കുളത്തൂപ്പുഴ : അമ്പലക്കടവ് പുതിയ പാലത്തിന്റെ നിർമാണത്തിനു തടസ്സമായി ആറ്റിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൂറ്റൻ തടികൾ കരയ്ക്കെത്തിച്ച് നീക്കംചെയ്യാൻ ധാരണയായി. തിങ്കളാഴ്ചമുതൽ വനം വകുപ്പ് നടപടി തുടങ്ങും.

To advertise here,

കഴിഞ്ഞ മഴവെള്ളപ്പാച്ചിലിൽ കുളത്തൂപ്പുഴയാറ്റിലൂടെ ഒഴുകിയെത്തിയ തടികളാണിത്‌. നിർമാണത്തിലിരിക്കുന്ന അമ്പലക്കടവ് പാലത്തിന്റെ തൂണുകളിലും കമ്പികളിലും തടി തങ്ങിനിന്ന്‌ ബലക്ഷയം സംഭവിക്കുമെന്ന് പരാതി ഉയർന്നിരുന്നു.

നീരൊഴുക്ക് തടസ്സപ്പെട്ട് എക്കലും ചെളിയും അടിഞ്ഞുകൂടി ക്ഷേത്രമത്സ്യങ്ങൾക്ക് ഭീഷണിയാകുമെന്നും മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് ആറ്റിൽ മുങ്ങിക്കുളിക്കുന്നതിനു ഭീഷണിയാകുമെന്നും അഭിപ്രായം ഉയർന്നു.

ഇതോടെ സി. അജയപ്രസാദ് എം.എൽ.എ. സ്ഥലം സന്ദർശിച്ച് പാലത്തിന്റെ നിർമാണപുരോഗതി വിലയിരുത്തി. ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് തടികൾ ഉടൻ നീക്കംചെയ്യാൻ നിർദേശവും നൽകി.

അഞ്ചൽ വനം റെയ്‌ഞ്ചിൽ ഏഴംകുളം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ ഉൾപ്പെട്ട പ്രദേശത്തെ കുളത്തൂപ്പുഴയാറ്റിലെ തടികൾ കരയ്ക്കെത്തിച്ച് കുളത്തൂപ്പുഴ തടി ഡി​േപ്പായിലേക്കു മാറ്റി വിറ്റഴിക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.

ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയതായും തടികൾ നീക്കംചെയ്യാൻ നടപടി ആരംഭിച്ചതായും ഏഴംകുളം വനം സെക്‌ഷൻ ഫോറസ്റ്റർ ഉല്ലാസ് അറിയിച്ചു.