തളിപ്പറമ്പ് : എളമ്പേരം-ആറാംവയൽ-കൂവേരി വായനശാല റോഡ് തകർന്ന് യാത്ര ബുദ്ധിമുട്ടിലായി. ചപ്പാരപ്പടവ് പഞ്ചായത്തിൽപെട്ട ഈ റോഡ് കഴിഞ്ഞ വർഷം മഴക്കാലത്താണ് റീ ടാർ ചെയ്തത്. മഴയത്ത് ടാർ ചെയ്യരുത് എന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും തിടുക്കപ്പെട്ട് ചെയ്യുകയായിരുന്നു. മഴ പെയ്തതോടെ റോഡ് തകർന്ന് യാത്രചെയ്യാൻ പറ്റാത്ത സ്ഥിതിയിലായി. ഓവുചാൽ സംവിധാനമൊന്നും ഇല്ലാത്തതു കാരണം മഴവെള്ളം റോഡിൽകൂടി കുതിച്ചൊഴുകുകയാണ്. ടാർ ചെയ്തത് പോലും കാണാത്ത വിധത്തിൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുകയും കുഴി നിറഞ്ഞ് കിടക്കുകയുമാണ്.

To advertise here,

പല സ്ഥലത്തും റോഡ് നിറയെ ടാർ ചെയ്യാൻ ഉപയോഗിച്ച ജില്ലികൾ ഇളകിക്കിടക്കുകയാണ്. ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളുമാണ് ഇതുവഴി കൂടുതൽ കടന്നുപോകുന്നത്.

റോഡ് തകർന്നു കിടക്കുന്നതു കാരണം കാൽനടയാത്രികർ അടക്കം ബുദ്ധിമുട്ടിലാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ റോഡ് നന്നാക്കാമെന്ന് അധികൃതർ പറഞ്ഞെങ്കിലും രണ്ട് തിരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടും ഫലമൊന്നുമുണ്ടായില്ല.

എറങ്കോ പൊയിൽ, രാമപുരം, കൂവേരി ഗവ. എൽ.പി. സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകൾ ഈ റോഡിലാണ് ചെന്നുചേരുന്നത്. ഈ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹന യാത്രക്കാരും യാത്രാ ബുദ്ധിമുട്ടിലാണ്. വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന എളമ്പേരം പാറയിലേക്ക് നിരവധിപ്പേർ ഈ റോഡു വഴിയാണ് യാത്ര ചെയ്യുന്നത്. എളമ്പേരത്തെത്തി തളിപ്പറമ്പ്, ആലക്കോട് ഭാഗത്തേക്കു പോകുന്ന യാത്രക്കാരുമുണ്ട്. ഇവരെല്ലാം യാത്രാ പ്രശ്നം അനുഭവിക്കുന്നു.