സഹായവുമില്ല, സബ്സിഡിയുമില്ല, ഫ്യൂസ് ഊരി KSEB; 20 രൂപയ്ക്ക് ഊണു നൽകിയ അമ്മമാർ ദുരിതക്കയത്തിൽ
കോവിഡ് കാലത്ത് നാലുകൂട്ടം കറികളടങ്ങിയ ഊണിന്റെ പൊതി വെറും 20 രൂപയ്ക്ക് വിതരണം ചെയ്ത് തലസ്ഥാന നഗരിയിലെ നിരവധി പേരുടെ വിശപ്പകറ്റിയവരാണ് ‘അനന്തപുരി കഫേ’യിലെ ഈ അമ്മമാർ. തലസ്ഥാനത്തെ ആദ്യ ജനകീയ ഹോട്ടൽ തുടങ്ങി ആറു വർഷം പിന്നിടുമ്പോൾ, ഇന്ന് ഇവർക്ക് പറയാനുള്ളത് കഴിഞ്ഞ മൂന്ന് വർഷമായി അനുഭവിക്കുന്ന കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും കഥയാണ്.
ആവശ്യക്കാരില്ലാത്തതുകൊണ്ടല്ല, താങ്ങാനാവാത്ത കടം തലയ്ക്കുമുകളിൽ ഭാരമായി നിൽക്കുന്നതുകൊണ്ടാണ് ജനകീയ ഹോട്ടലിന്റെ അടുക്കളയിലെ തീ അണഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷമായി കടം വാങ്ങിയും സ്വന്തം ആഭരണങ്ങൾ പണയംവെച്ചും അടുക്കളയിലേക്കുള്ള സാധനങ്ങൾ വാങ്ങുകയായിരുന്നു. കറന്റിന്റെയും ഗ്യാസിന്റെയും ബില്ലുകൾ പോലും സ്വന്തം കൈയിൽനിന്ന് കണ്ടെത്തി അടച്ചു.
എന്നാൽ വൈദ്യുതി ബിൽ കുടിശ്ശികയായതിനെ തുടർന്ന് കഴിഞ്ഞ 31ന് കെഎസ്ഇബി വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. ഇതോടെ ഹോട്ടൽ മുന്നോട്ടുകൊണ്ടുപോകാൻ മറ്റ് മാർഗങ്ങളില്ലാതായി.
മറ്റ് ഹോട്ടലുകൾ ഉയർന്ന വില ഈടാക്കുമ്പോൾ, രുചിയുള്ള ഭക്ഷണം ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിച്ചതിനാൽ ജനകീയ ഹോട്ടലിൽ ആവശ്യക്കാരും കുറവായിരുന്നില്ല. എന്നാൽ സർക്കാർ ആരംഭിച്ച പദ്ധതി പിന്നീട് സർക്കാരും കോർപ്പറേഷനും വേണ്ടവിധം പരിഗണിക്കാതായതോടെയാണ് ഹോട്ടൽ നടത്തിപ്പുകാർ സ്വന്തം കൈയിൽനിന്ന് പണം മുടക്കിത്തുടങ്ങിയത്.
കോർപ്പറേഷനിൽ പരാതി നൽകിയിട്ട് മാസങ്ങൾ പിന്നിട്ടു. ഹോട്ടലിന്റെ ദുരവസ്ഥ വിശദീകരിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഇവരുടെ ആവശ്യം.
Content Highlights: Ananthapuri Cafe at Sreekanteswaram temple road has shut down after six years of operation., The cafe was famous for serving cheap meals during the COVID-19 pandemic., Accumulated debt, unpaid electricity bills, and lack of government support forced the closure.
Published: 04 Sept 2026, 01:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented