നീലേശ്വരം : പത്താമുദയത്തിനുശേഷം നാടാകെ കളിയാട്ടക്കാവുകൾ ഉണരുമ്പോഴും ആദ്യ കളിയാട്ടം നടന്നിരുന്ന നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ഇക്കുറിയും നിശ്ശബ്ദം. 2024 ഒക്ടോബർ 28-ന് രാത്രി ഇവിടെ നടന്ന വെടിക്കെട്ട് ദുരന്തത്തിന് ബുധനാഴ്ച രണ്ടാണ്ട് തികയുകയാണ്. ആറ് ജീവനുകൾ നഷ്ടപ്പെട്ടതിനൊപ്പം ദുരന്തത്തിന്റെ ദുരിതം പേറി ജീവിക്കുന്നവരുടെ വേദനകളുമാണ് ഈ തെയ്യാട്ടക്കാവിനെ ശോകമൂകമാക്കുന്നത്.
നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം നടക്കുന്നതിനിടെയാണ് വെടിപ്പുരയ്ക്ക് തീപിടിച്ച് തിരുമുറ്റം തീഗോളമായത്. ആഘോഷാരവങ്ങൾ നിലവിളികൾക്ക് വഴിമാറി. 150-ലേറെ പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
കരിന്തളം ചോയ്യംകോട് മേഖലകളിൽനിന്ന് തെയ്യം കാണാനെത്തിയ സി.സന്ദീപ് (38), കെ.ബിജു (38), കെ.വി.രഞ്ജിത്ത് (35), രതീഷ് (35), അച്ചാംതുരുത്തി ഓർക്കുളത്തെ ഷിബിൻരാജ് (19), നീലേശ്വരം തേർവയലിലെ പി.സി.പദ്മനാഭൻ (75) എന്നിവർ ചികിത്സയ്ക്കിടെ മരിച്ചു.
അപകടം ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തികസഹായം നൽകുകയും പൊള്ളലും പരിക്കുമേറ്റവരുടെ ചികിത്സച്ചെലവ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ക്ഷേത്രക്കമ്മിറ്റിയും റിലീഫ് കമ്മിറ്റി രൂപവത്കരിച്ച് സഹായങ്ങൾ നൽകി. തെയ്യം കാണാനെത്തിയ എറണാകുളം ചോറ്റാനിക്കര സ്വദേശി അലൻ ബിനോയ് ഉൾപ്പെടെയുള്ളവർ ദുരന്തത്തിന്റെ തീരാദുരിതം പേറി ജീവിക്കുകയാണ്. അന്നത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ബാബു പെരിങ്ങേത്താണ് കേസന്വേഷിച്ചത്.
216 സാക്ഷിമൊഴികളോടെ 1,200 പേജുള്ള കുറ്റപത്രം തയ്യാറാക്കി. അപകടസമയത്ത് ക്ഷേത്രഭാരവാഹികളായിരുന്നവർ ഉൾപ്പെടെ ഒൻപതുപേരാണ് കേസിലെ പ്രതികൾ. 2026 ഏപ്രിൽ 30-ന് അന്നത്തെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കെ.പി.സുരേഷ് ബാബു കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്ന ക്ഷേത്രത്തിൽ 2027 ഫെബ്രുവരിയിൽ ബ്രഹ്മകലശോത്സവം നടത്താനും തുടർന്ന് പ്രാർഥനാ കളിയാട്ടം നടത്താനുമാണ് ക്ഷേത്രക്കമ്മിറ്റിയുടെ തീരുമാനം.
വേണം നീലേശ്വരത്ത് അഗ്നിരക്ഷാനിലയം
:നീലേശ്വരം: നാടിനെ നടുക്കിയ നീലേശ്വരം അഞ്ഞൂറ്റമ്പലം വെടിക്കെട്ട് ദുരന്തത്തിന് രണ്ടുവർഷം തികയുമ്പോഴും നീലേശ്വരത്ത് അഗ്നിരക്ഷാനിലയം യാഥാർഥ്യമായില്ല. അപകടസമയത്ത് നീലേശ്വരത്ത് അഗ്നിരക്ഷാനിലയം ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ എല്ലാവർക്കും ബോധ്യപ്പെട്ടതാണ്. 10 കിലോമീറ്റർ ദൂരപരിധിയിൽ പുതിയ അഗ്നിരക്ഷാനിലയം സ്ഥാപിക്കാൻ തടസ്സമില്ലെന്നാണ് ബന്ധപ്പെട്ട വകുപ്പ് പറയുന്നത്.
എങ്കിലും നീലേശ്വരത്തെ അഗ്നിരക്ഷാനിലയത്തിന്റെ കാര്യത്തിൽ ജനപ്രതിനിധികൾ ആവശ്യമായ ഇടപെടലുകൾ നടത്തിയിട്ടില്ല. ജില്ലയിലെ മൂന്നാമത്തെ നഗരസഭയായ നീലേശ്വരത്ത്, കാഞ്ഞങ്ങാട്, ചീമേനി, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽനിന്നാണ് നിലവിൽ അഗ്നിരക്ഷാസേനയുടെ സേവനം ലഭിക്കേണ്ടത്.
Published: 28 Oct 2026, 04:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented