കാഞ്ഞങ്ങാട് : ചെമ്മട്ടംവയൽ-അടുക്കം റോഡ് നവീകരണത്തിൽ കുറ്റിക്കാൽ ബല്ലവയലിൽ ടാറിങ്ങിന് മുന്നോടിയായി കോൺക്രീറ്റ് മിശ്രിതം നിരത്തി തുടങ്ങി. അനിശ്ചിതമായി നീളുന്ന റോഡ് ടാറിങ്ങിൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതം കഴിഞ്ഞ ദിവസം മാതൃഭൂമി വാർത്തയായി നൽകിയിരുന്നു.

To advertise here,

ഏപ്രിൽ പകുതിയോടെ പണിപൂർത്തിയാക്കുമെന്ന ഉറപ്പിൽ പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ പ്രവൃത്തി പിന്നീട് അനിശ്ചിതമായി നീളുകയായിരുന്നു. നിലവിലുള്ള റോഡ് മണ്ണിട്ടുയർത്തിയും കലുങ്ക് നിർമിച്ചുമുള്ള പ്രവൃത്തിയാണ് 200 മീറ്റർ റോഡിൽ പൂർത്തീകരിക്കേണ്ടിയിരുന്നത്. ചെമ്മട്ടംവയൽ അമ്പലത്തുകരറോഡ് പൂർണമായും അടച്ചിട്ട് വാഹനങ്ങൾ കല്യാൺറോഡ് വഴി വഴിതിരിച്ചുവിട്ടാണ് പണികൾ തുടങ്ങിയത്.

കരാറുകാരന്റെയും വകുപ്പ് അധികൃതരുടെ അനാസ്ഥയിൽ നീണ്ടുപോയ നവീകരണത്തിൽ റോഡ് തുറന്നു കിട്ടുന്നതിന് നാട്ടുകാർക്ക് ഒടുവിൽ സമരംചെയ്യേണ്ട സ്ഥിതിയുണ്ടായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മണ്ണിട്ട് ഉയർത്തിയ റോഡ് പണിതീരുംമുൻപ് തന്നെ തുറന്നുകൊടുക്കാൻ അധികൃതർ നിർബന്ധിതരായെങ്കിലും ടാറിങ്ങ് നടന്നില്ല. പണി പൂർത്തിയാകാതെ റോഡ് അവശിഷ്ടങ്ങൾ നിരത്തി തുറന്നുകൊടുത്ത റോഡിൽ ആടിയുലഞ്ഞാണ് വാഹനങ്ങൾ കടന്നുപോയിരുന്നത്. മഴക്കാലത്തെ ചെളിയും വേനലിലെ പൊടിശല്യവും മറ്റൊരുദുരിതമായി മാറിയിരുന്നു.

പൂർണമായ ടാറിങ്ങിനൊപ്പം അരികുകൾ ഉറപ്പിക്കുന്ന ജോലിയും പോക്കറ്റ് റോഡായ ബല്ലത്തപ്പൻ റോഡിലേക്കുള്ള കൃത്യമായ വഴിയൊരുക്കലും നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.