
"കാസർകോട് ജില്ലയിൽ, ടാറ്റാ ആശുപത്രി, ജനറൽ ആശുപത്രി എന്നിവ അടക്കം വിവിധയിടങ്ങളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. എനിക്ക് തോന്നിയ കാര്യം, കാസർകോട് ജില്ലയിലെ ആരോഗ്യമേഖല എല്ലാതരത്തിലും അവഗണിക്കപ്പെട്ട ഒന്നാണ്. സർക്കാർ മേഖലയും സ്വകാര്യ മേഖലയും ഒരുപോലെ കൈവിട്ട ജില്ലയാണ് കാസർകോട്"- കാസർകോട് ജില്ലയുടെ ദുരിതത്തെക്കുറിച്ച് ടാറ്റാ ആശുപത്രിയിലുൾപ്പെടെ ജില്ലയിലെ വിവിധ ആശുപത്രികളിൽ സേവനം ചെയ്ത ഡോക്ടറുടെ വാക്കുകളാണ്.
"കാസർകോട്ട് എടുത്തു പറയാനുള്ള ആരോഗ്യമേഖലയിലെ സ്ഥാപനങ്ങൾ, ജനറൽ ആശുപത്രിയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുമാണ്. കൊറോണ സമയത്ത് സർക്കാരിന്റേതായിട്ടുണ്ടായിരുന്ന ടാറ്റാ ആശുപത്രി ഇപ്പോൾ പൂർണമായും അടച്ചു. ഡോക്ടർമാരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ജനറൽ ആശുപത്രിയിലാകട്ടെ, പ്രധാനപ്പെട്ട എല്ലാ സ്പെഷ്യാലിറ്റികളും ആരംഭിച്ചിട്ടുണ്ട്. എന്നാൽ അതിൽ എത്രത്തോളം സൗകര്യങ്ങളുണ്ട് എന്നതാണ് പ്രശ്നം. സർജറി, മെഡിസിൻ, ഗൈനക്ക് അടക്കം എല്ലാം സ്പെഷ്യാലിറ്റികളും ജനറൽ ആശുപത്രികളിൽ ഉണ്ട്. ഇവയിൽ പലതിലും അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ പലപ്പോഴും രോഗികളെ പരിയാരത്തേക്കും മംഗലാപുരത്തേക്കും റഫർ ചെയ്യേണ്ട സാഹചര്യമാണ്" - ഡോക്ടർ പറയുന്നു.
"ആവശ്യത്തിന് ഡോക്ടർമാർ ഇല്ല എന്നതാണ് മറ്റൊരു പ്രശ്നം. ഞാൻ അവിടെ പീഡിയാട്രിക്കിൽ സർവീസിലിരിക്കുന്ന സമയത്ത് സീനിയർ ആയിട്ടുള്ള പീഡിയാട്രീഷനും മറ്റൊരു ഡോക്ടറുമായിരുന്നു ഉണ്ടായിരുന്നത്. മൂന്നുപേർക്ക് കൈാര്യം ചെയ്യാൻ പറ്റുന്ന രോഗികൾ ആയിരുന്നില്ല അവിടെ ഉണ്ടായിരുന്നത്. പലരേയും മറ്റിടങ്ങളിലേക്ക് റഫർ ചെയ്യാൻ നിർബന്ധിതരാവേണ്ട അവസ്ഥയായിരുന്നു. ആവശ്യമായ സൗകര്യങ്ങളില്ല എന്നത് മറ്റൊരു പ്രശ്നമാണ്. ഐ.സി.യു. കെയർ കിട്ടേണ്ട ചെറിയ കേസുകളുള്ള രോഗികളെ പോലും റഫർ ചെയ്യേണ്ട സാഹചര്യമാണ്. മാത്രമല്ല, പല ഡോക്ടർമാരും റിസ്ക് എടുക്കാൻ തയ്യാറാകുന്നില്ല. മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നാണെങ്കിൽ ഇതിനുള്ള പരിഹാരം കണ്ടെത്താനുള്ള ശ്രമവും നടത്തുന്നില്ല. മെഡിക്കൽ കോളേജിലെ രോഗികൾക്ക് സമാനമാണ് ജനറൽ ആശുപത്രികളിൽ എത്തുന്നത്. എന്ത്ചെയ്യാൻ സാധിക്കും, പലരേയും പലയിടങ്ങളിലേക്ക് റഫർ ചെയ്യുകയാണ്. ഡോക്ടമാരുടെ എണ്ണക്കുറവും വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ ഒരു ഡോക്ടർ അറുപതിലേറെ രോഗികളേയാണ് നോക്കേണ്ടത്, എന്നാൽ അതിനുള്ള സൗകര്യമാണെങ്കിൽ ഇല്ലതാനും.

പലയിടത്തും ഡോക്ടർമാർ ഉണ്ട്, എന്നാൽ അവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന കാര്യത്തിൽ ഒരു വ്യക്തതയും ഇല്ല. ഇടക്കിടെ ഡോക്ടർമാരെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റിക്കൊണ്ടേയിരിക്കും.
മനുഷ്യ വിഭവശേഷിയുടെ പുനക്രമീകരണമാണ് പലപ്പോഴും പ്രശ്നം വരുന്നത്. ഡോക്ടർമാർ പലയിടങ്ങളിലും ഉണ്ടാകും. അഞ്ചു വർഷമെങ്കിലും നിർത്തും എന്ന ഉറപ്പുനൽകില്ല. പെട്ടെന്ന് ഡ്യൂട്ടി മാറുന്ന സാഹചര്യം ഉണ്ടാകും. ജോലി ചെയ്തുകൊണ്ടിരിക്കെ, ആശുപത്രിയിൽ മറ്റൊരു ഡോക്ടർ എത്തുമ്പോൾ പെട്ടെന്ന് തന്നെ അവിടെയുള്ള ഡോക്ടറെ മറ്റിടങ്ങളിലേക്ക് മാറ്റുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളത്. ജോലിസ്ഥലം സ്ഥിരമായെന്നുറപ്പിച്ച് താമസ സൗകര്യങ്ങളൊക്കെ തയ്യാറാക്കിക്കഴിയുമ്പോഴായിരിക്കും ഈ മാറ്റൽ പ്രക്രിയ- ഡോക്ടർ പറഞ്ഞു.
അനരോഗ്യത്തിലും അവഗണനയിലും വലയുന്ന കാസർകോട് ജില്ല. പരമ്പര വായിക്കാം
ചെറുവത്തൂരിൽ ജോലി ചെയ്തിരുന്ന ഡോക്ടർ, ദീർഘകാലത്തെ അവിടത്തന്നെ ഉണ്ടാകും എന്ന കണക്കുകൂട്ടലിലാണ് കുടുംബത്തോടൊപ്പം കാസർകോട്ടേക്ക് താമസം മാറ്റിയത്. എന്നാൽ ജോലി തുടങ്ങി കുറച്ചു കാലം കഴിഞ്ഞതേയുള്ളൂ, പെട്ടെന്ന് സ്ഥലംമാറ്റം, നേരെ കാസർകോടിലേക്ക്. ആശുപത്രിയിൽ മറ്റൊരു ഫിസീഷ്യൻ എത്തിയപ്പോൾ ഇയാളെ അസിസ്റ്റന്റ് സർജൻ പോസ്റ്റിലേക്ക് മാറ്റുകയായിരുന്നു. ചെറുവത്തൂരിൽ നിന്ന് കാസർകോടിലേക്ക് ദിവസവും വന്ന് പോകുക എന്നത് തന്നെ നാലോളം മണിക്കൂറെടുക്കും. ഇത് ഒരു ഡോക്ടറുടെ മാത്രം, ഒറ്റപ്പെട്ട സംഭവമല്ല. പല ഡോക്ടർമാരും നേരിടുന്ന പ്രശ്നമാണ്. മിനിമം രണ്ടുവർഷം പോലും ഒരു സ്ഥലത്ത് തന്നെ ഉണ്ടാകും എന്ന പ്രതീക്ഷ പോലും ഇല്ലാത്ത സാഹചര്യമാണെന്ന് വീടിന് അഡ്വാൻസ് കൊടുത്ത് താമസം തുടങ്ങി കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ ജോലി സ്ഥലം മാറേണ്ടി വന്ന ഡോക്ടർ പറയുന്നു. കൊടുത്ത പൈസ പോലും കിട്ടാത്ത സാഹചര്യമെന്ന് നിരാശയോടെ പറയുന്നു.
'പേഷ്യന്റ് ടു ഡോക്ടർ' അനുപാതത്തിലാണ് സംസ്ഥാനത്തെ മിക്ക ജില്ലകളിലേയും ആരോഗ്യ മേഖല പ്രവർത്തിക്കുന്നത്. ആ അനുപാതത്തിന് അനുസരിച്ചുള്ള ഡോക്ടർമാർ അവിടെ നിയമിക്കണം. അവരെ കൃത്യമായി ഫോളോ ചെയ്ത് ഡ്യൂട്ടിക്ക് വരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അതനുസരിച്ച് അവരുടെ വർക്കിങ് അറേഞ്ച്മെന്റ് ഉൾപ്പെടെ ശരിപ്പെടുത്തണം. അത് ശരിയാക്കാത്ത കാലത്തോളം ഒപ്പിക്കൽ പരിപാടിയാണ്. അത് കാസർകോട്ട് നന്നായി അനുഭവിക്കുന്നുണ്ട്.
പണിഷ്മെന്റ് ട്രാൻസ്ഫർ പോലെയാണ് നിലവിൽ കാസർകോട്ടെക്കാ ഡോക്ടർമാരെ റിക്രൂട്ട്മെന്റ് ചെയ്യുന്നതെന്ന് പറഞ്ഞ ഡോക്ടർ, കാസർകോട്ട് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഡോക്ടർമാരെ ഇതിൽ നിന്ന് പിന്നോട്ട് വലിക്കുന്നതെന്നും കാസർകോടിന്റെ പ്രശ്നങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞ ഡോക്ടർ പറയുന്നു.
ആരോഗ്യമേഖല മെച്ചപ്പെട്ടു, ഡോക്ടർമാരെ കിട്ടിയാൽ പ്രശ്നങ്ങൾ തീരും
സി.എച്ച്. കുഞ്ഞമ്പു
പഴയതിനേക്കാൾ ഒരുപാട് മെച്ചപ്പെട്ടനിലയിലാണ് നിലവിൽ കാസർകോട്ടെ ആരോഗ്യരംഗമെന്നാണ് ഉദുമ എം.എൽ.എ. സി.എച്ച്. കുഞ്ഞമ്പുവിന്റെ വാദം. എന്നാൽ, നിലവിൽ കാസർകോട്ടെ ജനങ്ങൾ ആരോഗ്യമേഖലിയിൽ നേരിടുന്ന പ്രതിസന്ധിക്ക് കാരണം ഡോക്ടർമാരെ ആവശ്യത്തിന് കിട്ടാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Photo: https://www.facebook.com/
adv.chkunhambu
'അനുവദിക്കപ്പെട്ട തസ്തികകളിൽ ഡോക്ടർമാരെ കിട്ടിയാൽ തന്നെ പകുതിയിലേറെയും പ്രശ്നങ്ങൾ തീരും. ചില പി.എച്ച്.സികളിൽ ഇപ്പോഴും ആവശ്യത്തിന് ഡോക്ടർമാരില്ല. ഒ.പികൾ 11 മണിക്ക് തന്നെ നിർത്തിപ്പോകുന്ന സാഹചര്യമുണ്ട്. കാസർകോട്ട് നിയമിക്കുന്നവർ പെട്ടെന്ന് തന്നെ സ്ഥലംമാറിപ്പോകുന്ന അവസ്ഥയാണ്. ജോയിൻ ചെയ്ത ശേഷം അവധി എടുത്തുപോകുന്ന ഡോക്ടർമാരും കുറവല്ല.
ടാറ്റാ ആശുപത്രിയെ ക്രിട്ടിക്കൽ കെയർ യൂണിറ്റ് എന്ന പേരിൽ പുതിയ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 23 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഡി.പി.ആർ. അടക്കം തയ്യാറായിക്കൊണ്ടിരിക്കുന്നു'
സി.എച്ച്. കുഞ്ഞമ്പു
ഉദുമ എം.എൽ.എൽ
ആവശ്യങ്ങൾ ചോദിക്കില്ല, എന്തിനും കർണാടകയുണ്ടല്ലോ എന്ന ജനങ്ങളുടെ മനോഭാവം
അഡ്വ. കെ. ശ്രീകാന്ത്
ആരോഗ്യമേഖലയുടെ കാര്യത്തിൽ കാസർകോട്ട് പ്രശ്നങ്ങളുണ്ട് എന്ന് സർക്കാർ തന്നെ ഹൈക്കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. കാസർകോട് മേഖലയിലെ ആരോഗ്യരംഗത്തെ അപര്യാപ്തതകളെക്കുറിച്ച് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, എൻഡോസൾഫാൻ ഇരകളുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീകോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ ഇത് പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രവർത്തനങ്ങളും ഉണ്ടായിട്ടില്ല.
ജില്ലയിലെ ആരോഗ്യരംഗത്തെ ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി തവണ സമരങ്ങൾ ചെയ്തു. തറക്കല്ലിട്ട് വർഷങ്ങളായി നിർമ്മാണം പുരോഗതിയില്ലാതെ നീങ്ങിയപ്പോൾ കാസർകോട് മെഡിക്കൽ കോളേജിൽ കൃഷിയിറക്കിയും തൊഴുത്ത് കെട്ടിയുമടക്കം പ്രതിഷേധിച്ചു. നിരവധി ധർണകളും സത്യഗ്രഹങ്ങളും ബിജെപി അടക്കമുള്ളവർ ചെയ്തിട്ടുണ്ട്. ജില്ലാ ആശുപത്രിയുടെ കെട്ടിടത്തിന്റെ കാര്യത്തിലും ഒരുപാട് സമരം ചെയ്തു. എന്നാൽ ആ സമയത്ത് മാത്രമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രതികരണം ഉണ്ടാകുന്നത്. അത് കഴിഞ്ഞാൽ വീണ്ടും പഴയപടിയിലേക്ക് മാറും എന്നതാണ് വസ്തുത.

മറ്റുള്ള ജില്ലയിലെ ജനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കാസർകോട് ജില്ലയിലെ ജനങ്ങൾ. ഇത്രേ ഉള്ളൂ എന്ന് പറഞ്ഞാൽ അതുമതി എന്ന മട്ടാണ്. സർക്കാരിൽ നിന്ന് ആവശ്യങ്ങൾ ചോദിച്ചു വാങ്ങിക്കില്ല . സഹനശേഷിയും ക്ഷമയും കാസർകോടിലെ ജനങ്ങൾക്ക് കൂടുതലാണ്. ഇവിടെ ആശുപത്രി ഇല്ല എന്ന് പറഞ്ഞാൽ, കർണാടക. സ്കൂളില്ലെന്ന് പറഞ്ഞാൽ കർണാടക, കോളേജ് ഇല്ലെന്ന് പറഞ്ഞാൽ കർണാടക. അങ്ങനെ എന്തിനും ഏതിനും കർണാടകയെ ആശ്രയിക്കുന്ന സ്ഥിതിയാണ് ജനങ്ങൾക്ക്. നമ്മുടെ നാട്ടിൽ നിന്ന് നമുക്ക് കിട്ടേണ്ട അവകാശമാണ് നഷ്ടപ്പെടുന്നത് എന്ന് ജനങ്ങൾ ബോധവാന്മാരല്ല.
കൊറോണകാലത്ത് യുദ്ധകാലടിസ്ഥാനത്തിലാണ് ടാറ്റ ആശുപത്രിയുടെ നിർമ്മാണം. എന്നാൽ അതിപ്പോ പൊളിച്ചുമാറ്റുകയാണ്. ഇങ്ങനെ ആണെങ്കിൽ ആരെങ്കിലും സഹായിക്കാൻ മുതിരുമോ? കാസർകോടിലെ മുതലാളിമാർ മംഗലാപുരത്താണ് ആശുപത്രികൾ തുടങ്ങുന്നത്. എന്തുകൊണ്ടാണ് സ്പെഷ്യാലിറ്റി ആശുപത്രികൾ കാസർകോട് ഉയരുന്നില്ല. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള നിസ്സംഗതയും ഇതിന് കാരണമാണ്.
കാസർകോട് ജില്ലയിൽ സർക്കാർ സംവിധാനം ഒരുക്കുന്നതിന് തടസമാകുന്നത് മംഗലാപുരം ലോബി, സ്വകാര്യ ലോബി അടക്കമുള്ളവരാണ്. മംഗലാപുരത്തുള്ളസൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ കൂടുതലും കാസർകോടുള്ളവരാണ് തുടങ്ങിയിരിക്കുന്നത്. ദേർലക്കട്ട അടക്കമുള്ള അതിർത്തിപ്രദേശങ്ങളിൽ നാലോളം മെഡിക്കൽ കോളേജുകൾ കാസർകോട് ജില്ലയിലുള്ളവരുടേതാണ്. ജില്ലയിലെ രാഷ്ട്രീയ അന്തരീക്ഷങ്ങളും നിക്ഷേപം നടത്താനുള്ള സുഖകരമല്ലാത്ത അന്തരീക്ഷവുമാണ് പലരേയും മറ്റിടങ്ങളിലേക്ക് ചെന്ന് നിക്ഷേപം നടത്താനുള്ള സാഹചര്യമുണ്ടാക്കുന്നത്.
ആരോഗ്യരംഗത്ത് കാസർകോട് ജില്ല നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണം, രാഷ്ട്രീയ ഇച്ഛാശക്തിയുടെ കുറവാണ്. തിരഞ്ഞെടുപ്പിൽ ആരും അവഗണന ചോദ്യം ചെയ്യപ്പെടുന്നില്ല. ജനപ്രതിനിധികൾ വേണ്ട രീതിയിൽ പ്രതികരിക്കുന്നില്ല അത് അവരുടെ പരാജയമാണ്.
അഡ്വ. കെ. ശ്രീകാന്ത്
ബിജെപി നേതാവ്
കാസർകോട്ടെ ആരോഗ്യ മേഖല തീർത്തും പരാജയം
ആബിദ് എടച്ചേരി
കാസർകോട്ടെ ജനങ്ങൾ എപ്പോഴും മംഗലാപുരത്തെ ആശ്രയിക്കുക എന്നത് പ്രായോഗികമല്ല. ജില്ലയിലെ സാധാരണക്കാരായ ജനങ്ങൾ എന്ത് ചെയ്യും. മംഗലാപുരത്തെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിലെ ഫീസും മറ്റും സാധാരണക്കാർക്ക് താങ്ങാനാകുന്നതിലും അപ്പുറമായിരിക്കും. 45 മിനിറ്റോളം യാത്ര ഉണ്ട് കാസർകോട്ട് നിന്ന് മംഗലാപുരത്തേക്ക്. ഒരു അപകടം നടന്നാൽ ജില്ലയിൽ നിന്ന് മൾട്ടി സ്പെഷ്യാലിറ്റി തേടി മംഗലാപുരത്തേക്ക് ആംബുലൻസ് കുതിക്കുകയാണ്. അങ്ങനെ വരുമ്പോൾ കൃത്യമായി ചികിത്സ കിട്ടാൻ തന്നെ ഏറെ വൈകുന്ന സാഹചര്യം ഉണ്ടാകും.

കഴിഞ്ഞ ഏഴ് വർഷമായി സർക്കാർ ഭരിക്കുന്നുണ്ട്. കാസർകോട് ജില്ലയിലെ ആരോഗ്യമേഖലയിൽ കൃത്യമായ ഒരു സംവിധാനം കൊണ്ടുവരുന്നതിൽ സർക്കാരിന് സാധിച്ചിട്ടുണ്ടോ? നിർമാണത്തിലിരിക്കുന്ന മെഡിക്കൽ കോളേജ് മുന്നോട്ട് കൊണ്ടു പോകാൻ പോലും സർക്കാരിന് സാധിക്കാത്ത അവസ്ഥയാണ്.
കാസർകോട്ടെ ആരോഗ്യ മേഖല എന്നത് പരാജയമാണ്. കോടിയടിക്കും എന്നതരത്തിൽ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന്. ആൾക്കാരെ കബളിപ്പിക്കുന്ന രീതിയാണ് സർക്കാർ തുടരുന്നത്. സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ ഏതെങ്കിലും ഒന്ന് നിറവേറ്റിയിട്ടുണ്ടോ എന്ന് നോക്കൂ. ആവശ്യത്തിന് ഇൻസുലിൻ ഇല്ല എന്നതിന്റെ പശ്ചാത്തലത്തിൽ അതുമായി ബന്ധപ്പെട്ട് സമരം ചെയ്തു. എന്നാൽ ആരോഗ്യമന്ത്രി ജില്ലയിൽ എത്തി തിരിച്ചു പോയിട്ടും പ്രശ്നത്തിൽ പരിഹാരം ഉണ്ടായിട്ടില്ല.
ആബിദ് എടച്ചേരി
യൂത്ത് കോൺഗ്രസ് പ്രസിഡന്റ്
കാസർകോട് നിയോജക മണ്ഡലം
മതിയായ ജീവനക്കാരില്ലാതെ എന്ത് കാത്ത് ലാബ്?
നാസർ ചെർക്കളം
കർണാടക സർക്കാർ കാസർകോട് ജില്ലയ്ക്ക് നൽകുന്ന പരിഗണന പോലും കേരള സർക്കാരിന്റെ ഭാഗത്ത് നിന്ന് ജില്ലയ്ക്ക് ലഭിക്കുന്നില്ല. ആരോഗ്യമേഖല, വിദ്യാഭ്യാസ മേഖല തുടങ്ങി എല്ലാമേഖലകളിലും ജില്ല ഏറെ പിന്നിലാണ്. എൻഡോസൾഫാൻ ദുരിതം പേറുന്ന ജില്ലയിൽ, ജില്ല രൂപീകരിച്ചിട്ട് 39 വർഷം പിന്നിട്ടിട്ടും പല മേഖലകളിലും അടിസ്ഥാന വികസനങ്ങൾ പോലും ഇല്ല. ആരോഗ്യരംഗത്ത് കാസർകോടിലെ ജനങ്ങളെ മംഗലാപുരത്തേക്ക് ഓടിപ്പിക്കുക എന്നതാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്.
ടാറ്റ നല്കിയ ആശുപത്രി നേരാംവണ്ണം മുമ്പോട്ടുകൊണ്ടുപോകാൻ സർക്കാരിനായിട്ടില്ല. മെഡിക്കൽ കോളേജിനോടുള്ള അവഗണന ഇപ്പോഴും തുടരുകയാണ്. ന്യൂറോ ചികിത്സയ്ക്കായ് സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കാം എന്ന പ്രഖ്യാപനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. കാസർകോട് ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പി.എച്ച്.സികൾ തുടങ്ങി പലയിടങ്ങളിലും ആവശ്യത്തിന് ജീവനക്കാരില്ല. മരുന്നുകളില്ലാതെയും ചോർന്നൊലിക്കുന്നതുമായ ആശുപത്രി കെട്ടിടങ്ങൾ. ഉദ്ഘാടനം കഴിഞ്ഞിട്ടും ജീവനക്കാരില്ലാതെ നോക്കുകുത്തിയായി നിൽക്കുന്ന ആശുപത്രി കെട്ടിടങ്ങളും ഉണ്ട്. കേരളത്തിന് അനുവദിച്ച എയിംസ് കാസർകോട്ടാക്കിയാൽ വിവിധ മേഖലകളിലുള്ള ജനങ്ങൾ സഹായകമാകും എന്ന് ചൂണ്ടിക്കാട്ടി പലരും ആവശ്യം ഉയർത്തുന്നുണ്ട്. എന്നാൽ, അതിലും സംസ്ഥാന സർക്കാർ കാസർകോടിനോടുള്ള അവഗണന ആവർത്തിച്ചു.

റാങ്ക് ലിസ്റ്റിലുള്ളവരെ പോലും ആശുപത്രികളിലേക്ക് നിയമിക്കാൻ സർക്കാരിന് സാധിക്കുന്നില്ല. ജില്ലയിലേക്ക് എത്തുന്നവരിൽ പലരും ട്രാൻസ്ഫറായി എത്തുന്നവരാണ്. ജില്ലയിലെ ഡോക്ടർമാരെതന്നെ ഓരോയിടങ്ങളിലേക്ക് മാറ്റിമാറ്റിക്കൊണ്ടിരിക്കുകയാണ്. ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തതുകൊണ്ട്, ഡോക്ടർമാരില്ലാത്തതിനാൽ രാത്രി ചികിത്സ പലയിടങ്ങളിലും പൂർണ്ണമായും നിർത്തിയ അവസ്ഥയാണ്. ഓക്സിജൻ സിലിണ്ടർ, മരുന്ന് അടക്കമുള്ള ആരോഗ്യ സംവിധാനങ്ങൾ പരസ്പരം പങ്കുവെച്ച് ഉപയോഗിക്കുന്ന രീതിയാണ് ജില്ലയിലെ ആശുപത്രികൾ തുടരുന്നത്. അത്രയ്ക്കും ദയനീയമാണ് ജില്ലയിലെ അവസ്ഥ. ഇരുനൂറിലേറെ ആളുകളാണ് ഒരുദിവസം ചികിത്സയ്ക്കായ് എത്തുന്നത്. എന്നാൽ നൂറിൽ താഴെ പേരെ മാത്രമേ ചികിത്സിക്കുന്നൂള്ളൂ. ആദ്യം എത്തി ടോക്കൺ എടുത്തവർക്ക് കാണിച്ച് മടങ്ങാം. ടോക്കൺ തീർന്നാൽ പിന്നെ അടുത്ത ദിവസത്തേക്കായി ചികിത്സ എന്ന രീതിയാണ്.
കാത്ത് ലാബ് ജില്ലയിൽ ഉണ്ടാക്കി എന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാൽ അതിന് മതിയായ ജീവനക്കാരെ നിയമിച്ചിട്ടില്ല. ഡയാലിസിസിന് എന്ത് സൗകര്യമാണ് ജില്ലയിലുള്ളത്? സർക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ പരിഗണനകൾ ഇല്ലാത്തപ്പോഴാണ് ജനം സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട വരുന്നത്. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുകയാണ് സർക്കാർ. ആരോഗ്യരംഗത്തെ ചർച്ചകളിൽ പലപ്പോഴും ഉയർന്നു കേട്ടത് ടാറ്റാ ആശുപത്രി കാസർകോടിൽ അനുവദിച്ചല്ലോ എന്നാണ്. എന്നാൽ ഇന്ന് അതിന്റെ അവസ്ഥ എന്താണ്?
കാസർകോട്ടെ ജനങ്ങൾ ആവശ്യപ്പെടുന്നത് ജീവൻ നിലനിർത്താൻ ആരോഗ്യമേഖലയിൽ വേണ്ട അവശ്യ സൗകര്യമാണ്. കാസർകോട്ടെ ആരോഗ്യരംഗത്തെയും ജനങ്ങളുടെ പ്രശ്നങ്ങളേയും പൂർണമായും പരിഹരിക്കണമെങ്കിൽ മന്ത്രിമാർ നേരിട്ടെത്തി കാര്യങ്ങൾ കണ്ടറിയണം. സന്ദർശനം എന്ന പ്രഹസനത്തിലൊതുക്കാതെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞാലേ ഇതിനൊരു പരിഹാരം ഉണ്ടാകൂ.
നാസർ ചെർക്കളം
(പൊതുപ്രവർത്തകൻ, ജില്ലയിലെ ആരോഗ്യരംഗത്തെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സമരരംഗത്തുള്ളയാൾ)
ജീവൻ നിലനിർത്താൻ വേണ്ടിയാണ് ഈ പോരാട്ടം
മുരളീധരൻ
വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ, 15 ഡോക്ടർമാർ വേണ്ടിടത്ത് വെറും മൂന്ന് ഡോക്ടർമാർ മാത്രമാണുള്ളത്. വൈകുന്നേരം ആറുമണിമുതൽ രാവിലെ 9 മണിവരെ അടഞ്ഞു കിടക്കുന്ന ആശുപത്രികളാണ് ജില്ലയുടെ വിവിധയിടങ്ങളിലുള്ളത്. ഇതുസംബന്ധിച്ച് അറിയിപ്പെന്നോണം ബോർഡ് എഴുതിവെച്ച ആശുപത്രികളും ഉണ്ട്. മഞ്ചേശ്വരം താലൂക്കാശുപത്രിയുടെ അവസ്ഥയും ഇതുതന്നെയാണ്. രാവിലെ മുതൽ ഉച്ചവരെയാണ് കാസർകോട് മെഡിക്കൽ കോളേജിലെ പ്രവർത്തനം. ഉച്ചവരെ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് എന്നത് കേട്ടുകേൾവി പോലും ഇല്ലാത്തതാണ്.

ഏഴുവർഷമായി ഇടതുസർക്കാർ അധികാരത്തിൽ എത്തിയിട്ട്. ഇതുവരെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പൂർത്തിയായിട്ടില്ല. പൂർത്തിയായാൽ തന്നെ വീണ്ടും രണ്ട് വർഷം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി പ്രവർത്തിച്ചു തുടങ്ങണം. അങ്ങനെ വരുമ്പോൾ ഇനിയും മെഡിക്കൽ കോളേജ് പൂർണമായും സജ്ജമാകാൻ അഞ്ച് വർഷത്തോളം വേണ്ടിവരും. അടുത്ത കാലത്തൊന്നും കാസർകോട് ജില്ലയിൽ മെഡിക്കൽ കോളേജ് എന്നത് വെറുമൊരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു.
ജില്ലയിലെ ജനങ്ങളിൽ പലരും സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിക്കേണ്ട സേവനങ്ങളെക്കുറിച്ച് ബോധവാന്മാരല്ല. തൊട്ടടുത്ത് തന്നെ മംഗലാപുരം ഉള്ളതുകൊണ്ട് തന്നെ ആരോഗ്യരംഗത്തെക്കുറിച്ച് അധികമാരും ആശങ്കപ്പെടുന്നില്ല. പലരും ആവശ്യങ്ങൾ സർക്കാരിനോട് ചോദിക്കാൻ തന്നെ മടിക്കുകയാണ്. പലപ്പോഴും പല വിഷയങ്ങളും ഉന്നയിക്കുമ്പോൾ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കുന്ന സാഹചര്യമാണ്.

അടുത്തിടെ ആരോഗ്യമന്ത്രി ജില്ല സന്ദർശിച്ചത് വെറുമൊരു പ്രഹസനം പോലെയായിരുന്നു. പല പ്രാവശ്യവും മന്ത്രി ജില്ലയിൽ എത്തിയിട്ടുണ്ട്. പല വാഗ്ദാനങ്ങളും നല്കിപ്പോകുന്നുണ്ട്. എന്നാൽ, ഏതൊക്കെ നടപ്പിലാക്കി എന്ന് നോക്കിയാൽ വസ്തുത മനസ്സിലാകും.

പലപ്പോഴും, ജില്ലയിലെ ആശുപത്രികളിൽ നിന്ന് ഡോക്ടർമാരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി മാറ്റി നിയമിക്കുകയാണ് ചെയ്യുന്നത്. പുതുതായി തസ്തികകൾ സൃഷ്ടിക്കുന്നില്ല. ഇങ്ങനെ ചെയ്യുമ്പോൾ എല്ലാ ആശുപത്രികളും പ്രതിസന്ധിയിലാകുന്നു. ഇതിനിടയിൽ ആരെങ്കിലും ലീവ് ആയാൽ അതും ആകും. കോവിഡ് കാലത്ത് പത്തിലേറെ പേർ മരിച്ചത് ചികിത്സ കിട്ടാതെയാണ്, അല്ലാതെ കൊറോണ ബാധിച്ച് അല്ല.
കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ജില്ലക്കകത്ത് തന്നെ ചികിത്സ ലഭ്യമാകുന്ന തരത്തിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളാണ് ആവശ്യം. മറ്റുള്ള ജില്ലകളേയും സംസ്ഥാനങ്ങളേയും ആശ്രയിക്കാത്ത രീതിയിൽ, സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിനേക്കാൾ പൊതു ആരോഗ്യ സ്ഥാപനങ്ങൾ വേണം. എന്നാൽ, ഇത്തരം ആവശ്യങ്ങളുമായി മുന്നിട്ടിറങ്ങുമ്പോൾ പലപ്പോഴും നേതാക്കളുടെ ഭാഗങ്ങളിൽ നിന്നടക്കം പലതരത്തിലുള്ള അവഗണനകളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ജീവൻ ഉണ്ടെങ്കിലല്ലേ ബാക്കിയെല്ലാം, ജീവൻ നിലനിർത്താൻ വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇപ്പോൾ.
മുരളീധരൻ
(പൊതുപ്രവർത്തകൻ, ജില്ലയിലെ ആരോഗ്യരംഗത്തെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സമരരംഗത്തുള്ളയാൾ)
കാസർകോടിന്റെ ആരോഗ്യരംഗത്ത് സർക്കാരിന്റെ അടിയന്തര ഇടപെടൽ അത്യാവശ്യമാണ്. എല്ലാ സഹിച്ച്, ക്ഷമിച്ച് ഇതൊക്കെ മതി എന്ന രീതിയിൽ കർണാടകയെ ആശ്രയിച്ച് ജീവിച്ചുവരുന്ന ഒരു ജനതയെ ഇനിയും കണ്ടില്ലെന്ന് നടിക്കരുത്. കോവിഡ് പോലൊരു മഹാമാരിക്കാലത്ത് പകച്ച് നിന്നതുപോലെ ഇനി ഒരുവട്ടം കൂടി ആ ജനതയെ പരീക്ഷിക്കരുത്. എൻഡോസൾഫാൻ തീർത്ത ദുരിതവും പേറി ജീവിക്കുന്ന ഒരുപാട് പേരുണ്ട്, സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ട കരുതൽ ജില്ലയ്ക്ക് അത്യാവശ്യമാണ്.
Content Highlights: kasaragod tata hospital Inadequate healthcare facilities in kasaragod district series comments
Published: 22 Dec 2023, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented