കല്പറ്റ: ‘ഒരു ചായകുടിച്ചാലോ?’ ഏതുസമയത്താണെങ്കിലും ചായകുടി മലയാളികളുടെയൊരു ശീലമാണ്. ‘ടൗണിൽവന്നാൽ ചായകുടിക്കുന്നത് വർഷങ്ങളായി തുടരുന്നൊരു ശീലമാണ്. എന്നാൽ, 10-12 രൂപയ്ക്ക് കിട്ടിയിരുന്ന ചായയ്ക്കിപ്പോൾ 15 രൂപ കൊടുക്കണം. ചായക്കും ഒരു കടിക്കുംകൂടി 30 രൂപയാണ്. ഇങ്ങനെപോയാൽ എത്രനാൾ ശീലം തുടരുമെന്ന് അറിയില്ലയെന്ന്’ ചായകുടിച്ചുകൊണ്ട് ബിജു പറഞ്ഞു.
ചായക്ക് മാത്രമല്ല പൊറോട്ടയ്ക്കും ബീഫിനുമെല്ലാം ഊണിനുമെല്ലാം ഇപ്പോൾ വിലകൂടി. 12 രൂപയ്ക്ക് കിട്ടിയിരുന്ന ചായക്കിപ്പോൾ പലയിടത്തും 15 രൂപയാണ്. വാണിജ്യ സിലിൻഡറുകളുടെ വില അടിക്കടി വർധിപ്പിച്ചതും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും മിൽമാപാലിന്റെ വില വർധിപ്പിച്ചതുമാണ് ഭക്ഷണങ്ങളുടെ വിലകൂട്ടാൻ കാരണം. കഴിഞ്ഞ കുറച്ചുമാസങ്ങളായി വാണിജ്യസിലിൻഡർ ക്ഷാമത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് ഹോട്ടൽമേഖല കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ വിലകൂട്ടുകയല്ലാതെ മറ്റുവഴികളില്ലെന്നാണ് ഹോട്ടലുടമകളും ചെറുകിട കച്ചവടക്കാരും പറയുന്നത്.
ദിവസേന ഹോട്ടൽഭക്ഷണത്തെ ആശ്രയിക്കുന്ന ജീവനക്കാർ, സാധാരണ തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവരെയാണ് ഈ വിലവർധന കൂടുതൽ ബാധിച്ചിരിക്കുന്നത്. ഹോട്ടലിൽനിന്നൊരു ചായകുടിച്ചാൽപ്പോലും സാധാരണക്കാരന്റെ ബജറ്റ് താളംതെറ്റും. അറുപതും എഴുപതും രൂപയ്ക്കും പ്രഭാതഭക്ഷണം കഴിക്കാമായിരുന്നെങ്കിൽ ഇപ്പോൾ കുറഞ്ഞത് 100 രൂപയെങ്കിലും വേണം. നേൺവെജ് വിഭവങ്ങളായാൽ അത് പിന്നെയും കൂടും. രാവിലെയും വൈകീട്ടും ഒരുചായയും കടിയും മലയാളിക്ക് പതിവാണ്. ഹോട്ടലുകളെമാത്രം ആശ്രയിച്ച് ജീവിക്കുന്നവർക്ക് സ്പെഷ്യൽ വിഭവങ്ങൾ ഒന്നുമില്ലാതെതന്നെ ഒരു ദിവസം മൂന്നുനേരം ഭക്ഷണംകഴിക്കാൻ കുറഞ്ഞത് 400 രൂപയെങ്കിലും വേണമെന്ന അവസ്ഥയാണിപ്പോൾ. ചോറ്, ചിക്കൻ വിഭവങ്ങൾ, മീൻവിഭവങ്ങൾ തുടങ്ങി എല്ലാ ഭക്ഷണത്തിനുമിപ്പോൾ നേരിയതോതിൽ വിലകൂട്ടിയിട്ടുണ്ട്. വിലക്കയറ്റം കാരണം ഒരുനേരത്തെ ഭക്ഷണം ഒഴിവാക്കുന്നവരുമുണ്ട്.
പാൽവിലയും മറ്റ് സാധനങ്ങളുടെ വിലയും ഉയർന്നതോടെ ലാഭം പൂർണമായും ഇല്ലാതായെന്നാണ് ചെറുകിട കച്ചവടക്കാരും ഹോട്ടലുടമകളും പറയുന്നത്.
സാന്പത്തികനഷ്ടം കാരണം പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. വാണിജ്യസിലിൻഡർ ക്ഷാമത്തെ തുടർന്ന് ജില്ലയിലെ പല ഹോട്ടലുകളും ഇതിനോടകംതന്നെ പൂട്ടിയിരുന്നു. ഗ്യാസിന് പകരമായി വിറകിലേക്ക് മാറാൻ പലരും ആലോചിക്കുന്നുണ്ടെങ്കിലും അതിനുള്ള പ്രായോഗികബുദ്ധിമുട്ടുകൾ ഏറെയാണെന്ന് കച്ചവടക്കാർ പറയുന്നു.
Content Highlights: Rising costs of commercial LPG cylinders, Milma milk, and essential commodities have forced hoteliers in Kerala to steeply hike the prices of everyday food items like tea and meals, pushing the sector into a crisis and breaking the budget of the common man.
Published: 05 Jun 2026, 10:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented