നീലേശ്വരം : കരിന്തളം മുക്കട കേന്ദ്രീകരിച്ച് കാര്യങ്കോട് പുഴയിൽ സ്ഥാപിക്കുന്ന തൃക്കരിപ്പൂർ അഡ്‌ജോയിനിങ് പഞ്ചായത്ത് കുടിവെള്ള പദ്ധതിക്കെതിരേ ജലസംഭരണി നിർമാണ സൈറ്റിലേക്ക് മാർച്ച് നടത്തി.

To advertise here,

തേജസ്വിനി പുഴ സംരക്ഷണ കർമസമിതിയാണ് പള്ളിപ്പാറയിലെ കുടിവെള്ള സംഭരണി നിർമാണ സൈറ്റിലേക്ക് മാർച്ച് നടത്തിയത്. പദ്ധതിയുടെ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നടന്ന മാർച്ചിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച കർസമിതി ഭാരവാഹികളുമായി ചർച്ച നടത്തിയെങ്കിലും നിർമാണം തുടരാൻ സമരസമിതി അനുവദിച്ചില്ല.

നിർമാണം നിർത്തിയില്ലെങ്കിൽ നവംബർ മൂന്നിന് കുടിവെള്ള ടാങ്ക് നിർമാണ സൈറ്റ് ജനകീയ താഴിട്ട് പൂട്ടുമെന്നും സമിതി അറിയിച്ചു. കെ. സുകുമാരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കർമസമിതി ചെയർമാൻ അഡ്വ. കെ.വി. രമേശൻ അധ്യക്ഷനായി. കൺവീനർ എം. ചന്ദ്രൻ, പഞ്ചായത്ത് അംഗം എം. വി. പദ്‌മാവതി, കെ. കരുണാകരൻ എന്നിവർ സംസാരിച്ചു.

പദ്ധതി നടപ്പായാൽ കിനാനൂർ കരിന്തളം, കയ്യൂർ ചീമേനി പഞ്ചായത്തുകളിലെ തീരദേശ മേഖലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്നാണ് സമിതിയുടെ ആശങ്ക. പദ്ധതിക്കായി പ്രതിദിനം രണ്ട് കോടി ലിറ്റർ വെള്ളം പുഴയിൽ നിന്ന് ശേഖരിക്കുമെന്നും വേനൽക്കാലത്ത് ഇത് മൂന്നു കോടി ലിറ്റർ കവിയുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.