ടൂറിസം പദ്ധതികളുമായി ജലഗതാഗതവകുപ്പ്
വൈക്കം-പാലാക്കരിടൂറിസം ബോട്ട് സർവീസ് ആരംഭിച്ചു
വൈക്കം : മികച്ച വരുമാനം ലക്ഷ്യമിട്ടും സഞ്ചാരികൾക്ക് കായൽക്കാഴ്ചകൾ കണ്ട് ആസ്വാദിക്കാൻ അടിസ്ഥാന സൗകര്യം ഒരുക്കിയും ജലഗതാഗത ടൂറിസം രംഗത്ത് പുതിയ ചുവടുവെപ്പുമായി ജലഗതാഗതവകുപ്പ്. വൈക്കം ബോട്ട്‌ജെട്ടിയിൽ നിന്നും ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ 100-ദിന കർമപദ്ധതിയുടെ ഭാഗമായി രാവിലെ 11-ന് വൈക്കത്തുനിന്ന് ബോട്ട് സർവീസ് ആരംഭിച്ച് തവണക്കടവ് ജെട്ടിയിൽനിന്നുള്ള സഞ്ചാരികളെയും കയറ്റി ചെമ്പ് പഞ്ചായത്തിലെ പാലാക്കരി അക്വാ ടൂറിസം സെന്ററിലേക്കാണ് ബോട്ട് യാത്ര.
കായൽ കാറ്റേറ്റ് വേമ്പനാട്ടുകായലിന്റെ ഓളപ്പരപ്പിലൂടെ ഒന്നര മണിക്കൂർകൊണ്ട് പാലാക്കരി ഫിഷ് ഫാമിൽ എത്തും. മറ്റിടങ്ങളിലേക്ക് ബോട്ട് യാത്രയ്ക്കുള്ള വിപുലമായ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. 75 പേർക്ക് സഞ്ചരിക്കാവുന്ന പരിസ്ഥിതി സൗഹൃദമായ ആദിത്യ-മൂന്ന് എന്ന സോളാർ ബോട്ടാണ് സർവീസിനായി ഉപയോഗിക്കുന്നത്. മനോഹരമായ കായൽ കാഴ്ചകൾ, ചൂണ്ടയിടൽ, നാടൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണം എന്നിവ ആസ്വദിക്കാൻ യാത്രക്കാർക്ക് അവസരമുണ്ടാകും. 75-പേർക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന ബോട്ടിൽ യാത്ര ആസ്വാദകരമാക്കാൻ ആടാനും പാടാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. അവിടെ മൂന്നു മണിക്കൂർ സമയം വിനോദ സഞ്ചാരികൾക്ക് ചെലവഴിക്കാനാകും.
ചൂണ്ടയിടീൽ, പെഡൽ ബോട്ടിങ്, കുട്ടികൾക്കുള്ള വിവിധ റൈഡുകൾ, വിവിധ മത്സ്യങ്ങളെ നേരിൽ കാണാനുള്ള സൗകര്യം, വാട്ടർ സൈക്ലിങ്, മറ്റ് ഉല്ലാസഗെയിമുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്. തിരികെ വീണ്ടും വൈക്കം ജെട്ടിയിലെത്തുന്ന നിലയിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.
എൻട്രി പാസ് ഉൾപ്പെടെ 799 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് 575 രൂപയുമാണ്. വൈക്കം ബോട്ട് ജെട്ടിയിൽ കെ. ബിനിമോൻ എം.എൽ.എ. ആദ്യയാത്ര ഫ്ളാഗോഫ് ചെയ്തു. വൈക്കം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ അധ്യക്ഷത വഹിച്ചു. വൈക്കം ബോട്ട് ജെട്ടിയിൽ കെ. ബിനിമോൻ എം.എൽ.എ. ആദ്യയാത്ര ഫ്ളാഗോഫ് ചെയ്തു. വൈക്കം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ അധ്യക്ഷത വഹിച്ചു.
ജലഗതാഗത വകുപ്പ് ഡയറക്ടർ ഡോ. ജെ.ഒ. അരുൺ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു അജി, ലിജി സലഞ്ചുരാജ്, കെ.ജെ. സണ്ണി, എസ്. ബിജു, വൈക്കം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സോണി സണ്ണി, നഗരസഭാംഗം റെജിമോൾ പ്രദീപ്, ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് കെ.വി. സജിത്ത് എന്നിവർ പ്രസംഗിച്ചു.
Published: 09 Oct 2026, 02:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented