പ്രതികൂല കാലാവസ്ഥയിൽ ക്വാറികൾ അടച്ചതോടെ കരിങ്കല്ലു ലഭിക്കാത്തതും നിർമാണം പ്രതിസന്ധിയിലാക്കി.

കൂടാതെ, തൊഴിലാളികൾക്ക് നിർമാണ കാലയളവിലേക്ക് അനുയോജ്യമായ താമസസൗകര്യം ലഭിക്കാത്തതും ഇതരസംസ്ഥാനത്തൊഴിലാളികളുടെ ക്ഷാമവും നിർമാണത്തെ ബാധിച്ചിരുന്നു.