പ്രതീകാത്മക ചിത്രം
'ഒരു കോഴിമുട്ടക്ക് അഞ്ചു രൂപയാണ് വില. പിന്നെ സവാളയും തക്കാളിയും ചേര്‍ത്ത് ഉണ്ടാക്കുന്ന മുട്ടക്കറിക്ക് അമ്പത് രൂപ എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? പാചകവാതകം എത്ര വേണമെന്ന് പറഞ്ഞാലും ശരി, പത്തോ നൂറോ മുട്ട ഒന്നിച്ച് പുഴുങ്ങാന്‍ എത്ര നേരം വേണം? ഒരു അപ്പത്തിന് 15 രൂപ വാങ്ങേണ്ട ഒരു സാഹചര്യവും നിലവില്‍ കേരളത്തില്‍ ഇല്ല' - ചിത്തരഞ്ജന്‍ എം.എല്‍.എ.
പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ. ഉന്നയിച്ച ഹോട്ടലുകളിലെ വിലക്കയറ്റം ട്രോളുകളിലും പരിഹാസങ്ങളിലും പെട്ട് ഒതുങ്ങിയ മട്ടാണ്. ഉന്നയിച്ച വിഷയം സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാകാതെ, അതിനെതിരെ രാഷ്ട്രീയ പ്രതിയോഗികളും സോഷ്യല്‍ മീഡിയയും പരിഹാസവുമായി രംഗത്തെത്തി. ഉന്നയിക്കപ്പെട്ട വിഷയത്തിന് അതര്‍ഹിച്ച ഗൗരവം ലഭിച്ചില്ല. ചായയുടേയും പുട്ടിന്റേയും വെള്ളയപ്പത്തിന്റേയും കണ്ണ് തള്ളുന്ന വില കേട്ട് ആളുകള്‍ 'അമ്പോ' എന്ന് പറയുന്നുണ്ടെങ്കിലും എത്രമാത്രം അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്നു എന്നകാര്യം സംശയമാണ്. വെറും വിമര്‍ശനങ്ങളില്‍ ഒതുങ്ങി, ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും വേണ്ടി മാത്രം ഒന്നുമല്ലാതായിത്തീരുന്ന ഒരു വിഷയം. അത്ര മാത്രമായി മാറുകയാണ് ഹോട്ടല്‍ ഭക്ഷണങ്ങളുടെ വിലക്കയറ്റം.
പല ഹോട്ടലുകളില്‍നിന്നും ഭക്ഷണങ്ങളുടെ വിലവിവരപ്പട്ടിക അടക്കം മാറ്റപ്പെട്ടു. നേരത്തെ മെനു നല്‍കുമ്പോള്‍ വിലവിവരപ്പട്ടികയും ഭക്ഷണങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരവും ഉപഭോക്താവിന് ലഭിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പലയിടത്തും വെയിറ്ററെത്തി ഭക്ഷണങ്ങളുടെ നീണ്ടനിര ഒറ്റയടിക്ക് പറഞ്ഞ് തീര്‍ക്കും. വെയിറ്റര്‍ പറയുന്നത് കേട്ട് എന്തെങ്കിലും ഓര്‍ഡര്‍ ചെയ്ത് കഴിച്ചെണീക്കും. ബില്ല് വരുമ്പോഴായിരിക്കും കണ്ണു തള്ളുക. പല ഹോട്ടലുകളിലും ചുമരില്‍ തൂങ്ങുന്ന വിലവിവരപ്പട്ടികയുടെ അടിസ്ഥാനത്തില്‍ ആയിരിക്കില്ല ഭക്ഷണങ്ങളുടെ യഥാര്‍ഥവില.
വില വിവരപ്പട്ടിക

(എല്ലായിടത്തും സമാന രീതിയിലുള്ള വില അല്ല,
random ആയി സെലക്ട് ചെയ്തത്)
നഗരങ്ങളിലെ പല ഹോട്ടലുകളിലേയും ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന വിലയും ബില്ലിലെ വിലയും തമ്മില്‍ യാതൊരു ബന്ധവും ഇല്ല എന്നതാണ് വസ്തുത. ചുമരിലെ വില നോക്കി ഓര്‍ഡര്‍ ചെയ്ത് കഴിച്ച് ബില്ല് ലഭിക്കുമ്പോഴാകും അത് കോവിഡിന് മുമ്പുളള വിലയാണെന്നും കോവിഡിന് ശേഷമുണ്ടായ വിലക്കയറ്റത്തെ തുടര്‍ന്ന് ഭക്ഷണവില വര്‍ധിപ്പിച്ചെന്നും ഹോട്ടലധികൃതര്‍ വ്യക്തമാക്കുക. പിന്നെ എന്തിനാണ് ചുമരില്‍ പഴയ വില തൂക്കിയിട്ടിരിക്കുന്നത് എന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമുണ്ടാകില്ല.
.jpg?$p=dd3276e&&q=0.8)
പലരും അഭിമാനത്തിന് ക്ഷതം വരാതിരിക്കാന്‍ വേണ്ടി ഒന്നും ചോദിക്കാന്‍ നില്‍ക്കാറില്ല. ഭക്ഷണം കഴിച്ച് കഴിഞ്ഞ് വില പേശാന്‍ നിക്കാതെ പണം കൊടുത്ത് പോവുകയാണ് പതിവ്. അതുകൊണ്ട് തന്നെ പല ഹോട്ടലുകളും ഇത് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. മറ്റു ചിലയിടയിടത്താകട്ടെ വെട്ടിത്തിരുത്തി വീണ്ടും വീണ്ടും എഴുതിച്ചേര്‍ത്ത വിലവിവരപ്പട്ടിക ചുമരില്‍ തൂങ്ങുന്നുണ്ടാകും. എന്നാല്‍ അത് നോക്കി ഓര്‍ഡര്‍ ചെയ്താലും ബില്ലു വരുമ്പോള്‍ അതേ വിലയാകണമെന്നില്ല.
നീണ്ട യാത്രയ്‌ക്കൊടുവിലാണ് ഒരിക്കല്‍ കോഴിക്കോട് നഗരത്തില്‍ വന്നിറങ്ങിയത്. എന്തെങ്കിലും കഴിക്കാം എന്ന് കയറി കാണാന്‍ കൊള്ളാവുന്ന അത്യാവശ്യം വൃത്തിയുള്ള ഒരു ഹോട്ടലില്‍ തന്നെ കയറി. വെജ് കുറുമ, വെള്ളപ്പം, ഒരു ചായ ഓര്‍ഡര്‍ ചെയ്തു. സാധാരണ രീതിയില്‍ നൂറോ അല്ലെങ്കില്‍ നൂറ്റി പത്തോ രൂപയാണെന്ന് കരുതിയാണ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ബില്ല് വന്നപ്പോള്‍ ചെറുതായെന്ന് കണ്ണുതളളി. 156 രൂപ. വെജ് കുറുമയ്ക്ക് മാത്രം നൂറ്റി പതിനാല് രൂപ വാങ്ങിക്കുന്നത് അന്യായമല്ലേ? ഒരു ചായയ്ക്ക് 10 രൂപ എന്ന് ന്യായം പറയാം. എന്നാല്‍ ഇരുപത് രൂപ അധികം തന്നെയല്ലേ?

എംഎല്‍എയുടെ പരാതി വൈറലായതോടെ ഹോട്ടലുകാര്‍ മുട്ടക്കറിയുടേയും മറ്റു വിഭവങ്ങളുടേയും വില കുറച്ചത് തന്നെ എടുത്തു നോക്കൂ. അമ്പത് രൂപയില്‍ നിന്ന് നാല്‍പത് രൂപയായാണ് കുറച്ചത്. ഒറ്റയടിക്ക് കുറച്ചത് 10 രൂപ! മുട്ടക്കറിക്ക് ഇത്തരത്തില്‍ വില വര്‍ധിപ്പിച്ചിട്ടുണ്ടെങ്കില്‍ മറ്റുള്ള ഭക്ഷണങ്ങളുടെ കാര്യത്തിലും ഇതുതന്നെ ആയിരിക്കില്ലേ അവസ്ഥ എന്ന സംശയം ഉയരുക സ്വാഭാവികം.
വാണിജ്യ പാചകവാതക സിലിണ്ടറുകളുടേയും മറ്റു അവശ്യവസ്തുക്കളുടേയും വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ സ്വാഭാവികമായും ഹോട്ടലുകളില്‍ ഭക്ഷണവില വര്‍ധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പല ഹോട്ടലുകളും ഇപ്പോള്‍തന്നെ തോന്നിയ രീതിയില്‍ വില വര്‍ധിപ്പിച്ചു കഴിഞ്ഞു. പച്ചക്കറിയുടെയും മറ്റു ഭക്ഷ്യ വസ്തുക്കളുടെയും വാണിജ്യ പാചക സിലിണ്ടറുകളുടേയും മറ്റും വില വര്‍ധിക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ വിലവര്‍ധനയല്ലാതെ തങ്ങളുടെ മുന്നില്‍ മറ്റുമാര്‍ഗമില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. എന്നാല്‍, ഒരേ വിഭവത്തിന് ഓരോ ഹോട്ടലിലും വ്യത്യസ്ത വിലയീടാക്കുന്നതിന്റെ ഔചിത്യമില്ലായ്മയെയാണ് ഉപഭോക്താക്കള്‍ ചോദ്യം ചെയ്യുന്നത്.
.jpg?$p=2922c1a&&q=0.8)
എം.എല്‍.എ. ഭക്ഷണവില വിഷയം ഉയര്‍ത്തിയപ്പോള്‍ വിവാദത്തിലായ ഹോട്ടലിന്റെ ഉടമ പറഞ്ഞത് ഹോട്ടലിന്റെ സൗകര്യങ്ങളെക്കുറിച്ചും തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ചുമായിരുന്നു. ശരിയാണ്, ഹോട്ടലുകളിലെ തൊഴിലാളികളുടെ എണ്ണം, സൗകര്യങ്ങള്‍ തുടങ്ങിയവ പരിഗണിച്ച് ഭക്ഷണവില നിശ്ചയിക്കുകയും ഈടാക്കുകയും ചെയ്യുന്നതില്‍ തെറ്റില്ല.
തട്ടുകടയില്‍നിന്നും പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്നും ലഭിക്കുന്ന സേവനങ്ങള്‍ വ്യത്യസ്തമായതുകൊണ്ടുതന്നെ ഇവിടെ നിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിലയിലും വ്യത്യാസമുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഫൈവ് സ്റ്റാര്‍, ത്രീ സ്റ്റാര്‍, സാധാരണ ഹോട്ടലുകള്‍, തട്ടുകടകള്‍ തുടങ്ങിയിടങ്ങളില്‍ കാറ്റഗറി അനുസരിച്ച് വില നിര്‍ണയത്തിന് ഒരു മാനദണ്ഡം കൊണ്ടു വരികയും അതു മുഖേന ഹോട്ടലുകളുടെ ഭക്ഷണ വിലകളില്‍ ഒരു ഏകീകരണ സ്വഭാവം കൊണ്ടു വരികയുമാണ് ചെയ്യേണ്ടത്.
കോവിഡും പ്രളയവും മറ്റു പ്രതിസന്ധികളും തകര്‍ത്ത നമ്മുടെ സമ്പദ്ഘടന മുന്നോട്ടു ചലിക്കേണ്ടതുണ്ട്. പക്ഷേ, അതിന് പിടിച്ചുപറിയല്ല മാര്‍ഗമെന്ന് നടപടികളിലൂടെ ഉറപ്പിച്ചു പറയേണ്ടത് അധികൃതരാണ്.
(തുടരും)
Content Highlights: Hotel food price hike mathrubhumi.com series | In- Depth
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..