തൃക്കരിപ്പൂർ : നവംബർ ഒന്നിന് കേരളത്തോടൊപ്പം എഴുപതാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുകയാണ് പടന്നയിലെ കേരള മൻസിൽ. നിർമാണം പൂർത്തിയായിട്ടും താമസം തുടങ്ങാൻ കേരളപ്പിറവിദിനമെത്താൻ ആറുമാസം കാത്തിരുന്നതോടെയാണ് കേരള മൻസിലിന്റെയും കേരളത്തിന്റെയും പിറവി ഒരേ ദിവസമാകുന്നത്.

To advertise here,

ദേശീയപ്രസ്ഥാനത്തിലെ പ്രമുഖർക്കൊപ്പം പുതിയ വീടിൻെറ ഗൃഹപ്രവേശച്ചടങ്ങ് നടത്തിയ കേരള മൻസിൽ മൂന്നു തലമുറയിലൂടെ ഒരു നാടിന്റെ അധികാരകേന്ദ്രമായി മാറി. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വടക്കേമലബാറിലെ പ്രമുഖനായിരുന്ന പി.കെ.സി. മുഹമ്മദ്കുഞ്ഞി ഹാജി പട്ടേലരുടെ ദേശീയ ബോധത്തിന്റെ അടയാളമായി നാമകരണം ചെയ്ത കേരള മൻസിലിന്റെ മട്ടുപ്പാവിൽ തലയെടുപ്പോടെ 'കേരള മൻസിൽ 1.11.1956 എന്ന് കൊത്തിവെച്ചത് ഇന്നും കാണാം.

കൂട്ടുകുടുംബത്തിന്റെ സൗന്ദര്യം

:അവിഭക്ത കണ്ണൂർ ജില്ലയിലെ പ്രമുഖ ജന്മികുടുംബമാണ് പി.കെ.സി. മുഹമ്മദ് കുഞ്ഞി പട്ടേലരുടേത്. ദേശീയപ്രസ്ഥാനത്തോട് ആഭിമുഖ്യം കാണിച്ചിരുന്ന പട്ടേലർ കേരളപ്പിറവിദിനത്തിൽ അബ്ദുൾ റഹ്‌മാൻ ബാഫഖി ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഗൃഹപ്രവേശം നടത്തിയത്.

വാസ്തുശില്പ ഭംഗിയോടെ മൂന്നു നിലകളിലായി പണിത വീട്ടിൽ ആകെയുള്ളത് 13 മുറികൾ. ഒൻപത് വിശാലമായ ഹാളുകളും ചേരുമ്പോൾ ഒരു കൂട്ടുകുടുംബത്തിലെ ആളും ആരവവും ആറരപ്പതിറ്റാണ്ടായി ആസ്വദിക്കുന്നതിന്റെ പ്രൗഢിയുണ്ട് കേരള മൻസിലിന്. വീടിന്റെ തറയിലും മറ്റും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയെങ്കിലും മര ഉരുപ്പടികളിലും മറ്റും ഇന്നും പഴയ പ്രതാപം കാത്തുസൂക്ഷിക്കുന്നു. ഒരുഘട്ടത്തിൽ 30-ലധികം പേർ ഈ വീട്ടിൽ കഴിഞ്ഞിരുന്നു.

പട്ടേലരുടെ മകൾ സറാബിയുടെ മകൾ ഫാത്തിബിക്കും ഭർത്താവ് കുന്നത്ത് റസാഖ് ഹാജിക്കും കുടുംബാംഗങ്ങൾക്കുമാണ് ഇപ്പോൾ ഉടമസ്ഥാവകാശമെങ്കിലും വിശേഷ അവസരങ്ങളിൽ കേരള മൻസിലിൽ പഴയ കൂട്ടുകുടുംബത്തിന്റെ സൗരഭ്യം പരക്കും.

പടന്നയുടെ അധികാരിയും ന്യായാധിപനുമായിരുന്നു മുഹമ്മദ്‌ കുഞ്ഞി പട്ടേലർ. അദ്ദേഹം ദേശീയ പ്രസ്ഥാനത്തോടൊപ്പമായിരുന്നുവെങ്കിൽ പിന്നീടുള്ള തലമുറകൾ മുസ്‌ലിം ലീഗിൽ സംസ്ഥാനതലം വരെ ശ്രദ്ധേയരായി മാറി. പട്ടേലരുടെ ഭാര്യാ സഹോദരനായിരുന്ന വി.കെ.പി. അബ്ദുൾ ഖാദർ ഹാജി 1954 മുതൽ 1966 വരെ പടന്ന പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുസ്‌ലിം ലീഗിന്റെ അവിഭക്ത കണ്ണൂർ ജില്ലാ പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു. 1959-ൽ സംസ്ഥാന ഖജാൻജിയായി.

പട്ടേലരുടെ മൂത്തമകൻ വി.കെ.പി. ഖാലിദ് ഹാജി 1967 മുതൽ 1985 വരെ പടന്ന പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചു. അതേ കാലയളവിൽ ഖാലിദ് ഹാജിയുടെ സഹോദരീഭർത്താവ് കുന്നത്ത് മഹമൂദ് ഹാജിയിലൂടെയും കേരള മൻസിലിൻെറ ഖ്യാതി പരന്നു. അടിസ്ഥാന സ്കൂൾ വിദ്യാഭ്യാസം മാത്രം പൂർത്തീകരിച്ച് സ്വപ്രയത്നത്തിലൂടെ ബഹുഭാഷാ പാണ്ഡിത്യം നേടിയ ഇദ്ദേഹമായിരുന്നു ഒരുകാലത്ത് മുസ്‌ലിം ലീഗ് ദേശീയ നേതാക്കളുടെ മലയാള ശബ്ദം.

മൂന്നുനാൾ നീളുന്ന ആഘോഷ പരിപാടികൾ

:മലയാളികൾ കേരളപ്പിറവി ആഘോഷിക്കുമ്പോൾ പടന്നയിലെ കേരള മൻസിലും ആഘോഷത്തിന് തയ്യാറെടുക്കുകയാണ്. കേരളപ്പിറവിയുടെ 70-ാം വർഷികാഘോഷങ്ങളുടെ ഭാഗമായി വെള്ളി, ശനി, നവംബർ ഒന്ന് ദിവസങ്ങളിൽ 'കേരള മൻസിൽ' അങ്കണത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. എം.പി.മാർ, എം.എൽ.എ. മാർ, സാംസ്കാരിക-വിദ്യാഭ്യാസ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. പത്രസമ്മേളനത്തിൽ വി.കെ.പി. ഇസ്മായിൽ, പി.കെ.സി. അബ്ദു സമദ്, വി.കെ.പി. അബ്ദുൾ ഫത്താഹ്, വി.കെ.സി. നൗഫൽ എന്നിവർ പങ്കെടുത്തു.