മുള്ളേരിയ : കാസർകോട് ജില്ലയിലെ വൈദ്യുതി മേഖലയ്ക്ക് പുതിയ പ്രതീക്ഷയായി മുള്ളേരിയ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്). 15 മെഗാവാട്ട് ശേഷിയും 60 മെഗാവാട്ട് അവർ സംഭരണശേഷിയുമുള്ള പദ്ധതിയുടെ ബാറ്ററി ടെസ്റ്റ് ചാർജ് ചെയ്ത് വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്ന പരീക്ഷണപ്രവർത്തനങ്ങൾ ആരംഭിച്ചു. നിർമാണവും പ്രധാന സാങ്കേതിക പ്രവർത്തനങ്ങളും പൂർത്തിയാക്കി പദ്ധതി പ്രവർത്തനസജ്ജമായതോടെ ഇനി ഔദ്യോഗിക ഉദ്ഘാടനമാണ് ബാക്കിയുള്ളത്.

To advertise here,

മുള്ളേരിയ സബ്‌സ്റ്റേഷൻ പരിധിയിൽ അനുഭവപ്പെടുന്ന വോൾട്ടേജ് വ്യതിയാനങ്ങൾ കുറയ്ക്കുന്നതിനും വൈദ്യുതി വിതരണത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പദ്ധതി സഹായകരമാകും.

മുള്ളേരിയ കെ.എസ്.ഇ.ബി. സബ്‌സ്റ്റേഷനോട് ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. പകൽസമയത്ത് ഗ്രിഡിൽനിന്ന് ലഭിക്കുന്ന വൈദ്യുതിയും അധിക സൗരോർജ വൈദ്യുതിയും ബാറ്ററിയിൽ സംഭരിച്ച് രാത്രിയിലും വൈദ്യുതി ആവശ്യകത ഉയരുന്ന സമയത്തും ഗ്രിഡിലേക്ക് തിരിച്ചുനൽകുന്നതാണ് പ്രവർത്തനരീതി. പൂർണ ശേഷിയിൽ പ്രവർത്തിക്കുമ്പോൾ 15 മെഗാവാട്ട് വൈദ്യുതി നാലുമണിക്കൂർ വരെ നൽകാൻ സംവിധാനത്തിന് കഴിയും. ഇതിലൂടെ ഒരുദിവസം 60 മെഗാവാട്ട് അവർ വൈദ്യുതിവിതരണം ചെയ്യാൻ സാധിക്കും.

ബാറ്ററി യൂണിറ്റുകൾ ചാർജ് ചെയ്ത് സംഭരിച്ച വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്ന പരീക്ഷണപ്രവർത്തനങ്ങൾ വിജയകരമായി നടത്തി. ചില സെല്ലുകളിലെ തകരാറുകൾ പരിഹരിച്ചു. തുടർച്ചയായ പരീക്ഷണത്തിൽ രാത്രിയിൽ 60 മെഗാവാട്ട് അവർ വീതം വൈദ്യുതി ഗ്രിഡിലേക്ക് നൽകി. ഇതോടെ കേരളത്തിലെ ആദ്യത്തെ 15 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി സംഭരണ പദ്ധതികളിലൊന്നായ മുള്ളേരിയ ബെസ് നിർണായക ഘട്ടം പിന്നിട്ടു. അന്തിമ പ്രവർത്തനാനുമതിയും അനുബന്ധ നടപടികളും പൂർത്തിയാകുന്നതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനത്തിലേക്ക് കടക്കാനാകും. ഔദ്യോഗിക ഉദ്ഘാടനത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. മുള്ളേരിയ സബ്‌സ്റ്റേഷൻ പരിധിയിൽ വോൾട്ടേജ് വ്യതിയാനങ്ങൾ അനുഭവപ്പെടുന്ന സാഹചര്യത്തിൽ, ആവശ്യകത ഉയരുന്ന സമയത്ത് സംഭരിച്ച വൈദ്യുതി ലഭ്യമാക്കുന്നത് വിതരണസംവിധാനത്തിന് അധിക പിന്തുണ നൽകും.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷന്റെ (എൻ.എച്ച്.പി.സി.) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. മത്സരാധിഷ്ഠിത ടെൻഡറിലൂടെ ഓപ്പറ എനർജി പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമാണച്ചുമതല ലഭിച്ചത്. പവർ ട്രാൻസ്ഫോർമറുകൾ, ഇൻവെർട്ടറുകൾ, ബാറ്ററി യൂണിറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന ഉപകരണങ്ങൾ സ്ഥാപിക്കുകയും സബ്‌സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു.