നീലേശ്വരം : ഏറെനാളത്തെ മുറവിളിക്കൊടുവിൽ പൊളിച്ചുനീക്കാൻ നിശ്ചയിച്ചെങ്കിലും പിന്നെയും കടമ്പകളിൽപ്പെട്ട് നീലേശ്വരം താലൂക്കാസ്പത്രിവളപ്പിലെ ജല അതോറിറ്റിയുടെ ജലസംഭരണി.
ഏറെക്കാലമായി അപകടാവസ്ഥയിലുള്ള ജലസംഭരണി സെപ്റ്റംബർ മൂന്നിനുതന്നെ പൊളിച്ചുതുടങ്ങുമെന്ന് ജല അതോറിറ്റി ചെറുവത്തൂർ പി.എച്ച്. സബ്ഡിവിഷൻ അസി. എക്സിക്യട്ടീവ് എൻജിനീയർ നീലേശ്വരം നഗരസഭാ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിരുന്നതാണ്. മലപ്പുറം പൂക്കോട്ടൂരിലെ പി.പി. അബ്ദുൾ കരീമിനാണ് ഇതുസംബന്ധിച്ച കരാർ ലഭിച്ചിരിക്കുന്നതെന്നും ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചായിരിക്കും സംഭരണി പൊളിക്കുകയെന്നും ഇതിൽ പറഞ്ഞിരുന്നു. നടപടികളിൽ നഗരസഭയുടെ സഹകരണം കൂടി അഭ്യർഥിച്ചായിരുന്നു കത്ത്.
നീലേശ്വരം താലൂക്കാസ്പത്രിവളപ്പിൽ അത്യാഹിത ബ്ലോക്കിനോട് ചേർന്നാണ് അപകടാവസ്ഥയിൽ ടാങ്ക് ഉള്ളത്. ഒടുവിൽ ടാങ്ക് പൊളിച്ചുതുടങ്ങിയപ്പോൾ വൈകിട്ടോടെ തന്നെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അധികൃതർ ഇടപെട്ട് നിർത്തിച്ചു. കരാർ ഏറ്റെടുത്തവർ നിശ്ചിത കാലാവധിക്ക് മുൻപ് പണി തുടങ്ങാത്തതിലെ നിയമപ്രശ്നം ചൂണ്ടിക്കാട്ടിയാണ് അധികൃതർ പണി നിർത്തിച്ചത്. ഇനി പുതുക്കിയ കരാർ രേഖകൾ ഒപ്പിടുന്നതോടെ മാത്രമേ പൊളിക്കുന്നത് പുനരാരംഭിക്കൂ എന്നാണറിയുന്നത്. വീണാ ജോർജ് ആരോഗ്യമന്ത്രിയായിരിക്കെ, സംഭരണിയുടെ ശോച്യാവസ്ഥ നേരിൽക്കണ്ട് ഇത് ഉടൻ പൊളിച്ചുനീക്കണമെന്ന് വാക്കാൽ നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെ കോട്ടയം മെഡിക്കൽ കോളേജിൽ അപകടാവസ്ഥയിലുള്ള കെട്ടിടം വീണ് ഒരാൾ മരിച്ചതിനെ തുടർന്ന് നാട്ടുകാർ അന്നത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
Published: 28 Oct 2026, 04:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented