പെരുമൺ പേഴുംതുരുത്ത് പാലംപണി തുടങ്ങിയിട്ട് ആറുകൊല്ലമായി
മൺറോത്തുരുത്ത് : പണിതിട്ടും പണിതിട്ടും പണിതീരാതെ തുടരുകയാണ് പെരുമൺ പേഴുംതുരുത്ത് പാലം. പതിറ്റാണ്ടുകളുടെ മുറവിളിക്കൊടുവിലാണ് 2020-ൽ പണി തുടങ്ങിയത്. കിഫ്ബി ഫണ്ടിങ് ഏജൻസിയും കെ.ആർ.എഫ്.ബി. നിർവഹണ ഏജൻസിയുമായി നവംബർ 2020-ൽ ഉദ്ഘാടനം. ഒന്നരവർഷംകൊണ്ട് പണിതീർത്ത് തുറന്നുകൊടുക്കുമെന്നായിരുന്നു വാഗ്ദാനം. ആറുവർഷമായിട്ടും കൂട്ടിമുട്ടിക്കാനായിട്ടില്ലെന്നു മാത്രമല്ല, എന്നത്തേക്ക് കൂട്ടിമുട്ടുമെന്ന് ഉറപ്പുമില്ല.
കരാറേറ്റെടുത്ത കമ്പനി ഇരുകരകളിൽനിന്നും നിർമാണം തുടങ്ങി. 417 മീറ്റർ നീളമുള്ള പാലത്തിന്റെ 10 സ്പാനുകളുടെ പണി വേഗത്തിൽ പൂർത്തിയാക്കി. മധ്യഭാഗത്തുള്ള 154 മീറ്റർ ബാക്കിയായതോടെ ജോലികൾ നിർത്തി. മധ്യഭാഗം ഒട്ടേറെ സവിശേഷതകളുള്ള കേബിൾ സ്റ്റേയ്ഡ് പാലമാക്കുന്നതിനായിരുന്നു സർക്കാർ തീരുമാനം. കേബിൾ സ്റ്റേയ്ഡ് രീതിയിൽ പാലത്തിന്റെ ഭംഗിയും ബലവും നിർമാണവേഗതയും കൂടും. കായലിന്റെ ആഴമേറിയ മധ്യഭാഗത്ത് തൂണുകൾ സ്ഥാപിക്കുന്ന ഭാരമേറിയ ജോലികളും ഒഴിവാക്കാനാകും. അടുത്തടുത്ത് തൂണുകളില്ലാത്തതിനാൽ കായലിൽക്കൂടി വലിയ യാനങ്ങൾക്ക് തടസ്സം കൂടാതെ കടന്നുപോകാനുമാകും.
ഈ ഭാഗത്തിന്റെ രൂപകൽപ്പന നേരത്തേ തയ്യാറാക്കിയിരുന്നില്ല. സമയത്ത് രൂപകൽപ്പന ലഭിക്കാത്തതുകൊണ്ട് അതുവരെ വളരെവേഗം പുരോഗമിച്ചുവന്ന ജോലികൾ കരാറുകാരന് നിർത്തിവയ്ക്കേണ്ടിവന്നു. മാസങ്ങൾ നീണ്ട അനിശ്ചിതാവസ്ഥയ്ക്ക് ഒടുവിൽ രൂപരേഖയെത്തിയെങ്കിലും കൂടുതൽ പ്രശ്നങ്ങളുണ്ടായി. പുതുക്കിയ രൂപകൽപ്പന അടിസ്ഥാനമാക്കി എസ്റ്റിമേറ്റ് പരിഷ്കരിക്കുന്നതിനെനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ജോലികൾ വീണ്ടും നിലച്ചു. പുതിയ ശൈലിയിലുള്ള നിർമാണത്തിന് ആവശ്യമായ യന്ത്രങ്ങളും വിദഗ്ധ തൊഴിലാളികളെയും എത്തിക്കുന്നതിന് താമസം നേരിട്ടു. കരാറുകാരന് ബിൽ തുക നൽകുന്നതിൽ വരുത്തിയ കാലതാമസവും ജോലികൾ നിർത്തിവയ്ക്കുന്നതിന് കാരണമായി.
എച്ച് ആകൃതിയിലുള്ള രണ്ട് ടവറുകളിലായി (പൈലോൺ) സ്റ്റീൽ കേബിളുകളിൽ താങ്ങിനിർത്തുന്ന കേബിൾ സ്റ്റേയ്ഡ് പാലമായിട്ടാണ് മധ്യഭാഗത്തെ 154 മീറ്റർ സ്പാനിന്റെ നിർമാണം. ഇതിനാവശ്യമായ വിദഗ്ധരായ തൊഴിലാളികളോ സ്ലാബുകൾ ഉറപ്പിക്കുന്നതിനുള്ള ട്രാവലിങ് ഫോം യന്ത്രമോ കരാറുകാരന്റെ പക്കലുണ്ടായിരുന്നില്ല. വിദഗ്ധ തൊഴിലാളികളെയും യന്ത്രവും മഹാരാഷ്ട്രയിൽനിന്ന് എത്തിച്ച് നിർമാണം തുടങ്ങിയെങ്കിലും പിന്നീട് പഴയ വേഗം കൈവരിക്കാനായില്ല. നേരത്തേ തയ്യാറാക്കിവെച്ച സ്ലാബുകൾ സ്റ്റീൽ വടങ്ങൾകൊണ്ട് കൂട്ടിയോജിപ്പിക്കുന്ന ട്രാവലിങ് ഫോം യന്ത്രം ഒരെണ്ണം മാത്രമാണ് എത്തിക്കാനായത്. ഇത് രണ്ടെണ്ണം ഉണ്ടായിരുന്നെങ്കിൽ ഇരട്ടി വേഗത്തിൽ പുരോഗതി കൈവരിക്കാനാകുമായിരുന്നു.
പാലംപണി വേഗത്തിലാക്കണം -കോസ്
പെരുമൺ പാലംപണി വേഗത്തിലാക്കണമെന്ന് കല്ലട മേഖലയിലെ മുൻ സർക്കാർ ജീവനക്കാരുടെ കൂട്ടായ്മയായ ദ് കോസ് അധികൃതരോട് ആവശ്യപ്പെട്ടു. പാലത്തിന്റെ 72 ശതമാനം ജോലികൾ മാത്രമാണ് ഇതുവരെ പൂർത്തിയാക്കാനായത്. ശേഷിക്കുന്ന ജോലികൾക്ക് ആവശ്യമായ ഫണ്ട് തടസ്സം കൂടാതെ ലഭ്യമാക്കണം. 2027-ൽ പാലം ഗതാഗതത്തിനു തുറന്നുകൊടുക്കാൻ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മംഗലത്ത് ഗോപാലകൃഷ്ണൻ, സെക്രട്ടറി ആർ. അശോകൻ, ഭാരവാഹികളായ വി.എസ്. പ്രസന്നകുമാർ, പ്രൊഫ. നാലുതെങ്ങിൽ സരോജാദേവി, എസ്. സോമരാജൻ, പി. വിനോദ്, ഡി. ശിവപ്രസാദ്, കളത്തറ ശാന്തകുമാർ, അഡ്വ. രവി കോതപുരം, കെ. മഹേന്ദ്രൻ, എൻ. അംബുജാക്ഷ പണിക്കർ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും ഭാരവാഹികൾ നിവേദനം നൽകി.
Published: 25 Oct 2026, 02:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented