ഫോട്ടോ: പുഷ്പജൻ തളിപ്പറമ്പ്
'രാവിലെ ആറ് മണി മുതല്‍ രാത്രി വൈകും വരെ വണ്ടി ഓടിച്ചാലും വീട്ടിലേക്ക് മടങ്ങുമ്പോള്‍ കൈയില്‍ മുന്നൂറോ നാനൂറോ രൂപയേ കാണൂ. ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയാണെങ്കില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. മിച്ചംവെക്കുന്ന തുക ഇനി മുന്നൂറില്‍ നിന്നും കുറയും. 20 രൂപയുടെ ഊണ് എല്ലായിടത്തും കിട്ടില്ലല്ലോ? ചായക്കും കടിക്കും ഒക്കെ പലയിടത്തും പല വിലയാണ്. ഇങ്ങനെ പോയാല്‍ ചായകുടി തന്നെ വേണ്ടെന്ന് വെക്കേണ്ടി വരും'- ഓട്ടോ തൊഴിലാളിയായ ശ്രീനിവാസ് പറയുന്നു.
ഭക്ഷ്യവസ്തുക്കളുടേയും നിത്യോപയോഗ-അവശ്യ സാധനങ്ങളുടേയും വില കുത്തനെ ഉയരുമ്പോഴും ഓട്ടോതൊഴിലാളികളെ സംബന്ധിച്ചിടത്തോളം വരുമാനം വര്‍ധിക്കുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. നേരത്തേ മുപ്പതോ നാല്‍പതോ രൂപയ്ക്ക് ഉച്ചഭക്ഷണം കഴിച്ചിരുന്നയിടത്ത് അത് 50-60 ആയി ഉയര്‍ന്നു. ഒരു ചായയ്ക്ക് 10 രൂപയില്‍ നിന്ന് 12 ഉം 15ഉം രൂപയിലേക്ക് എത്തി. ബിരിയാണിയ്ക്കും ചിക്കന്‍ വിഭവങ്ങള്‍ക്കും വില കുത്തനെ വര്‍ധിച്ചു. ഒരു ചായയും കടിയും കഴിക്കാന്‍ മുപ്പതോ മുപ്പത്തഞ്ചോ രൂപ വരെ ആകും. ഇതിന് പുറമെയാണ് ഇന്ധന വിലവര്‍ധനവ്. നഗരങ്ങളില്‍ ജോലി ചെയ്യുന്നവരേയും ഡ്രൈവര്‍മാരേയുമാണ് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ഉയര്‍ന്നത് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

ലോട്ടറിതൊഴിലാളികളുടെ കാര്യവും കഷ്ടം. 'ടിക്കറ്റ് വിറ്റ് വെയിലും കൊണ്ട് നടന്ന് ക്ഷീണിച്ചിരിക്കുമ്പോള്‍ ഒരു നാരങ്ങ വെള്ളം കുടിക്കണമെങ്കില്‍ ഇരുപതോ മുപ്പതോ കൊടുക്കണം. രാവിലെ മുതല്‍ വൈകുന്നേരം ഇത്തരത്തില്‍ മൂന്നോ നാലോ നാരങ്ങാ വെള്ളം കുടിച്ചാല്‍ അന്ന് മിച്ചം വെക്കേണ്ട തുക പോയിക്കിട്ടും. പിന്നെ ഈ ടിക്കറ്റ് വിറ്റത് കൊണ്ട് എന്തു ഗുണമാ കിട്ടാ. ഇപ്പോ പിന്നെ ഇവിടെ ഒക്കെ വെറുതേ കിട്ടുന്ന (ചൂടിനെ അതിജീവിക്കാന്‍ ജനങ്ങള്‍ക്ക് വേണ്ടി വിവിധ നഗരസഭകളും മറ്റും ഏര്‍പ്പെടുത്തുന്ന ദാഹശമനി പോലുള്ള പദ്ധതി) മോരുവെള്ളവും വെള്ളവും കുടിച്ച് ദാഹമകറ്റും. പിന്നെ വീട്ടില്‍ നിന്ന് എന്തെങ്കിലും ഒക്കെ ഉണ്ടാക്കിക്കൊണ്ട് വരും. അത് കഴിക്കും. ഉച്ചയ്ക്ക് ഹോട്ടലില്‍ കയറി ചോറ് കഴിക്കാം എന്ന് വെച്ചാല്‍ അതിനും കൊടുക്കണം പത്തമ്പതോളം രൂപ. പിന്നെ ചായക്കും കടിക്കും പറയേണ്ടതില്ല.' വൈകുന്നേരം വരെ ലോട്ടറി ടിക്കറ്റ് വിറ്റ് കിട്ടുന്ന ചെറിയ തുക കൊണ്ട് കുടുംബം പോറ്റുന്ന ലോട്ടറി വില്‍പ്പനക്കാരന്‍ മോഹനന്‍ പറയുന്നു.

'ദിവസക്കൂലിക്ക് പുറമെ ഉച്ചഭക്ഷണത്തിനായി അമ്പത് രൂപയാണ് കടയില്‍ നിന്ന് തരുന്നത്. എന്നാല്‍ ഇതിന്റെ ഇരട്ടിയാണ് ദിവസേന ഭക്ഷണത്തിനായി ഹോട്ടലില്‍ നല്‍കേണ്ടി വരുന്നത്. തുച്ഛമായ ശമ്പളവും ഹോട്ടലുകളിലെ വില വര്‍ധനവും കാരണം പലപ്പോഴും എന്ത് ചെയ്യണമെന്നറിയാത്ത സാഹചര്യമാണുള്ളത്.'- പലചരക്കുകടയിലെ ജോലിക്കാരനായ നൗഷാദ് പറയുന്നു.
ഉച്ചഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പറയാനുണ്ട്, വിലക്കയറ്റത്തില്‍ വലയുന്ന കഥ. പുറത്തെ ഹോട്ടലുകളില്‍ ചെന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. പലപ്പോഴും ചെറിയ ഹോട്ടലുകളില്‍ തേടിപ്പിടിച്ച് കണ്ടെത്തി ഭക്ഷണം കഴിക്കാറായിരുന്നു പതിവ്. നേരത്തെ മുപ്പതും നാല്‍പ്പതും രൂപയ്ക്ക് ഊണ് കിട്ടുമായിരുന്നു. എന്നാല്‍ പാചകവാതക വില മുതല്‍ സര്‍വത്ര സാധനങ്ങള്‍ക്കും വില വര്‍ധിച്ചതോടെ അക്കാര്യത്തിലും ഒരു തീരുമാനമായിരിക്കുകയാണ്. വീട്ടില്‍ നിന്നും ഏറെ ദൂരെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വീടുകളില്‍ നിന്ന് ഭക്ഷണം എടുക്കാന്‍ സാധിച്ചെന്നുവരില്ല. ഇവരുടെ ആശ്രയമായിരുന്നു കൊച്ചുകൊച്ചു ഹോട്ടലുകള്‍. എന്നാല്‍ ഇപ്പോള്‍ ഉച്ചയൂണ് ഹോട്ടലില്‍ നിന്നാക്കാം എന്നുകരുതിയാല്‍ പോക്കറ്റ് മണി തികയാതെ വരും.

സുഭിക്ഷമായി കഴിക്കാം മാതൃകയാക്കാം
രാവിലെ മുതല്‍ രാത്രി വരെ ഭക്ഷണം കഴിക്കാതിരിക്കുക എന്നത് അത്ര പ്രായോഗികമല്ല എന്നത് കൊണ്ട് തന്നെ ദിവസവേതനക്കാരായ പലര്‍ക്കും കിട്ടുന്നതിന്റെ പകുതിയിലേറെയും ഹോട്ടലുകളില്‍ തന്നെ ചെലവഴിക്കേണ്ടി വരുന്നു. ചിലരാകട്ടെ സര്‍ക്കാര്‍ പദ്ധതിയായ സുഭിക്ഷ ഭക്ഷണശാലകളെ പോലെ, കുടുംബശ്രീ ഹോട്ടലുകളെപോലെയുള്ളവയെ ആശ്രയിച്ചു വരുന്നു. 20 രൂപയ്ക്ക് ഊണ്‍ കിട്ടും എന്നതാണ് സുഭിക്ഷ ഹോട്ടലുകളുടെ പ്രത്യേകത. 25 രൂപ കൊടുത്താല്‍ പാര്‍സലും ലഭിക്കും. പക്ഷേ എല്ലായിടത്തും ഇത്തരം ഹോട്ടലുകള്‍ ഇല്ലെന്നുളളതാണ് പ്രതിസന്ധി.
സുഭിക്ഷ ഹോട്ടലുകളില്‍ ഊണിന് 25 രൂപയാണ്, പൊതുജനങ്ങള്‍ക്ക് 20 രൂപയ്ക്ക് ഊണ് നല്‍കുന്ന ഇവര്‍ക്ക് ബാക്കി അഞ്ചുരൂപ സബ്സിഡിയായി സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതിനുപുറമേ കെട്ടിടവാടക, വൈദ്യുതിബില്‍, വെള്ളക്കരം എന്നിവയും സര്‍ക്കാരാണ് നല്‍കുന്നത്. സബ്സിഡി നിരക്കില്‍ അരി നല്‍കാന്‍ പൊതുവിതരണവകുപ്പ് തയ്യാറായിരുന്നു. 10.90 രൂപ നിരക്കില്‍ ഓരോ ഹോട്ടലിലെയും ആവശ്യത്തിനനുസരിച്ച് അരി നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍, സബ്സിഡി അരിക്ക് ഗുണനിലവാരമില്ലെന്നു പറഞ്ഞ് സുഭിക്ഷ ഹോട്ടലുകള്‍ ഇവ വാങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. പൊതുവിപണിയില്‍ 40 രൂപ വിലയുളള ജയ അരിയാണ് അവര്‍ വാങ്ങുന്നത്.
ഇത്രയധികം കൂടിയ വിലയ്ക്ക് അരി വാങ്ങി എങ്ങനെയാണ് കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നല്‍കുന്നത് എന്ന ചോദ്യത്തിനും അവരുടെ പക്കല്‍ ഉത്തരങ്ങളുണ്ട്. ഊണിനൊപ്പം നല്‍കുന്ന സ്‌പെഷ്യല്‍ വിഭവങ്ങളിലൂടെയാണ് അവര്‍ നഷ്ടം പരിഹരിക്കുന്നത്. ഊണിന് 20 രൂപ ആയതുകൊണ്ട് തന്നെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ മടികൂടാതെ ഉപഭോക്താക്കള്‍ വാങ്ങും. സുഭിക്ഷയുടെ ഗുണനിലവാരം മനസ്സിലാക്കുന്ന ഇവിടെയെത്തുന്ന ഉപഭോക്താക്കളില്‍ സാധാരണക്കാരനെന്നോ സമ്പന്നനെന്നോ വേര്‍തിരിവില്ലാത്തതിനാല്‍ തന്നെ സ്‌പെഷ്യല്‍ ഇനങ്ങള്‍ക്ക് അല്പം കൂടുതല്‍ വിലയീടാക്കിയാലും തെറ്റില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ജീവനക്കാരോട് നിര്‍ദ്ദേശിക്കുന്നത്.
(തുടരും)
Content Highlights: Hotel food price hike mathrubhumi.com series | In- Depth
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..