കോട്ടയം : പൂരപ്പറമ്പുകളിലെ ഗജവീരന്മാർ ആരോഗ്യത്തോടെ തലയുയർത്തിനിർത്തുക എന്ന ലക്ഷ്യത്തോടെ കിടങ്ങൂരിൽ ഗജ വൈദ്യപരിശോധനാക്യാമ്പ്. നാട്ടാനകളുടെ ആരോഗ്യത്തിനായി കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രപരിസരത്തു നടത്തിയ മധ്യമേഖലാ ഗജ വൈദ്യപരിശോധന ക്യാമ്പിൽ കേരള വെറ്ററിനറി യൂണിവേഴ്സിറ്റി ആനപഠനകേന്ദ്രം ഡയറക്ടർ ഡോ. ടി.എസ്.രാജീവും വെറ്ററിനറി മെഡിസിൻ വിദ്യാർഥികളും ചേർന്ന് ആനകളുടെ ഹൃദയമിടിപ്പ് ഉൾപ്പെടെ പരിശോധിച്ചു.

To advertise here,

സ്റ്റെതസ്കോപ്പിലൂടെ ആനയുടെ ഹൃദയത്തിന്റെ മിടിപ്പ് എണ്ണിത്തിട്ടപ്പെടുത്തി. ശേഷം വലിയ സിറിഞ്ച് ഉപയോഗിച്ച് രക്തപരിശോധനയ്ക്കായി സാന്പിൾ ശേഖരിച്ചു. എരണ്ടയും മൂത്രവും ശേഖരിച്ച് തൃശ്ശൂർ മണ്ണുത്തി വെറ്ററിനറി കോളേജിലേക്ക് പരിശോധനയ്ക്ക് അയച്ചു.

പരിശോധനയെക്കുറിച്ച് ഡോ. ടി.എസ്.രാജീവ്...

ശ്വാസകോശം, ഹൃദയമിടിപ്പ്, കണ്ണിന്റെ കാഴ്ച, വിളർച്ച തുടങ്ങിയ പൊതുവായ ആരോഗ്യപ്രശ്നങ്ങളാണ് ആദ്യം പരിശോധിച്ചത്. എല്ലാ അവയവങ്ങളുടെയും പൊതുവായ ആരോഗ്യപ്രശ്നങ്ങൾ തിട്ടപ്പെടുത്തി.

പ്രത്യക്ഷത്തിൽ ക്ഷീണമുള്ള ആനകൾ എത്തിയിരുന്നില്ല. എന്നാൽ പ്രായാധിക്യക്ഷീണം മനുഷ്യരെപോലെ ആനകളെയും ബാധിക്കുന്നുണ്ട്. ആ വിധം ക്ഷീണം ആനകളിലുണ്ട്. അതുകൊണ്ട് ശരീരം ക്ഷീണിച്ചതുപോലെയുണ്ടാകും.

എരണ്ടം, മൂത്രം, രക്തം എന്നിവയുടെ പരിശോധനാഫലം വന്നശേഷമേ കരൾ, വൃക്ക എന്നിവയുടെ രോഗങ്ങൾ, രക്തത്തിലെ ചില ഘടകങ്ങളുടെ കുറവുകൾ കണ്ടെത്തി ചികിത്സാ നിർദേശം നൽകാൻകഴിയൂ.

കാലാവസ്ഥാവ്യതിയാനം ആനകളിൽ പോഷകാഹാരക്കുറവിന് കാരണമാകാറുണ്ട്. അവ കഴിക്കുന്ന പട്ടയിലെ ജലാംശം ഉൾപ്പെടെയുള്ള കാര്യങ്ങളിലെ കുറവ് അടുത്തയിടെ പ്രകടമായി കാണുന്നുണ്ട്. പ്രകൃതിയിൽനിന്ന് നേരിട്ട് ആഹാരംതേടുന്ന പല സസ്യഭുക്കുകളായ മൃഗങ്ങളിലും അടുത്തയിടെ ഈ പ്രശ്നം കണ്ടുവരുന്നുണ്ട്.

ആനകളുടെ മാനസികാരോഗ്യത്തിനും പ്രാധാന്യമുണ്ട്. നല്ല ആഹാരം, വെള്ളം, സ്നേഹത്തോടെയുള്ള സംരക്ഷണം എന്നിവ നാട്ടാനകൾ ആഗ്രഹിക്കുന്നുണ്ട്.

അത് കിട്ടാതെവന്നാൽ ആനകൾ ആകെ ക്ഷീണിതനായി കാണാറുണ്ട്. ഇക്കാര്യത്തിൽ പാപ്പാന്മാരുടെ സംരക്ഷണം ഒരുതരം സ്നേഹമായിട്ടാണ് ആനകൾ കാണുന്നത്.