ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരിയുടെ വികസനത്തിനും നിർമാണമേഖലയുടെ പുരോഗതിക്കും ലെൻസ്ഫെഡ് മാർഗനിർദേശം നൽകുന്നതിനൊപ്പം നേതൃപരമായ ഇടപെടലിന് നിർദേശം ലെൻസ് ഫെഡ് ഏരിയ കൺവൻഷനിൽ ജനപ്രതിനിധികൾക്ക് മുന്നിൽ സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചങ്ങനാശ്ശേരിയിൽ കാലോചിതമായുള്ള പരിഷ്കരണം നടപ്പാക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നടപടിയുംവേണം. ദുർഗന്ധം വമിക്കുന്ന ഓടകൾ, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ എന്നിവ ഉന്നതനിലവാരത്തിൽ നിർമിക്കുന്നതോടൊപ്പം ചങ്ങനാശ്ശേരിയുടെ വ്യാവസായിക വാണിജ്യപുരോഗതിക്ക് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ സഹായകരമായ നടപടികൾ വേണമെന്നു ലെൻസ് ഫെഡ് ചൂണ്ടിക്കാട്ടുന്നു. അപകടകരമായ ഇലക്ട്രിസിറ്റി പോസ്റ്റുകൾ, കമ്പികൾ എന്നിവ മാറ്റി കേബിൾ സ്ഥാപിക്കണം.
ഗ്രാമപ്രദേശം ടൗൺഷിപ്പ് ആക്കുക എന്നതാണ് പ്രധാനം അതിനുവേണ്ടി ഗ്രാമീണമേഖലയെ കോർത്തിണക്കി ബൈപ്പാസ് നിർമിച്ച് പാർക്കിങ് സൗകര്യം ഒരുക്കണം. വാണിജ്യ സ്ഥാപനങ്ങൾ നിർമിക്കാനുള്ള നടപടികൾ ഉണ്ടായാൽ വികസന സങ്കൽപ്പം യാഥാർഥ്യമാകും. ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാവും.
പടിഞ്ഞാറൻ ബൈപ്പാസ് റോഡ് നിർമാണം വേഗത്തിൽ വേണമെന്നും ചൂണ്ടിക്കാട്ടി. റെയിൽവേ ഫ്ളൈ ഓവർ നടപ്പാക്കാനും മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കാതെ ആഴംകൂടിയ ഓടകൾ നിർമിച്ച് മാലിന്യമുക്ത ചങ്ങനാശ്ശേരി കൊണ്ടുവരാൻ കഴിയണം.
പാർക്കിങ് സൗകര്യം ഇല്ല എന്നതാണ് പ്രധാന വെല്ലുവിളി. പൗരാണികത്വം നിറഞ്ഞ ടൂറിസം ഉൾപ്പെട്ട ഈ നാട് വളരുന്നതുകാണാൻ ജനം ഇഷ്ടപ്പെടുന്നു. നാടിന്റെ വികസനത്തിനുവേണ്ടി സർക്കാർ ലൈസൻസുള്ള ആയിരക്കണക്കിന് വിദഗ്ധ എൻജിനീയർമാരുടെ സേവനം ലഭ്യമാക്കുന്നത് ലെൻസ് ഫെഡ് സംഘടന തയ്യാറാണ്.
ചങ്ങനാശ്ശേരി ടൗൺഷിപ്പ് ലേഔട്ട് പ്ലാനിന് അംഗീകാരം
ചങ്ങനാശ്ശേരി ടൗണിന് മാത്രമായി കെട്ടിടങ്ങൾക്ക് ഏകീകൃതമായ രൂപഭംഗി നിലനിർത്തി ടൗണ് ഷിപ്പ് ലേഔട്ട് പ്ലാൻ അംഗീകാരം നൽകുകകൂടി ചെയ്താൽ കൊളോണിയൽ മോഡൽ അഞ്ച് വിളക്കിന്റെ നാടിനു മാറ്റുകൂട്ടുമെന്ന് ഭാരവാഹികൾ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ ഈരീതി നടപ്പാക്കാൻ തയ്യാറായാൽ ഒരേനിറം ഒരേ മോഡൽ ഒരുനാട് രാജ്യത്തിനുതന്നെ മാതൃക ആകും. ഏരിയ പ്രസിഡന്റ് ചെറിയാൻ നെല്ലുവേലി, ജോൺസൻ ജോൺ, ശരത്ത് കുമാർ, പോൾ ആന്റണി, ജോഷി സെബാസ്റ്റ്യൻ, മീഡിയ സെക്രട്ടറി ബിജു ചെറുകാട്, റോയി ജോസഫ്, നജിമോൻ എന്നിവർ സംസാരിച്ചു.
Published: 18 Oct 2026, 03:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented