വൈക്കം : വേമ്പനാട് കായലിന് കുറുകേ ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് നിർമിച്ച നേരേകടവ്-മാക്കേക്കടവ് പാലം ഗതാഗതത്തിനായി തുറന്നു.തുറവൂർ-പമ്പ പാത പദ്ധതിയുടെ രണ്ടാമത്തെ പാലമാണ് നേരേകടവ്-മാക്കേക്കടവ്. മാക്കേക്കടവിൽ നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനംചെയ്തു.

To advertise here,

നിരവധി തലമുറകളുടെ സ്വപ്‌നമാണ് ഞായറാഴ്ച രാവിലെ പാലം ഗതാഗതത്തിനായി തുറന്നതോടെ സാക്ഷാത്കരിച്ചത്. കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കുന്ന ഭാഗമായ നേരേകടവിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നാടമുറിക്കുമ്പോൾ ആർപ്പുവിളികളും മുദ്രാവാക്യംവിളികളും വാനിലുയർന്നു. ആയിരങ്ങളാണ് ഉദ്ഘാടന സമ്മേളനത്തിലേക്കും പാലം കാണാനുമായി വിവിധ കരകളിൽനിന്ന് ഇവിടേക്കെത്തിയത്. റോഡുമാർഗം വാഹനങ്ങളിലും ജലമാർഗം വള്ളങ്ങളിലും ബോട്ടുകളിലും വൻജനക്കൂട്ടമാണ് നേരേകടവിലും മാക്കേക്കടവിലുമായി എത്തിയത്.

വാഹനങ്ങളിലും കാൽനടയായും സഞ്ചരിക്കാനുള്ള തിരക്കായിരുന്നു പാലത്തിൽ. കുട്ടികളും മുതിർന്നവരുമടക്കം സെൽഫിയെടുക്കുന്നത്‌ പാലത്തിലെ വേറിട്ടകാഴ്ചയായി.

 

പള്ളിത്തോട്-പമ്പ പാതയെന്നു നാമകരണം ചെയ്യണം-ഷാനിമോൾ ഉസ്മാൻഉദ്ഘാടനത്തിൽനിന്ന്‌ ഒഴിവാക്കി; ജി. സുധാകരൻ അതൃപ്തിയിൽ

പൂച്ചാക്കൽ : മാക്കേക്കടവ്- നേരേകടവ് പാലം ഉൾക്കൊള്ളുന്ന പാതയെ പള്ളിത്തോട്- പമ്പ പാതയെന്നു നാമകരണം ചെയ്യുന്നതു പരിഗണിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. മാക്കേക്കടവ്- നേരേകടവ് പാലം ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു അവർ. തീരദേശറോഡിന്റെ തുടക്കമാണ് പള്ളിത്തോട്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്വപ്‌നപദ്ധതിയായിരുന്നു ഈ പാത.

അദ്ദേഹത്തിന്റെ ഭരണകാലത്താണ് പാലത്തിന്‌ അനുമതി ലഭിച്ചത്. ഇതിന്റെ ഭരണാനുമതിയും സാങ്കേതികാനുമതിയും രൂപകല്പനയ്ക്കുള്ള അംഗീകാരവും ഈ കാലയളവിലാണ് ലഭിച്ചത്. എന്നാൽ, അതിനുശേഷം 10 വർഷക്കാലം കഴിഞ്ഞാണ് ഉദ്ഘാടനംചെയ്യാൻ കഴിഞ്ഞത്. ഈ സമയത്ത് ഏറ്റവുമധികം പാലം നിർമാണ കാര്യങ്ങൾക്കായി

ഇടപെടലുകൾ നടത്തിയിട്ടുള്ളത് കെ.സി. വേണുഗോപാൽ എം.പി.യാണ്. അതോടൊപ്പം തന്നെ എടുത്തുപറയേണ്ട പേരാണ് മുൻ എം.പി. എ.എം. ആരിഫിന്റേത്. പാലത്തിന്റെ ഊരാക്കുടുക്കുകളൊക്കെ അഴിച്ച് പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കുന്നതിനായി നിലകൊണ്ടയാളാണ്. മുൻ എം.എൽ.എ.മാരായ സി.കെ. ആശ, ദെലീമ, ഇപ്പോഴത്തെ വൈക്കം എം.എൽ.എ. കെ. ബിനിമോൻ, ജനപ്രതിനിധികൾ തുടങ്ങിയവർ വഹിച്ച പങ്കും വളരെ വലുതാണെന്നു ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

ആലപ്പുഴ : മാക്കേക്കടവ്-നേരേകടവ് പാലം ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ ജി. സുധാകരൻ എം.എൽ.എ.യ്ക്ക് അതൃപ്തി. പാലം നിർമാണത്തിനു 2017-ൽ ശിലാസ്ഥാപനം നടത്തിയത് അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരനായിരുന്നു. പാലം യാഥാർഥ്യമായപ്പോൾ നോട്ടീസിൽ സുധാകരനെക്കുറിച്ച് പരാമർശംപോലുമില്ല. എന്നാൽ, നോട്ടീസിൽ പേരുപോലുമില്ലാത്ത എ.ഡി. തോമസ് എം.എൽ.എ.യ്ക്ക് ഉൾപ്പെടെ ക്ഷണമെത്തിയിരുന്നു. ഇതാണ് അതൃപ്തിക്ക് ഇടയാക്കിയത്.