സി. അജയപ്രസാദ് എം.എൽ.എ. സ്ഥലം സന്ദർശിച്ചു

To advertise here,

പുനലൂർ :വാഹനങ്ങൾക്ക് അപകടഭീഷണി നിലനിൽക്കുന്ന പുനലൂർ മുക്കടവിൽ, പഴയ പാലത്തിനു സമീപം കൈവരി തകർന്ന സ്ഥാനത്ത് ക്രാഷ് ബാരിയറും അപകടമുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും. കഴിഞ്ഞദിവസം സ്ഥലം പരിശോധിക്കാനെത്തിയ സി. അജയപ്രസാദ് എം.എൽ.എ.യാണ് ഇക്കാര്യം അറിയിച്ചത്.

പൊതുമരാമത്തുവകുപ്പിന്റെ നിരത്തുവിഭാഗം പുനലൂർ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ രാഹുൽ, പുനലൂർ പോലീസ് എസ്.എച്ച്.ഒ. എം.എസ്. അനീഷ് എന്നിവർക്കൊപ്പം കഴിഞ്ഞദിവസം വൈകീട്ടാണ്‌ എം.എൽ.എ. സ്ഥലം സന്ദർശിച്ചത്. മുക്കടവിലെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി 'മാതൃഭൂമി' വാർത്ത പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിലായിരുന്നു സന്ദർശനം.

മണ്ഡലകാലം അടുത്തിട്ടും പുനലൂർ-മൂവാറ്റുപുഴ ഹൈവേയിലെ മുക്കടവിൽ ഗതാഗതത്തിനു സുരക്ഷയൊരുക്കാൻ നടപടിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വാർത്ത. പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ മുക്കടവാറ്റിനു കുറുകേ നാലുവർഷംമുൻപ് നിർമിച്ച പുതിയ പാലത്തിലും മുൻപുണ്ടായിരുന്ന പാലത്തിലുമായി ഗതാഗതം ക്രമീകരിച്ചത് വേണ്ടത്ര സുരക്ഷയൊരുക്കാതെയാണ്. രണ്ടു പാലങ്ങൾക്കുമിടയിലുള്ള വലിയ വിടവ് വാഹനങ്ങൾക്ക് അപകടക്കെണിയൊരുക്കുന്നു.

രാപകൽ നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ നേരിയ അശ്രദ്ധമതി വിടവിലൂടെ വാഹനങ്ങൾ ആറ്റിലേക്കു മറിയാൻ. ഇവിടെ കൈവരി നിർമിക്കണമെന്ന് നാട്ടുകാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പുതിയ പാലം തുറന്ന് നാലുകൊല്ലം കഴിഞ്ഞിട്ടും ഇവിടെ അപകടമുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല.

നാലുകൊല്ലത്തിനിടയിൽ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ ഇവിടെ ഉണ്ടാകുകയും ചെയ്തു.

പുനലൂരിൽനിന്ന് പത്തനാപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയ പാലത്തിലൂടെയും എതിർദിശയിൽനിന്നുള്ള വാഹനങ്ങൾ പുതിയ പാലത്തിലൂടെയും സഞ്ചരിക്കണമെന്നാണ് നിഷ്‌കർഷിച്ചിട്ടുള്ളത്. എന്നാൽ സ്ഥലപരിചയമില്ലാത്തവരും ദീർഘദൂരയാത്രക്കാരും ഇവിടെ തൊട്ടുചേർന്ന രണ്ടു പാലങ്ങൾ കണ്ട് ആശയക്കുഴപ്പത്തിലാകുകയാണ്. പെട്ടെന്ന് വാഹനം തിരിക്കാൻ ശ്രമിക്കുന്നത് അപകടങ്ങൾക്കും വഴിയൊരുക്കുന്നു. മണ്ഡലകാലം ആരംഭിച്ചാൽ മകരവിളക്കുവരെ രണ്ടുമാസം അനിയന്ത്രിതമായ വാഹനത്തിരക്കാണ് ഈ പാതയിൽ അനുഭവപ്പെടുന്നത്‌.

ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകർ ശബരിമലയിലേക്കും ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തൂപ്പുഴ ശാസ്താക്ഷേത്രങ്ങളിലേക്കും ദർശനത്തിനെത്തുന്നത് ഇതുവഴിയാണ്. സമയബദ്ധമായി സുരക്ഷയൊരുക്കിയില്ലെങ്കിൽ ഇവിടം വലിയ അപകടങ്ങൾക്കു സാക്ഷിയാവും.