ചടയമംഗലം : പൊലിക്കോട്-തടിക്കാട്-മെതുകുമ്മേൽ റോഡിൽ അറയ്ക്കൽ ക്ഷേത്രത്തിനു സമീപമുള്ള വലിയ ചിറയുടെ വശം ഇടിഞ്ഞുവീണ് രണ്ടുവർഷം കഴിഞ്ഞിട്ടും പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തമായി. മുൻപ് ചിറയിലേക്ക് ഒരു മിനി ലോറി മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു.
മുപ്പത് ബസുകളും സ്കൂൾ ബസുകളും സഞ്ചരിക്കുന്ന പാതയുടെ സംരക്ഷണഭിത്തി നിർമാണമാണ് അനിശ്ചിതത്വത്തിലായത്. 2018-ൽ 39.43 കോടി ചെലവിൽ തുടങ്ങിയ റോഡുപണിയും അനുബന്ധ ജോലികളുമാണ് നിശ്ചലമായത്. ശേഷിച്ച പണിക്ക് എസ്റ്റിമേറ്റ് തുക 47.46 കോടിയായി കിഫ്‌ബി ഉയർത്തിയിരുന്നു. 29.48 കിലോമിറ്റർ ദൈർഘ്യമുള്ള പൊലിക്കോട്-മെതുകുമ്മേൽ റോഡിന്റെ 22 കിലോമീറ്റർ പത്തനാപുരം മണ്ഡലത്തിലും 7.48 കിലോമീറ്റർ പുനലൂർ മണ്ഡലത്തിലുമാണ്.
2016-ൽ ഭരണാനുമതി നൽകി 39.43 കോടിക്ക് കരാറെടുത്ത പണി വൈകുന്നത് വലിയ പ്രതിഷേധത്തിനിടയാക്കി. അതിനിടയിൽ ബാക്കി പണിക്ക് 47.46 കോടിയായി ഉയർത്തിയത് കിഫ്‌ബിയെ സംശയത്തിന്റെ നിഴലിലാക്കുകയാണ്. 2024-ൽ അറയ്ക്കൽ ക്ഷേത്രത്തിനടുത്ത് 30.5 മീറ്റർ നീളവും ആറുമീറ്റർ ഉയരവുമുള്ള പഴയ ഭിത്തി മഴയിൽ തകർന്നുവീണിരുന്നു.
റോഡുസംരക്ഷണത്തിന് ഭിത്തിയുടെ പുനർനിർമാണവും അടിയന്തര ആവശ്യമാണ്. പൊലിക്കോട് പള്ളിക്ക് സമീപവും തടിക്കാട് മാരൂർഭാഗത്തും പണികൾ നടത്താനുണ്ട്. കിഫ്‌ബി പണികൾക്ക് അനുമതി ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ കരാർ റദ്ദാക്കി പൊതുമരാമത്തുവകുപ്പിന് പണി നൽകണമെന്നും ആവശ്യമുയർന്നു. ഇതുസംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എസ്. റാണ മരാമത്ത് മന്ത്രിക്ക് നിവേദനം നൽകി.
Published: 26 Oct 2026, 12:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented