മഹാരാഷ്ട്രയിലെ എഫ്ഡിഎ(ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ) കമ്മീഷണർ തുക്കാറാം മുണ്ടെയുടെ കൊടുങ്കാറ്റു വേഗത്തിലെ റെയ്ഡുകൾ രാജ്യമെമ്പാടും ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കേരളത്തിന്റെ ഭക്ഷ്യസുരക്ഷാ കമ്മീഷണർ ശ്രീധന്യ സുരേഷുമായി സംസാരിക്കുന്നു:

To advertise here,

ഭക്ഷ്യസുരക്ഷയും കേരളവും

കേരളത്തിലെ ഫൈവ് സ്റ്റാർ മുതൽ നാടൻ തട്ടുകട വരെയുള്ള ഹോട്ടലുകൾ അത്യാവശ്യം വേണ്ട ശുചിത്വ മാനദണ്ഡങ്ങൾ പിന്തുടരുന്നുണ്ട്. ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ സംയുക്ത സംഘങ്ങൾ പതിവായി പരിശോധന നടത്താറുണ്ട്. കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ കണ്ടെത്തിയാൽ ആ ബാച്ച് മുഴുവൻ വിപണിയിൽനിന്ന് പിൻവലിക്കും. കാലാവധി കഴിയാത്ത ഉൽപ്പന്നങ്ങൾ മാത്രമേ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പു വരുത്താറുണ്ട്. ഇപ്പോൾ ജനങ്ങളും വളരെ ബോധവാൻമാരാണ്. എന്ത് വാങ്ങിയാലും എക്സ്പയറി ഡേറ്റും മറ്റും പരിശോധിക്കും. ഉൽപ്പന്നത്തിലെ പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് എത്രയുണ്ട് എന്നൊക്കെ ആളുകൾ ശ്രദ്ധിക്കാറുണ്ട്.

വകുപ്പിന് കടുത്ത ജോലിഭാരം

ഹോട്ടലുകളിൽ മാത്രമാണ് ഇൻസ്പെക്ഷൻ എന്ന ധാരണ തെറ്റാണ്. മുളകുപൊടി, മഞ്ഞൾപ്പൊടി, റവ, റാഗി, പാക്ക്ഡ് ജ്യൂസുകൾ, വെള്ളം, ഉപ്പ് തുടങ്ങി പലചരക്ക് കടകളിലെ എല്ലാ ഉൽപ്പന്നങ്ങളും നിയമാനുസൃതമായി പരിശോധിക്കേണ്ടതുണ്ട്. ഗുണനിലവാരം കുറഞ്ഞതും തെറ്റായി ബ്രാൻഡു ചെയ്തതും സുരക്ഷിതമല്ലാത്തതുമായ വിഭാഗങ്ങളിൽ പെടുന്ന ഉൽപ്പന്നങ്ങൾക്കെതിരെ പിഴ മുതൽ കോടതി പ്രോസിക്യൂഷൻ വരെയുള്ള നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

ഇത്രയും വിശാലമായ ചുമതലയ്ക്ക് കേരളത്തിലുള്ളത് വെറും 140 ഫുഡ് സേഫ്റ്റി ഓഫീസർമാർ (നോഡൽ ഓഫീസർ അടക്കം 144). ഒരു ഓഫീസർക്ക് ശരാശരി മൂവായിരത്തി അഞ്ഞൂറിനും നാലായിരത്തിനും ഇടയ്ക്ക് എസ്റ്റാബ്ലിഷ്മെന്റുകളുടെ ചുമതലയുണ്ട്. ഒരു മാസം കൊണ്ട് പൂർണ്ണമായി കവർ ചെയ്യാൻ കഴിയാത്തത്ര വലിയ സംഖ്യ. അടുത്തിടെ 20 പുതിയ തസ്തികകൾ അനുവദിച്ചിട്ടുണ്ട്. ഭക്ഷണവ്യാപാരം കൂടുതലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ ഒരു ഓഫീസിൽ രണ്ടുപേർക്ക് ചാർജ് നൽകി ഷെഡ്യൂൾ ചെയ്തിരിക്കുകയാണ്.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നമുക്ക് ഒരു മാസം 15 സാമ്പിളുകൾ നിർബന്ധമായും പരിശോധനയ്ക്കായി എടുത്തിരിക്കണം എന്നു നിർദ്ദേശിച്ചിട്ടുണ്ട്. ഇതുകൂടാതെ കാറ്ററിങ്ങുകാർക്ക്, ഫുഡ് ബിസിനസ് ഹാൻഡ്ലർമാർക്ക്, ഹോംസ്റ്റേകൾക്ക്, ഹോട്ടലുകൾക്ക് എന്നിവർക്കെല്ലാം മാസം തോറും എഫ്എസ്എസ്എഐയുടെ പരിശീലനം കൊടുക്കണം. പിന്നെ, വിഐപി സന്ദർശനവേളയിലെ ഭക്ഷണപരിശോധനയും ഉണ്ട്.

അനലോഗ് പനീറും വ്യാജപ്പാലും

മഹാരാഷ്ട്രയിൽ വൻതോതിൽ കണ്ടെത്തിയ അനലോഗ് പനീറും വ്യാജപ്പാലും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നമ്മുടെ എഫ്എസ്ഒമാർ ആരും തന്നെ ഫീൽഡിൽനിന്ന് അങ്ങനെയൊരു പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളത്തിലേക്ക് വരുന്ന എല്ലാ പാലും അതിർത്തി ചെക്ക് പോസ്റ്റുകളിൽ മൊബൈൽ ലാബ് വഴി ഒമ്പത് പാരാമീറ്ററുകൾ ടെസ്റ്റ് ചെയ്ത ശേഷം മാത്രമേ കടത്തിവിടുന്നുള്ളൂ. എന്നാൽ, റോഡമിൻ ബി, മെറ്റാനിൽ യെല്ലോ പോലുള്ള സിന്തറ്റിക് കളറുകൾ കോട്ടൺ കാൻഡിയിൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരായ നിരോധന ഉത്തരവ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ പ്രതിവർഷം പുതുക്കുന്നുണ്ട്. യെല്ലോ കളറിങ് ചേർക്കുന്ന ഒന്ന് രണ്ട് കേസുകൾ വന്നിരുന്നു, അതിന്മേൽ കേസ് എടുത്തിട്ടുണ്ട്. പ്രധാനമായും രാത്രി 12 മണിക്കും പുലർച്ചെ അഞ്ചുമണിക്കും ഇടയിലാണ് പാൽ വരുന്നത് എന്നതുകൊണ്ട് നമ്മുടെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ സ്‌ക്വാഡുകൾ 24X7 പ്രവർത്തിക്കുന്നുണ്ട്.

കെഎഫ്സിയും ഡാർക്ക് സ്റ്റോറുകളും

കർണാടകയിൽ കെഎഫ്സിയിൽ പഴകിയ ഇറച്ചി കണ്ടെത്തിയതും മുംബൈയിൽ ഡോമിനോയുടെ നാല് ഔട്ട്ലെറ്റുകളുടെ ലൈസൻസ് റദ്ദാക്കിയതും ചൂണ്ടിക്കാട്ടിയപ്പോൾ കേരളത്തിലും കെഎഫ്സി ഉൾപ്പെടെയുള്ള ചെയിനുകളിൽ പതിവായി സ്പോട്ട് ചെക്കിങ് നടക്കുന്നുണ്ടെന്ന് കമ്മീഷണർ പറഞ്ഞു. എന്നാൽ, അടുത്തിടെയൊന്നും പഴകിയ ചിക്കൻ കണ്ടെത്തിയിട്ടില്ല, മുൻപ് പ്രശ്നം കണ്ടെത്തിയപ്പോൾ അവർക്ക് നോട്ടീസ് നൽകി അഡ്ജുഡിക്കേഷൻ നടപടികളിലേക്ക് പോയിട്ടുണ്ട്. അങ്ങനെ കണ്ടെത്തിയാൽ അതത് ജില്ലകളിലെ എഫ്എസ്ഒ ലെവലിലോ അസിസ്റ്റന്റ് കമ്മീഷണർ ലെവലിലോ തന്നെ റെക്ടിഫിക്കേഷൻ, അഡ്ജുഡിക്കേഷൻ നടപടികളിലേക്ക് പോകാം.

ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ് തുടങ്ങിയവയുടെ ഡാർക്ക് സ്റ്റോറുകളിലും പതിവായി പരിശോധന നടത്തുന്നുണ്ട്. നിലവിൽ അവർ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട്. ഇൻസ്റ്റാമാർട്ട് പോലുള്ള ഷോറൂമുകളിൽ ലൈസൻസ് റദ്ദാക്കേണ്ടി വന്നിട്ടില്ല. എന്നാൽ, സാധാരണ കടകളിൽ ലൈസൻസ് റദ്ദാക്കുന്നത് എല്ലാ ജില്ലകളിലും പതിവായി നടക്കാറുണ്ട്. ലൈസൻസ് റദ്ദാക്കി കഴിഞ്ഞാൽ മെച്ചപ്പെടുത്താനുള്ള കാര്യങ്ങളെ പറ്റി നോട്ടീസ് നൽകും. എന്തൊക്കെ മാറ്റം വരുത്തണമെന്ന് റെയ്ഡ് നടത്തിയ എഫ്എസ്ഒമാർ വ്യക്തമാക്കിയിരിക്കും. കച്ചവടക്കാർ അത് പരിഹരിച്ച് തിരികെ വരുമ്പോൾ വീണ്ടും പരിശോധിക്കും, ബോധ്യപ്പെട്ടാൽ ലൈസൻസ് തിരിച്ചുനൽകും.

ശബരിമലയിലെ മായം

സംസ്ഥാനത്ത് മായം കലർന്ന ഭക്ഷ്യവസ്തുക്കൾ ഏറ്റവുമധികം വിൽക്കപ്പെടുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് രാജ്യത്തെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമല. നെയ്യും എണ്ണയും മാത്രമല്ല, പാക്ക് ചെയ്ത ഉൽപ്പന്നങ്ങളിൽവരെ വ്യാജനുണ്ടാകാം. ഒരിക്കൽ പെപ്സി കമ്പനിയുടെ പ്രതിനിധികൾ നേരിട്ടെത്തി വ്യാജ പെപ്സി പിടിച്ചെടുത്ത സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ശബരിമലയിൽ എന്തെങ്കിലും പ്രത്യേക പരിപാടി ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: പമ്പയിലും സന്നിധാനത്തിലുമായി രണ്ട് ടെസ്റ്റിങ് ലാബോറട്ടറികൾ പ്രവർത്തിക്കും, ക്വാളിറ്റി ടെസ്റ്റിങ്ങിനായി ഇവിടേക്ക് പ്രത്യേകം സ്റ്റാഫിനെ നിയോഗിക്കും. കുടിവെള്ള സ്രോതസ്സുകളും വിതരണ കേന്ദ്രങ്ങളും പരിശോധിച്ച് ശുദ്ധജലം ഉറപ്പുവരുത്തും. കൂടാതെ രണ്ട് മൊബൈൽ ടെസ്റ്റിങ് ലാബോറട്ടറികളും പ്രത്യേക ഇൻസ്പെക്ഷൻ സ്‌ക്വാഡുകളും സജ്ജമാക്കും. എഫ്എസ്എസ്എഐ രജിസ്ട്രേഷൻ മേളകൾ നടത്തുകയും അഞ്ച് ഭാഷകളിലായി ബോധവൽക്കരണ സാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്യും.

സ്‌കൂളുകളിലെ ജങ്ക് ഫുഡ്

സ്‌കൂൾ പരിസരങ്ങളിലെ ജങ്ക് ഫുഡ് നിരോധനം പല സ്‌കൂളുകളിലും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നതു ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഓണത്തിന് ശേഷം സെപ്റ്റംബർ മുതൽ 'സേഫ് ആൻഡ് ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്‌കൂൾ', 'ഈറ്റ് റൈറ്റ് ക്യാമ്പെയ്ൻ' എന്നീ പരിപാടികൾ ആരംഭിക്കും. ആരോഗ്യ, പൊതുവിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായാണ് പരിപാടി നടത്തുന്നത്. സ്‌കൂളുകളിലും കോളേജുകളിലും ജങ്ക് ഫുഡിനു പകരം വാഴപ്പഴം, കപ്പലണ്ടി തുടങ്ങിയ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ കാന്റീനുകളിൽ മാറ്റം കൊണ്ടുവരും.

'ഓണം സ്പെഷൽ'

ചിപ്സ്, വെളിച്ചെണ്ണ, ശർക്കര, പാൽ എന്നിവയിലാണ് ഓണക്കാലത്ത് പ്രത്യേക ശ്രദ്ധ. ഇടുക്കി, പാലക്കാട്, തിരുവനന്തപുരം, വയനാട് അതിർത്തികളിൽ രാത്രി 12 മുതൽ പുലർച്ചെ 5 വരെ രാപകലില്ലാതെ സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നു. ജൂലൈ 31-ഓടെ എല്ലാ ജില്ലകളിലെയും ഫുഡ് ഹാൻഡ്ലർമാർക്ക് പരിശീലനം പൂർത്തിയാക്കിയതിനാൽ ഓണാഘോഷം തുടങ്ങിയ ശേഷം വലിയ പരാതികളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഓണക്കാലത്ത് നടക്കുന്ന മേളകളിലും ഉത്സവങ്ങളിലും ഭക്ഷണ സ്റ്റാളുകളിൽ ഉപയോഗിക്കുന്ന ഐസ് ഉൾപ്പെടെ കുടിവെള്ളം കൊണ്ടാണോ ഉണ്ടാക്കുന്നതെന്നു പരിശോധിക്കാൻ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. ഓണസദ്യക്ക് ഉപയോഗിക്കുന്ന വിഭവങ്ങളുടെ സ്റ്റാറ്റിയൂട്ടറി സാമ്പിളുകൾ ശേഖരിക്കാൻ ഒരു ജില്ലയിൽ മിനിമം മൂന്ന് സ്‌ക്വാഡുകൾ വീതം ദിവസവും പരിശോധന നടത്തുന്നുണ്ട്. പച്ചക്കറിയുടെയും മീനിന്റെയും കാര്യത്തിൽ ഇതേ രൂപത്തിലെ പരിശോധനകളും ശ്രദ്ധയും നിലവിലുണ്ട്.

'ഓണം ഭക്ഷ്യസുരക്ഷാ വകുപ്പിനോടൊപ്പം' എന്ന ടാഗ്ലൈൻ പോലെ ഈ ഓണക്കാലം തികച്ചും സുരക്ഷിതമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

നല്ല രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ അധിക ജീവനക്കാർ

ഞാൻ വന്നിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ; ജീവനക്കാരുടെ എണ്ണം സംബന്ധിച്ച അസസ്മെന്റുകൾ എടുത്തുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള സംവിധാനത്തിൽ നിന്നുകൊണ്ട് പരമാവധി പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്.

റെയ്ഡുകളിൽ പുറത്തുനിന്നുള്ള സമ്മർദ്ദം

നെവർ. എല്ലാ കാര്യങ്ങളിലും പരിപൂർണ്ണ സ്വാതന്ത്ര്യമുണ്ട്. ഗവൺമെന്റ് തലത്തിലോ പുറത്തുനിന്നോ യാതൊരു സമ്മർദ്ദവുമില്ല. പരിശോധന നടത്തുമ്പോൾ ഏതെങ്കിലും ബിസിനസുകാർ സാമ്പിൾ എടുക്കാൻ സമ്മതിക്കാതിരുന്നാൽ ഉടൻ തന്നെ തദ്ദേശ സ്വയംഭരണ വകുപ്പിനെയോ പോലീസിനെയോ വിവരം അറിയിക്കാറുണ്ട്. മുൻകൂട്ടി പോലീസ് സംരക്ഷണം വാങ്ങിയാണ് എഫ്എസ്ഒമാർ പരിശോധനയ്ക്ക് പോകാറുള്ളത്. അതുകൊണ്ട് ഇതുവരെ വലിയ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വന്നിട്ടില്ല.

മഹാരാഷ്ട്ര മോഡലിലെ വലിയ കാമ്പെയിൻ കേരളത്തിനു വേണ്ടേ

പ്രോ ആക്ടീവ് ആയ കാമ്പെയ്ൻ ആവശ്യമില്ല എന്നല്ല. കേരളത്തിൽ വളരെക്കാലമായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനമുണ്ട്. അവിടെ അങ്ങനെയൊന്ന് ഇല്ലായിരുന്നു. 'ഫുഡ് സേഫ്റ്റി എവരിവൺസ് ബിസിനസ്' (ഭക്ഷ്യസുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തം) എന്നതാണ് നമ്മുടെ നയം; അത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമല്ല.

പൊതുജനങ്ങൾക്ക് പരാതി നൽകാനായി ടോൾ ഫ്രീ നമ്പറും പോർട്ടലും വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്:

ടോൾ ഫ്രീ: 1800-425-1125

പോർട്ടൽ: eatright.foodsafety.kerala.gov.in