പത്തനാപുരം :പത്തനാപുരം നിയോജകമണ്ഡലത്തിൽ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ് തുടങ്ങാൻ സർക്കാർ അനുമതിയായി. പട്ടികവർഗവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് പിറവന്തൂരിലാണ് ഓഫീസ് തുടങ്ങുന്നത്.
കുരിയോട്ടുമല, മുള്ളുമല, വെള്ളംതെറ്റി എന്നീ മൂന്ന് ട്രൈബൽ നഗറുകളുള്ള പിറവന്തൂർ പഞ്ചായത്തിൽ ഓഫീസ് തുടങ്ങണമെന്നത് വർഷങ്ങളായുള്ള ആവശ്യമായിരുന്നു. നിലവിൽ കുളത്തൂപ്പുഴയിലാണ് ജില്ലയിലെ ഏക ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ് ഉള്ളത്.
പിറവന്തൂർ പഞ്ചായത്തിനു തൊട്ടടുത്തുള്ള അച്ചൻകോവിൽ ട്രൈബൽ നഗർ നിവാസികൾ ഉൾപ്പെടെ കിലോമീറ്ററുകൾ താണ്ടിവേണം ആവശ്യങ്ങൾക്ക് ഇവിടെയെത്താൻ.
വിശാലമായ പ്രവർത്തനപരിധി കുളത്തൂപ്പുഴ ഓഫീസിലെ ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ജനകീയാവശ്യപ്രകാരം ജ്യോതികുമാർ ചാമക്കാല എം.എൽ.എ.യുടെ ഇടപെടലാണ് ഓഫീസ് തുടങ്ങാൻ തുണയായത്. പട്ടികവർഗവിഭാഗങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരംകാണുന്നതിന് പുതിയ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ് ഉപകരിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.
ജില്ലയിൽ പുനലൂരിലെ ട്രൈബൽ ഡിവലപ്മെന്റ് ഓഫീസർക്ക് കീഴിലുള്ള കുളത്തൂപ്പുഴ എക്സ്റ്റെൻഷൻ ഓഫീസ് വിഭജിച്ചാണ് പിറവന്തൂരിൽ പുതിയ ഓഫീസിന് അനുമതിയായിട്ടുള്ളത്. പുതുതായി വരുന്ന ഓഫീസിന്റെ പരിധി വരുംദിവസങ്ങളിൽ തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.
കുരിയോട്ടുമല, മുള്ളുമല, വെള്ളംതെറ്റി പട്ടികവർഗ ഉന്നതികളിൽ അടിസ്ഥാനസൗകര്യങ്ങളില്ലാതെ ഒട്ടേറെ കുടുംബങ്ങളാണ് വർഷങ്ങളായി ദുരിതമനുഭവിക്കുന്നത്. എ.കെ. ആന്റണി സർക്കാരിന്റെ കാലത്ത് കുരിയോട്ടുമലയിൽ പട്ടികവർഗ കുടുംബങ്ങൾക്ക് വീടും വസ്തുവും അനുവദിച്ചെങ്കിലും മിക്കതും ഉപയോഗശൂന്യമാണ്.
പിറവന്തൂരിൽ പുതിയ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ് ആരംഭിക്കുന്നതിലൂടെ പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും പ്രദേശത്തിന്റെ വികസനത്തിനും പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്, പഠനസഹായം, ഹോസ്റ്റൽ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കാനും അർഹരായ കുടുംബങ്ങൾക്ക് ചികിത്സാസഹായ പദ്ധതികളിൽ വേഗത്തിൽ അപേക്ഷിക്കാനും തുടർനടപടികൾ നടത്താനും സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.
സർക്കാർ ഭവനപദ്ധതികളുടെ പ്രയോജനം വേഗത്തിൽ ലഭ്യമാക്കാനും യുവാക്കൾക്കും സ്ത്രീകൾക്കും തൊഴിൽ പരിശീലനം, സ്വയംതൊഴിൽ പദ്ധതികൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ ലഭിക്കുന്നതിനും വഴിതുറക്കും.
പട്ടികവർഗ മേഖലകളിലെ റോഡ്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ ആവശ്യങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പരാതികൾക്ക് പരിഹാരം കാണാനും പിറവന്തൂരിൽ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ് വരുന്നതോടെ സാധ്യമാകും.
Published: 25 Oct 2026, 02:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented