കുട്ടിക്കാനം-പള്ളിക്കുന്ന്-മദാമ്മക്കുളം-ഉറുമ്പിക്കര-വെംബ്ലി-കൊക്കയാർ റോഡ്
കൊക്കയർ : ടാറിങ് തകർന്ന കൊക്കയാർ-വെംബ്ലി-ഉറുമ്പിക്കര റോഡ് പൂർണമായും ഗതാഗതയോഗ്യമാക്കാൻ ഫണ്ട് കണ്ടെത്താൻ പറ്റാതെ കൊക്കയാർ പഞ്ചായത്ത്.
കുട്ടിക്കാനം-മുണ്ടക്കയം റോഡിന് സമാന്തരമായി 1997-ൽ വിഭാവനം ചെയ്ത കുട്ടിക്കാനം-പള്ളിക്കുന്ന്-മദാമ്മക്കുളം-ഉറുമ്പിക്കര-വെംബ്ലി-കൊക്കയാർ റോഡ് ഗതാഗതയോഗ്യമാക്കാൻ മാറിവരുന്ന സർക്കാരുകളും ത്രിതല പഞ്ചായത്തുകളും അനാസ്ഥ കാട്ടുകയാണ്.
സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് അന്നത്തെ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന ഇ.എസ്. ബിജിമോൾ മുൻകൈയെടുത്താണ് റോഡിന്റെ ആദ്യ നിർമാണം ആരംഭിച്ചത്. പ്രദേശവാസികളായ ആയിരത്തോളം ആളുകൾ ശ്രമദാനം ചെയ്താണ് റോഡിനുള്ള പ്രാഥമിക വഴിതുറന്നത്.
പിന്നീട് പല ഘട്ടങ്ങളിലായി ത്രിതല പഞ്ചായത്തുകൾ ഫണ്ടുകൾ നൽകിയെങ്കിലും 32 കിലോമീറ്റർ ദൂരത്തിലുള്ള റോഡ് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് തികയാതെ വന്നു. ഇതാണ് റോഡിന് തിരിച്ചടിയായത്. ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന പഞ്ചായത്തിലെ പ്രധാന വെള്ളച്ചാട്ടങ്ങളായ 100 ഏക്കർ, വെള്ളപ്പാറ, പാപ്പാനി എന്നിവിടങ്ങളിലും ഉറുമ്പിക്കര മലമുകളിലെ കാഴ്ചകൾ കാണാനും ആളുകൾ എത്തുന്ന പ്രധാന റോഡാണിത്.
കൊക്കയാർ പാലംപടി മുതൽ വെംബ്ലിവരെയുള്ള റോഡിൽ ടാറിങ് ഇളകി വലിയ കുഴികൾ ഉണ്ടായി. കുഴിയിൽ വീണ് ഇരുചക്ര വാഹനയാത്രികർ
അപകടത്തിൽപ്പെടുന്നു. ടാക്സി
:വാഹനങ്ങൾ ഇവിടേക്ക് ഓട്ടം വരാറില്ല.ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ ഉറുമ്പിക്കരയിലേക്ക് കോട്ടയം ജില്ലയിൽനിന്ന് എളുപ്പത്തിൽ ഇതുവഴി എത്തിച്ചേരാം. മുണ്ടക്കയത്തുനിന്ന് കൂട്ടിക്കൽ-കൊക്കയാർ വഴിയും 35-ാം മൈൽ ബോയ്സ് എസ്റ്റേറ്റ് വഴിയും കൊക്കയാറ്റിലെത്തി വെംബ്ലി-ഉടുമ്പിക്കര വഴി കൽതൊട്ടിയിലെത്താം. ഇവിടെനിന്ന്
കുട്ടിക്കാനം, ഏലപ്പാറ, വാഗമൺ എന്നിവിടങ്ങളിലേക്കും വേഗത്തിലെത്താം. കൊക്കയാർ പാലംമുതൽ ഒട്ടുമിക്ക ഭാഗങ്ങളും തകർന്ന നിലയിലാണ്. കൽതൊട്ടി മുതൽ ഉറുമ്പിക്കര വരെ മൺറോഡ് മാത്രമാണുള്ളത്. വലിയ ഉരുളൻ കല്ലുകൾ നിറഞ്ഞ റോഡിലൂടെ ഓഫ് റോഡ് വാഹനങ്ങൾ മാത്രമാണ് കടന്നുപോകുന്നത്.
പൊതുമരാമത്ത് വകുപ്പിനും മുഖ്യമന്ത്രിക്കും നിവേദനം നൽകി
തനതുഫണ്ട് തീരെ ഇല്ലാത്ത പഞ്ചായത്ത് ആണ്.റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയും രാഷ്ട്രീയത്തിന് അതീതമായി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
ഡി. സുഗുണൻ
പഞ്ചായത്ത് പ്രസിഡൻറ് ,കൊക്കയർ
അടുത്ത ബജറ്റിൽ തുക അനുവദിക്കുമെന്ന് ഉറപ്പ് ലഭിച്ചു
നിലവിൽ ടോക്കൺ മണി സംസ്ഥാന സർക്കാർ ബജറ്റിലൂടെ അനുവദിച്ചിട്ടുണ്ട്. സിറിയക് തോമസ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ റോഡിന്റെ നിലവിലെ സ്ഥിതി ബോധ്യപ്പെടുത്തിയിട്ടുണ്ട്. അടുത്ത ബജറ്റിൽ റോഡ് വീതി കൂട്ടി ഗതാഗതയോഗ്യമാക്കുന്നതിന് ഫണ്ട് അനുവദിക്കുമെന്ന് ഉറപ്പും ലഭിച്ചിട്ടുണ്ട്.
നൗഷാദ് വെംബ്ലി
അഴുത ബ്ലോക്ക് പഞ്ചായത്ത് കൊക്കയാർ ഡിവിഷൻ അംഗം
Published: 18 Oct 2026, 03:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented