പെരിയ : അഞ്ചുദിവസങ്ങളിലായി പെരിയയിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവം സംഘാടകസമിതി ഓഫീസ് തുറന്നു. പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കളക്ടർ ശ്രീധന്യ സുരേഷ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. ജയവും തോൽവിയുമല്ല കിട്ടുന്ന അവസരങ്ങളെ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തുന്നവരാണ് യഥാർഥ വിദ്യാർഥിയെന്ന് അവർ പറഞ്ഞു. നവംബർ 24 മുതൽ 28 വരെയാണ് ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത്.
കലോത്സവ ലോഗോ ജില്ലാ പോലീസ് മേധാവി പി. നിധിൻ രാജ് പ്രകാശനം ചെയ്തു. കലോത്സവം ഒരിക്കലും രക്ഷിതാക്കൾ തമ്മിലുള്ള മത്സരമായി മാറരുതെന്ന് അദ്ദേഹം പറഞ്ഞു.
ഉദുമ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി കെ. ദേവനന്ദ തയ്യാറാക്കിയ ലോഗോയാണ് സ്വീകരിച്ചത്. സംഘാടകസമിതി തയ്യാറാക്കുന്ന സുവനീറിന് നിർദേശിച്ച പേരുകളിൽ ‘പെരിയകം’ എന്ന പേര് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് കെ.കെ. സോയ സുവനീറിന്റെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചു. പാക്കം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥി റിതിക് ജോഷാണ് ‘പെരിയകം’ എന്ന പേര് സുവനീറിന് നിർദേശിച്ചത്.
സ്കൂളിലെ 1987-88 എസ്.എസ്.എൽ.സി. ബാച്ച് കലോത്സവ പ്രചാരണത്തിനായി തയ്യാറാക്കിയ പ്രൊമോ വീഡിയോ പുല്ലൂർ-പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ബാബുരാജ് പ്രകാശനം ചെയ്തു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു പദ്മനാഭൻ, പഞ്ചായത്തംഗം ഉഷ എൻ. നായർ, പി.ടി.എ. പ്രസിഡന്റ് സത്യൻ മഠത്തിൽ, പ്രിൻസിപ്പൽ പി. സുമതി, വി. ഗോപാലൻ, ഷീബ, ഡോ. പി.സി. സപ്ന, സ്കൂൾ ചെയർപേഴ്സൻ അഭിനന്ദ എന്നിവർ സംസാരിച്ചു.
കലോത്സവത്തിന് ദേവനന്ദയുടെ ലോഗോ
:പെരിയയിൽ നടക്കുന്ന കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയത് ഉദുമ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി കെ. ദേവനന്ദ. ജി. എൽ.പി. സ്കൂൾ പനയാലിലെ എച്ച്.എം. കെ.ടി. ബാബുവിന്റെയും തച്ചങ്ങാട് ഗവ. ഹൈസ്കൂൾ അധ്യാപിക സുനിമോൾ ബളാലിന്റെയും മകളാണ്.
പ്രചാരണക്കമ്മിറ്റിക്ക് ലഭിച്ച 34 ലോഗോകളിൽനിന്നാണ് ദേവനന്ദ വരച്ച ലോഗോ ഒന്നാമതെത്തിയത്. കലോത്സവത്തിലെ എല്ലാ കലാവിഭാഗങ്ങളെയും ഉൾക്കൊള്ളുന്നവിധം ലോഗോ തയ്യാറാക്കാൻ കഴിഞ്ഞതായി വിധികർത്താക്കൾ വിലയിരുത്തി.
കഴിഞ്ഞവർഷം നടന്ന ബേക്കൽ ഉപജില്ലാ ശാസ്ത്രാത്സവത്തിന്റെയും ഈ വർഷത്തെ ബേക്കൽ ഉപജില്ലാ കായികമേളയുടെയും ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെയും ലോഗോ രൂപ കല്പന ചെയ്തത് ദേവനന്ദയാണ്. കാലിച്ചാമരത്ത് നടക്കുന്ന നാടകോത്സവത്തിന്റെയും വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെയും ലോഗോയും തയ്യാറാക്കിയിരുന്നു.
Published: 29 Oct 2026, 04:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented