ഹരിപ്പാട് : ജില്ല പഞ്ചായത്ത് പള്ളിപ്പാട് ഡിവിഷനിൽ പള്ളിപ്പാട്ട് പട്ടികജാതി കുട്ടികൾക്ക് ഉപരിപഠനത്തിനുള്ള പരിശീലനം നൽകുന്നതിനായി പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെന്റർ സർക്കാർ സഹായത്തോടെ തുടങ്ങുമെന്ന് പ്രസിഡന്റ് എ. മഹേന്ദ്രൻ അറിയിച്ചു. ആഭ്യന്തരവകുപ്പു മന്ത്രിയുടെയും പട്ടികജാതി വകുപ്പു മന്ത്രിയുടെയും പിന്തുണയോടെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിപ്രദേശം സന്ദർശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

To advertise here,

 

അഞ്ചുവർഷം മുൻപാണ് പള്ളിപ്പാട് ചന്തയ്ക്കു വടക്ക് സ്ഥലമേറ്റെടുത്തത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഒരേക്കർ സ്ഥലം വാങ്ങിയത്. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചുറ്റുമതിൽ നിർമിച്ചു. ഇലക്ട്രോണിക് ലൈബ്രറിയ്ക്കായി കെട്ടിടം പൂർത്തിയായി. മത്സരപ്പരീക്ഷകളിലെ തയ്യാറെടുപ്പിനുള്ള ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ല പഞ്ചായത്ത് പള്ളിപ്പാട് ഡിവിഷനംഗം ജോൺ തോമസ് അറിയിച്ചു. കീച്ചേരി ശ്രീകുമാർ, മിനി കൃഷ്ണകുമാർ, അശ്വതി ഹരികുമാർ, സാജൻ പനയറ, അനിൽ തോമസ്, എസ്. ഷൈമ, ഷീലാ മോഹൻ, അനീഷാ മനോഹർ, എസ്. റാണി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.