പ്രതീകാത്മക ചിത്രം
ഒരു വിഭവം തയ്യാറാക്കാന്‍ അവശ്യമായ വസ്തുക്കളുടെ വിലയും അത് എത്ര രൂപയ്ക്കാണ് വില്‍ക്കുന്നത് എന്നതിനേയും അടിസ്ഥാനമാക്കിയാണ് പലരും ഹോട്ടല്‍ മേഖലയുടെ ലാഭ നഷ്ടക്കണക്കുകള്‍ പുറത്തുനിന്ന് നോക്കിക്കാണുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണ്. കൂട്ടിയും കിഴിച്ചും കണക്കുകൂട്ടലുകള്‍ നടത്തി ഹോട്ടല്‍ മേഖലയില്‍ എത്തുന്ന പലരും ബിസിനസ് തുടങ്ങുമ്പോഴാകും കണക്കുകൂട്ടലുകള്‍ പിഴച്ചത് മനസ്സിലാക്കുക. തുറന്നതിനേക്കാള്‍ വേഗത്തിലായിരിക്കും അടച്ചുപൂട്ടല്‍.
10 മുട്ടക്കറി ഉണ്ടാക്കാനുള്ള ചെലവ് ആയിരിക്കില്ല രണ്ട് മുട്ടക്കറി ഉണ്ടാക്കാന്‍ വേണ്ടത്. സ്വാഭാവികമായും രണ്ട് മുട്ടക്കറി ഉണ്ടാക്കുമ്പോള്‍ അതിന്റെ ചെലവ് വര്‍ധിക്കും 10 മുട്ടക്കറി ഒന്നിച്ച് ഉണ്ടാക്കുമ്പോള്‍ ഉണ്ടാക്കാനുള്ള ചെലവ് കുറയുകയും ചെയ്യും. 10 മുട്ടക്കറിയാണ് ഒരു ദിവസം വില്‍ക്കാന്‍ ഉണ്ടാക്കിയത് പക്ഷേ എട്ടു കറിയാണ് വിറ്റുപോയതെങ്കിലും അവിടെ നഷ്ടമായിരിക്കും. ഈ ചെറിയ നഷ്ടം പോലും ഹോട്ടലിന്റെ ആകെ ലാഭത്തെയാണ് ബാധിക്കുക.
'മറ്റു വ്യാപാരങ്ങളെപ്പോലെയല്ല ഇവിടെയുളള ഹോട്ടല്‍ വ്യാപാരം. മറ്റുവ്യാപാരങ്ങളില്‍ കച്ചവടവസ്തുക്കള്‍ ഒരു ദിവസം വിറ്റുപോയില്ലെങ്കില്‍ അടുത്ത ദിവസത്തേക്ക് വില്‍ക്കാനാകും. ഭക്ഷ്യവസ്തുക്കള്‍ അതുപോലെയല്ലല്ലോ. ഇങ്ങനെ പലതരത്തിലുള്ള പരിമിതികള്‍ ഹോട്ടല്‍ വ്യവസായം നേരിടുന്നുണ്ട്.' - കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായ മുഹമ്മദ് സുഹൈല്‍ പറയുന്നു.

നിലവില്‍ ഹോട്ടല്‍ മേഖല ഏറെ പരിതാപകരമായ അവസ്ഥയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. പിടിച്ചു നില്‍ക്കാന്‍ ഭക്ഷണവില വര്‍ധിപ്പിക്കുകയല്ലാതെ രക്ഷയില്ല. കോവിഡ് തകര്‍ത്ത കഴിഞ്ഞ രണ്ട് വര്‍ഷം, ഹോട്ടല്‍ മേഖലയിലെ ലാഭം കുറഞ്ഞു കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നിലവില്‍. ഈ സമയത്താണ് സാധനങ്ങള്‍ക്കുള്ള വിലക്കയറ്റവും കൂടി വരുന്നത്. ഈ അവസ്ഥയില്‍ ഭക്ഷണ വില വര്‍ധിപ്പിക്കുക എന്നതാണ് മുമ്പിലുള്ള ഏക പോംവഴി.
'നേരത്തേയും ഹോട്ടല്‍ ഭക്ഷണങ്ങളില്‍ വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഏകദേശ കണക്കുപ്രകാരം, ആകെ ഉണ്ടാക്കുന്ന ഭക്ഷണത്തിനുണ്ടാകുന്ന ആകെ തുകയില്‍ 10 രൂപ വര്‍ധിക്കുമ്പോള്‍ ഭക്ഷണവിലയില്‍ ഒരു രൂപ വര്‍ധിപ്പിക്കും എന്ന രീതിയായിരുന്നു കാലങ്ങളായി നടന്നു വന്നിരുന്നത്. അതത് കാലത്ത് വര്‍ധിക്കുന്ന സാധനങ്ങളുടെ വിലയും തൊഴിലാളികളുടെ വേതനവും ഒക്കെ എടുത്തു നോക്കിയാല്‍ നിലവിലെ ഹോട്ടല്‍ മേഖലയിലെ ലാഭത്തിന്റെ കാര്യം മനസ്സിലാകും. അതിനിടയിലാണ് കോവിഡും ഈ മേഖലയെ പിടിച്ചുലക്കുന്നത്, ഇതിന് പുറമെ അനിയന്ത്രിതമായ വിലക്കയറ്റവും.
.jpg?$p=6023fe7&&q=0.8)
പഴയ കാലത്തില്‍ നിന്ന് മാറി ഇന്ന് വ്യാപകമായി ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന രീതി ജനങ്ങളില്‍ വര്‍ധിച്ചു വരികയാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ കുത്തനെയുള്ള വിലവര്‍ധനവ് സാധാരണക്കാരെ എങ്ങനെ ബാധിക്കും എന്ന ആശങ്കയും ഹോട്ടലുടമകള്‍ക്കുണ്ട്. മനുഷ്യന് അടിസ്ഥാനമായിട്ട് വേണ്ടത് ഭക്ഷണമാണ്. അതിനാവശ്യമായ വസ്തുക്കളുടെ വില കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ ആഡംബര വസ്തുക്കളുടെ വിലയും ടാക്‌സുമല്ല കുറയ്ക്കേണ്ടത്.' സുഹൈല്‍ പറയുന്നു.
ശരിയാണ്, അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധനവ്, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം, പച്ചക്കറിക്ക് കുതിച്ചു കയറുന്ന വില, പാചകവാതക വില ഇവയൊക്കെ വര്‍ധിക്കുമ്പോള്‍ സമാനമായി ഹോട്ടല്‍ ഭക്ഷണങ്ങളിലും അത് പ്രതിഫലിക്കും എന്നത് സ്വാഭാവികം. എന്നാല്‍ ഒരേ കാറ്റഗറിയിലുളള രണ്ട് ഹോട്ടലുകളില്‍, ഏകദേശം സമാന എണ്ണത്തിലുള്ള ജോലിക്കാരെ വെച്ച്, സമാന സ്വഭാവമുള്ള ഭക്ഷണങ്ങള്‍ വില്‍ക്കുമ്പോള്‍ ആ വിലയില്‍ വലിയ അന്തരം ഉണ്ടാകുന്നതാണ് ഉപഭോക്താക്കള്‍ ഉന്നയിക്കുന്ന പ്രശ്‌നം.
.jpg?$p=536118c&&q=0.8)
പല ഹോട്ടലുകളും ചായയ്‌ക്കൊപ്പം നല്‍കുന്ന പലഹാരം (സ്‌നാക്‌സ്) പുറത്തുനിന്ന് വാങ്ങിക്കുന്നവയാണ്. പല വീടുകളില്‍ എത്തിക്കുന്ന വിഭവങ്ങള്‍ ആയിരിക്കും പലപ്പോഴും പല ഹോട്ടലുകളിലും നല്‍കുക. ഇത്തരത്തില്‍ പുറമെ നിന്ന് പലഹാരങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഹോട്ടലുകള്‍ക്ക് ഈ പലഹാരം ഉണ്ടാക്കാനുള്ള ചെലവ് കുറയുകയാണ് ചെയ്യുന്നത്. പഴംപൊരി, സമൂസ, മുട്ട പഫ്‌സ് തുടങ്ങിയ എണ്ണ പലഹാരങ്ങള്‍ വീടുകളില്‍ നിന്ന് വാങ്ങിക്കുമ്പോള്‍ സ്വാഭാവികമായും എണ്ണ, പാചകവാതകവില മറ്റും വസ്തുക്കളുടെ ചെലവ് ഒക്കെ ഹോട്ടലുകള്‍ക്ക് കുറയുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതിനനുസരിച്ച് ഹോട്ടലുകള്‍ വില കുറയ്ക്കുന്നില്ല എന്നതാണ് വസ്തുത.
ഉണ്ടാക്കിക്കൊടുക്കുന്ന തുകയേക്കാള്‍ ഇരട്ടിയായിരിക്കും ചില ഹോട്ടലുകളിൽ ഈടാക്കുന്ന വില എന്നതും വസ്തുതയാണ്. ഹോട്ടലുകളില്‍ ഇത്തരം പലഹാരങ്ങള്‍ പത്തും പതിനഞ്ചും ഇരുപതും രൂപ വാങ്ങിക്കുമ്പോള്‍ എട്ടും ഏഴും പത്തും രൂപയുമാണ് ഉണ്ടാക്കിക്കൊടുക്കുന്നവര്‍ക്ക് നല്‍കുന്നത്. ഒരു സ്ഥലത്ത് നിന്ന് തന്നെ വാങ്ങിക്കുന്ന ഇത്തരം പലഹാരങ്ങള്‍ക്ക് പല ഹോട്ടലുകളിലും പല വിലയാണ് എന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.
എന്നാല്‍ ഭക്ഷണവില ഏകീകരിക്കുന്നതില്‍ ഹോട്ടലുടമകള്‍ക്കുള്ളത് കടുത്ത എതിര്‍പ്പാണ്. അരി, എണ്ണ, ചായപ്പൊടി, മറ്റ് പല വ്യഞ്ജനങ്ങള്‍ തുടങ്ങി പലവസ്തുക്കള്‍ക്കും ഗുണ നിലവാരത്തിന് അനുസരിച്ച് പല വിലയാണ് വിപണിയില്‍ ഈടാക്കുന്നത്.
ഹോട്ടലുകള്‍ അവരുടെ കച്ചവടത്തിനനുസരിച്ചാണ് ഇതില്‍ ഏതുവിലയുടെ സാധനം വാങ്ങണം എന്ന് തീരുമാനിക്കുക, ഹോട്ടലില്‍ ഒരുക്കിയിരിക്കുന്ന മറ്റ് സൗകര്യങ്ങള്‍, ഓരോ പ്രദേശത്തേയും കെട്ടിട വാടകയിലെ വ്യത്യാസം, ഭക്ഷണം ഉണ്ടാക്കുന്ന രീതി അങ്ങനെ കൂടുന്ന ചെലവുകള്‍ക്ക് അനുസരിച്ചേ ഓരോ കടയുടമയ്ക്കും വില നിശ്ചയിക്കാനാവൂ എന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടലും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില സര്‍ക്കാര്‍ പിടിച്ചുനിര്‍ത്താനും പാചകവാതകത്തിന്റെ നികുതി കുറയ്ക്കാനും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് ഹോട്ടലുടമകളുടെ ആവശ്യം.
'ഹോട്ടല്‍ ഭക്ഷണങ്ങളുടെ വിലക്കയറ്റത്തിന്റെ പേരില്‍, ഗ്രേഡിങ് തിരിക്കുന്നതും വില നിയന്ത്രണം കൊണ്ടുവരുന്നതും ജനങ്ങള്‍ക്ക് വേണ്ടിയിട്ടാണെങ്കില്‍ അതില്‍ യാതൊരു ഗുണവും ഇല്ല. ഹോട്ടലിന്റെ സൗകര്യം, ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം, സ്റ്റാഫുകളുടെ എണ്ണം, സര്‍വീസിന്റെ കാര്യം, ഭക്ഷണത്തിന്റെ കാര്യം ഇവയില്‍ ഏതെല്ലാം അടിസ്ഥാനമാക്കിയാണ് ഹോട്ടലിന്റെ ഗ്രേഡ് തിരിക്കുക? ആര്‍ക്കാണ് അതിനുള്ള അധികാരം? ഒരു ഹോട്ടലില്‍ ഇന്റീരിയറും സൗകര്യങ്ങളുമുണ്ട് എന്നാല്‍ അവിടെ ഭക്ഷണത്തിന് വിചാരിച്ചത്ര ഗുണനിലവാരമോ മറ്റോ ഇല്ലെങ്കിലോ? സൗകര്യങ്ങള്‍ കുറവുള്ള പല ഹോട്ടലുകളിലും നല്ല ഗുണനിലവാരമുള്ള ഭക്ഷണങ്ങള്‍ കിട്ടുന്നുണ്ട്. ഇത് രണ്ടും ഒരുപോലെ ഉപഭോക്താവിന് നല്‍കുന്ന സ്ഥലങ്ങളും ഉണ്ട്. അങ്ങനെ വരുമ്പോള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡിങ് നല്‍കുക? ജനങ്ങളെ സംബന്ധിച്ചിടത്തോളം നല്ല ഭക്ഷണവും വൃത്തിയും സൗകര്യങ്ങളും ആഗ്രഹിക്കുന്നുണ്ട്.
നല്ല ഭക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് തിരിച്ച ഒരു ഹോട്ടലില്‍ ചിലപ്പോള്‍ അടുത്ത ദിവസങ്ങളില്‍ ഭക്ഷണം ഗുണനിലവാരം കുറഞ്ഞെന്നിരിക്കാം. മോശം ഭക്ഷണം ലഭിച്ചിരുന്നിടത്ത് നല്ല ഭക്ഷണം അടുത്ത ദിവസം മുതല്‍ ലഭിച്ചേക്കാം. അങ്ങനെ വരുമ്പോള്‍ ഗ്രേഡിങ്ങിൽ നിരന്തരം മാറ്റം കൊണ്ടു വരാന്‍ സാധിക്കുമോ?പ്രായോഗികമായ പരിഹാരങ്ങളാണ് ഇതിനായി കണ്ടെത്തേണ്ടത്. ഗ്രേഡ് നിശ്ചയിക്കാനും സ്ഥാപനത്തിന്റെ വളര്‍ച്ച നിശ്ചയിക്കാനും ഭക്ഷണത്തിന്റെ ഗുണനിലവാരം നിശ്ചയിക്കാനും ഒക്കെ അധികാരമുള്ളത് ജനങ്ങള്‍ക്കാണ്. അവരാണ് ഇതൊക്കെ തീരുമാനിക്കേണ്ടത്. അവര്‍ക്ക് എവിടെ പോകണം എന്ന് തോന്നുന്നുവോ അവിടെ പോകട്ടെ.
വിലക്കയറ്റവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഭാഗത്ത് നിന്നു കൊണ്ട് സര്‍ക്കാര്‍ സംസാരിക്കുമ്പോഴും സര്‍ക്കാരിന് ഒരുപാട് കാര്യങ്ങള്‍ ഹോട്ടല്‍ മേഖലയില്‍ ചെയ്യാന്‍ പറ്റും. ഹോട്ടല്‍ മേഖല, അത്രയ്ക്കും പ്രതിസന്ധിനിറഞ്ഞ ഘട്ടത്തിലായിരിക്കും വിലക്കയറ്റത്തെക്കുറിച്ച് ആലോചിക്കുക. അല്ലാതെ ഒരുപാട് ലാഭം ഉണ്ടാക്കാന്‍ വേണ്ടി ആരും ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില വര്‍ധിപ്പിക്കില്ല. അത് പറ്റില്ല, അത്രയ്ക്കും മത്സരമാണ് ഈ മേഖലയില്‍ ഇപ്പോള്‍.
പല കാര്യങ്ങളിലും സര്‍വീസ് സെക്ടറാണ് ഹോട്ടല്‍ മേഖല. എന്നാല്‍ ഈ ഇന്‍ഡസ്ട്രിക്ക് കൊടുക്കേണ്ടുന്ന ഒരുപാട് ആനുകൂല്യങ്ങളുണ്ട്. അതൊന്നും ശരിക്ക് ഈ മേഖലയിലേക്ക് നല്‍കുന്നില്ല. വ്യവസായ വകുപ്പിന്റെ ഒരുപാട് ആനുകൂല്യങ്ങളുണ്ട്. വൈദ്യുതിയുമായി ബന്ധപ്പെട്ട ഒരുപാട് ആനുകൂല്യങ്ങളുണ്ട്. ഇതൊന്നും ലഭിക്കുന്നില്ല. വീടുകളിലേക്ക് നല്‍കുന്ന ഗ്യാസിന്റെ രീതിയില്‍ എന്തു കൊണ്ട് വാണിജ്യ പാചകവാതക വിലയില്‍ കുറവു വരുത്തുന്നില്ല?' - മുഹമ്മദ് സുഹൈല്‍
(തുടരും)
Content Highlights: Hotel food price hike mathrubhumi.com series | In- Depth


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..