രാജഗിരി -ജോസ്ഗിരി റോഡ് പൊളിച്ചിട്ടിട്ട് ഏഴുമാസം
ചെറുപുഴ : നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മാർച്ചിൽ പൊളിച്ചിട്ടതാണ് രാജഗിരി-ജോസ്ഗിരി റോഡ്. അഞ്ചുകോടിയുടെ നവീകരണപ്രവൃത്തി ഉദ്ഘാടനവും ഗംഭീരമായി നടത്തി. തുടക്കമെന്ന നിലയിൽ വലിയ കുഴപ്പമില്ലാതിരുന്ന ടാറിങ് റോഡ് മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചിട്ടു. ഇതോടെ യാത്ര ഇളകിയ മെറ്റലിനും കരിങ്കൽക്കഷണങ്ങൾക്കും മുകളിൽ കൂടിയായി. നല്ല റോഡ് വരുമല്ലോയെന്ന പ്രതീക്ഷയിൽ കഠിനയാത്രയും ജനം സഹിച്ചു.
എന്നാൽ ഏഴുമാസം കഴിഞ്ഞിട്ടും പ്രവൃത്തി പുനരാരംഭിച്ചിട്ടില്ല. ഇതിനിടെ ഓഗസ്റ്റ് ഒന്നിന് പ്രളയം വന്നു. റോഡിന്റെ വശങ്ങളിൽ വലിയ കുഴികളായി, അരിക് ഇടിഞ്ഞു. പൊളിച്ചിട്ട റോഡിലെ മെറ്റൽ ഒഴുകിപ്പോയി റോഡിന് നടുവിൽ വലിയ ചാലുകളായി. മാസങ്ങളായി തുടരുന്ന ദുരിതയാത്ര കുടുതൽ ദുഷ്കരമായി. മഴ മാറി മാനം തെളിഞ്ഞിട്ടും കരാറുകാരൻ അനങ്ങിയിട്ടില്ല.
കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ടി.ഐ. മധുസൂദനൻ എം.എൽ.എ. മുൻകൈയെടുത്താണ് റോഡ് മെക്കാഡം ടാറിങ് നടത്തി നവീകരിക്കുന്നതിന് അഞ്ചുകോടി രൂപ അനുവദിച്ചത്. ചെറുപുഴയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ തിരുനെറ്റിക്കലിലേക്ക് എത്തിച്ചേരുന്നത്തിനുള്ള റോഡാണിത്. നിലവിലുള്ള റോഡ് 5.5 മീറ്റർ വീതിയിൽ മെക്കാഡം ടാർ ചെയ്ത് ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാൽ നിർമിക്കുന്നതായിരുന്നു പദ്ധതി.
ഇവിടെ വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുകയാണ്. ഇരുചക്രവാഹനങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. നിരവധി തവണ അധികാരികൾക്കും ജനപ്രതിനിധിക്കും പരാതിയും നിവേദനവും നൽകിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ദുരിതം അവസാനിപ്പിക്കുവാൻ നടപടി വേണമെന്നാണ് രാജഗിരി-ജോസ്ഗിരി നിവാസികളുടെ ആവശ്യം. അഞ്ചുകോടിയുടെ കരാർ മട്ടന്നൂർ സ്വദേശിയാണ് എടുത്തിരിക്കുന്നത്. രാജഗിരി-ജോസ്ഗിരി നാലരക്കിലോമീറ്റർ റോഡിന്റെ അരിക് കെട്ടുന്നതിനും തകർന്ന ഭാഗങ്ങൾ പുനർനിർമിക്കുന്നതിനും ആറരക്കോടി രൂപ അനുവദിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിരിക്കുകയാണ്. പണം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ്, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, സ്ഥിരംസമിതി ചെയർപേഴ്സൺ ലീന വില്യം, ആസൂത്രണ സമിതി അംഗം മനോജ് വടക്കേൽ എന്നിവർ വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയെ കണ്ട് സംസാരിച്ചിരുന്നു. തുടർന്ന് എം.എൽ.എ ബന്ധപ്പെട്ട കരാറുകാരെ ഫോണിൽ വിളിക്കുകയും ഉടൻതന്നെ റോഡിന്റെ പണി ആരംഭിക്കുമെന്ന് ഉറപ്പുനൽകുകയായിരുന്നു.എന്നാൽ ഇതും പാലിക്കപ്പെട്ടിട്ടില്ല.
Published: 29 Oct 2026, 04:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented