കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി-മണിമല റോഡ് തുറന്നുനൽകാത്തതിൽ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. ചേനപ്പാടി, വിഴിക്കിത്തോട്, മണിമല എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ തിങ്കളാഴ്ച മുതൽ നിർത്തിവെക്കുമെന്ന് അവർ അറിയിച്ചിരുന്നെങ്ങിലും പിന്നീട് പിൻവലിച്ചു.

To advertise here,

അധിക ചെലവും വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടും ഇടുങ്ങിയ റോഡുകളിലൂടെ സമയത്ത് ഓടിയെത്താൻ കഴിയാത്തതുമാണ് പ്രതിഷേധത്തിന് കാരണം.

റോഡ് അടച്ചിട്ട് അഞ്ചുമാസം

കാഞ്ഞിരപ്പള്ളി-മണിമല-കുളത്തൂർമുഴി റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് മണ്ണനാനിയിലും ബൈപ്പാസിന്റെ മേൽപ്പാലത്തിന്റെ തൂണിന്റെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുരിശുങ്കലിനുസമീപവും കഴിഞ്ഞ മേയിലാണ് റോഡ് അടച്ചത്. കുരിശുങ്കലിന് സമീപം ഒരുമാസംമുൻപ് ചെറുവാഹനങ്ങൾക്ക് പോകാൻ കഴിയുന്ന രീതിയിൽ തുറന്നുകൊടുത്തിരുന്നു. എന്നാൽ മണ്ണനാനിയിൽ കലുങ്ക് നിർമാണത്തിന്റെ ഭാഗമായി റോഡ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ബസുകൾക്ക് പോകാൻ സാധിക്കാത്തതിനാൽ കാഞ്ഞിരപ്പള്ളിയിൽനിന്ന് ഈ ഭാഗത്തേക്കുള്ള ബസുകൾ കുന്നുംഭാഗത്തുനിന്ന് ടി.ബി. റോഡിലൂടെ മണ്ണാറക്കയത്ത് മണിമല റോഡിലെത്തിയാണ് പോകുന്നത്. മണിമലയിലേക്കുള്ള ബസുകൾ മൂന്നാംമൈലിൽനിന്ന് തിരിഞ്ഞ് തെക്കേത്തുക്കവലയ്ക്കുസമീപം പൊൻകുന്നം-മണിമല റോഡിൽ പ്രവേശിച്ചാണ് മണിമലയിലെത്തുന്നത്.

മുൻപത്തെക്കാൾ ദിവസേന പത്ത് ലിറ്ററിലധികം ഇന്ധനച്ചെലവുണ്ടാകുന്നുണ്ടെന്ന് ബസ് ഉടമകൾ പറയുന്നു. മണിമല ഭാഗത്തേക്ക് ഒരുഭാഗത്തേക്കുമാത്രം 10-15 കിലോമീറ്ററോളം ദൂരം അധികമായി ഓടേണ്ടിവരുന്നു.

ദിവസേന അഞ്ചിലധികം സർവീസ് നടത്തുന്ന ബസുകൾക്ക് ചെലവ് ഇരട്ടിയാകുന്നുണ്ട്. മുൻപ് എട്ട് ബസുകൾ സർവീസ് നടത്തിയിരുന്നയിടത്ത് അഞ്ച് ബസുകളായി ചുരുങ്ങി. ഇവയിൽ പലതിനും മുഴുവൻ സർവീസുകളും പൂർത്തിയാക്കാനും കഴിയുന്നുമില്ല.