മാന്നാർ : പതിനായിരക്കണക്കിനു തീർഥാടകരെത്തുന്ന
പരുമല പെരുന്നാളിന് ദിവസങ്ങൾ ശേഷിക്കേ തകർന്നുകിടക്കുന്ന തീർഥാടകവീഥികൾ സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധമുയരുന്നു. മാന്നാർ ടൗണിനോടു ചേർന്നുകിടക്കുന്ന, പരുമലക്കടവിൽനിന്ന് മാന്നാർ-വീയപുരം സംസ്ഥാനപാതയിലേക്കെത്താനാകുന്ന പ്രധാന ഗ്രാമീണപാതയായ പരുമലക്കടവ്-കടപ്രമഠം റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തട്ടാരമ്പലത്തുനിന്നു ചെന്നിത്തല-വിഷവർശ്ശേരിക്കര വഴി മാന്നാർ ടൗണിലെത്താതെ തിരുവല്ലയിലേക്കും പരുമലക്കടവിൽനിന്നു വീയപുരം-ഹരിപ്പാട് ഭാഗത്തേക്കും നൂറുകണക്കിനു വാഹനങ്ങൾ നിത്യവും കടന്നുപോകുന്ന പരുമലക്കടവ്-കടപ്രമഠം റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയാണ്. മാന്നാർ ടൗണിൽ ഗതാഗതക്കുരുക്കുണ്ടായാലും ഇതുവഴിയാണ് വാഹനങ്ങളെ കടത്തിവിടുന്നത്. വീയപുരം റോഡിനോടു ചേർന്നുള്ള പാവുക്കര കടപ്രമഠം ജങ്ഷനിലും റോഡ് എത്തിച്ചേരുന്ന പരുമലക്കടവ് ജങ്ഷനിലുമുള്ള വലിയ കുഴികളിൽ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതു പതിവാണ്. സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികളാണ് മിക്കപ്പോഴും അപകടത്തിൽപ്പെടുന്നവർക്കു തുണയാകുന്നത്.
മാന്നാർ പഞ്ചായത്തിന്റെ മൂന്ന്, അഞ്ച് വാർഡുകളിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ കുറച്ചുഭാഗം ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്നുള്ള തുകയുപയോഗിച്ച് പുനർനിർമിച്ചെങ്കിലും ഒരുവർഷമെത്തുംമുൻപ് റോഡ് തകർന്നുതുടങ്ങി.
ഏഴര ലക്ഷം മുടക്കി 73 മീറ്റർ റോഡ് കോൺക്രീറ്റ്
:പരുമലക്കടവ്-കടപ്രമഠം റോഡിൽ ഓടാട്ട് ക്ഷേത്ര ജങ്ഷനുസമീപം വെള്ളക്കെട്ടുമൂലം ജനസഞ്ചാരം ബുദ്ധിമുട്ടിലായതോടെ രണ്ടുവർഷം മുൻപ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി
ഏഴരലക്ഷം രൂപ അനുവദിച്ച് ആ ഭാഗം മാത്രം കോൺക്രീറ്റ് ചെയ്തിരുന്നു. പരുമലക്കടവിൽനിന്നു കടപ്രമഠം ജങ്ഷനിലേക്കുള്ള റോഡിന്റെ ഏകദേശം ഒരുകിലോമീറ്റർ വരുന്ന ഭാഗം പൂർണമായും കോൺക്രീറ്റ് ചെയ്യാതെ 73 മീറ്റർ മാത്രമാണ് കോൺക്രീറ്റ് ചെയ്തത്. ഇതുമൂലം കോൺക്രീറ്റ് റോഡിന്റെ കിഴക്കുഭാഗം ചെറിയ മഴയിൽപ്പോലും വെള്ളക്കെട്ടാകുന്നതും സമീപത്തെ വീടുകളിലേക്കും കടകളിലേക്കും വെള്ളംകയറുന്നതും പതിവായി. വെള്ളമൊഴുകാനുള്ള സംവിധാനം ഒരുക്കാതെയായിരുന്നു റോഡ് കോൺക്രീറ്റ്.
ഇവിടത്തെ വെള്ളക്കെട്ടിന്റെ വിവരം ചുണ്ടിക്കാട്ടിയിട്ടും പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് പരിസരവാസികൾ പറയുന്നു. ഇതിന്റെ ബാക്കിഭാഗം പുനർനിർമിക്കുന്നതിന് രാജ്യസഭാ എം.പി. ഹാരിസ് ബീരാൻ ഫണ്ട് അനുവദിച്ചിട്ട് ഒരുവർഷം പിന്നിട്ടിട്ടും റോഡിലൂടെയുള്ള ദുരിതയാത്രയ്ക്ക് പരിഹാരമാകുന്നില്ല.
പരുമല പള്ളിപ്പെരുന്നാൾ കണക്കിലെടുത്ത് താത്കാലികമായെങ്കിലും അറ്റകുറ്റപ്പണി നടത്തി തീർഥാടകർക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Published: 19 Oct 2026, 01:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented