ബൈക്ക് സ്റ്റൻഡ്, അപകടത്തിൽപ്പെട്ടവരുടെ ദൃശ്യം (ഫയൽ) | Photo: Kerala Police, special arrangement
രാത്രി തിരക്കിട്ട് വീടു പറ്റാന്‍ ഓടുന്നവര്‍ ആ കാഴ്ച കണ്ട് ഞെട്ടി. ഇനിയും പൂര്‍ണമായും വിജനമാവാത്ത നിരത്തില്‍ നിരനിരയായി മുരണ്ടുനില്ക്കുന്ന അര ഡസന്‍ ബൈക്കുകള്‍. ഹെല്‍മറ്റും ജാക്കറ്റുമിട്ട് കുതിക്കാന്‍ ഒരുങ്ങിനില്ക്കുന്ന റൈഡര്‍മാര്‍ക്ക് പിറകില്‍ ഒട്ടിച്ചേര്‍ന്ന് ജോഡിയായി പെണ്‍കുട്ടികളും. ഒറ്റയും തെറ്റയുമായി വരുന്ന കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കുമിടയിലൂടെ ഇവര്‍ മുരണ്ടുപായുന്നത് ഞെട്ടലോടെയാണ് വഴിയാത്രക്കാര്‍ കണ്ടുനിന്നത്. നിമിഷനേരമേ വേണ്ടിവന്നുള്ളൂ, മിന്നല്‍വേഗത്തില്‍ ചീറിപ്പാഞ്ഞുപോയവര് അടുത്ത ജങ്ഷന് കറങ്ങി സ്റ്റാര്‍ട്ടിങ് പോയിന്റില്‍ ഇരമ്പി തിരിച്ചെത്തി. തോറ്റവരുടെ പിറകിലുണ്ടായിരുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ ഓടിച്ചെന്ന് വിജയിച്ചവന്റെ ബൈക്കിന്റെ പിറകില്‍ കയറി. ഇരുവരും തെരുവുവെളിച്ചത്തെ കീറിമുറിച്ച് ഇരുട്ടിലേയ്ക്ക് പാഞ്ഞുപോയി. ഗേള്‍ഫ്രണ്ട് സ്വാപ്പിങ് ആയിരുന്നു അന്നത്തെ സമ്മാനമെന്നറിയാതെ വഴിയാത്രക്കാര്‍ മിഴിച്ചുനില്ക്കേ ശേഷിച്ച ബൈക്കുകളും ഭീതിപരത്തി എങ്ങോട്ടോ പറന്നു മറഞ്ഞു.
ഏതെങ്കിലുമൊരു സിനിമയിലെ ഭാവനനിറഞ്ഞ തിരക്കഥയല്ല. നമ്മുടെ സംസ്ഥാന തലസ്ഥാനത്ത് ക്ലിഫ് ഹൗസിനും രാജ്ഭവനുമെല്ലാം കൈയെത്തും ദൂരത്ത് അരങ്ങേറിയ കാഴ്ചയായിരുന്നു ഇത്. സഹികെട്ട് നാട്ടുകാരും ചില യുവജന സംഘടനകളും സംഘടിച്ചിറങ്ങിയതോടെയാണ് ഇതിനൊരു അറുതിയുണ്ടായത്. പക്ഷേ, ബൈക്കുകാര് അടുത്ത ലൊക്കേഷനിലേയ്ക്ക് ചേക്കേറി. മത്സരവും സ്റ്റണ്ടും സ്വാപ്പിങ്ങുമെല്ലാം അനുസ്യൂതം തടരുകയും ചെയ്തു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു പരിഹാസച്ചിരിയായിരുന്നു നഗരത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി. 'കാമുകിമാരെ കൈമാറുന്ന ഗേൾഫ്രണ്ട് സ്വാപ്പിങ്ങൊക്കെ അഞ്ചെട്ട് കൊല്ലം മുന്‍പത്തെ കാര്യങ്ങളല്ലെ. ഇപ്പോള്‍ ഇതൊന്നുമല്ല. ഇതിലും കൂടിയ ഐറ്റങ്ങളാണുള്ളത്'- തുറന്നു സമ്മതിക്കാൻ മടിയൊട്ടും ഉണ്ടായില്ല അദ്ദേഹത്തിന്.

സ്വജീവന്‍ പണയംവച്ചും മറ്റുള്ളവരുടെ ജീവന് അപായപ്പെടുത്തിയും റോഡ് ട്രാക്കാക്കി തലങ്ങും വിലങ്ങും പറക്കുന്ന സൂപ്പര്‍ ബൈക്കുകള്‍ കേട്ടാല്‍ ഞെട്ടുന്ന ഒരു അധോലോകം തന്നെ സൃഷ്ടിച്ചുകഴിഞ്ഞു കേരളത്തില്‍. പ്രലോഭനമായി കേരളത്തിൽ കേട്ടുകേൾവി പോലും ഇല്ലാതിരുന്ന ഗേള്‍ഫ്രണ്ട് സ്വാപ്പിങ് മുതല്‍ സോഷ്യല്‍ മീഡിയ സ്റ്റാര്‍ഡമും മുന്തിയ ഇനം മയക്കുമരുന്നും വരെയുണ്ട് മുന്നിലെങ്കിലും ഇത്തരം മരണപ്പാച്ചിലുകള്‍ പലതും ഫിനിഷ് ചെയ്യുന്നത് വലിയ ദുരന്തങ്ങളിലാണ്. ഇയ്യിടെയാണ് വിഴിഞ്ഞ ബൈപ്പാസിൽ ഇങ്ങനെ മത്സരിച്ച് പാഞ്ഞ ബൈക്കുകള്‍ മുഖാമുഖം ഇടിച്ച് രണ്ടുപേര്‍ ദയനീയമായി മരിച്ചുകിടക്കുന്ന കാഴ്ച കേരളം ഞെട്ടലോടെ കണ്ടത്. ഒരൊറ്റ മത്സരത്തില്‍ രണ്ടു ജീവന് മാത്രമല്ല, രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷ കൂടിയാണ് പൊലിഞ്ഞത്. കണ്ണൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വഴിയിരികില്‍ നിര്‍ത്തിയിട്ട കാറിലേയ്ക്ക് കുറ്റിക്കാട് നിറഞ്ഞ റോഡരികിലൂടെയാണ് ഒരു ബൈക്ക് അപ്രതീക്ഷിതമായി പാഞ്ഞുവന്ന് ഇടിച്ചുകയറ്റിയത്. തുടയെല്ല് രണ്ടും തകര്‍ന്ന് ആശുപത്രിയില്‍ കഴിയുകയാണ് ആ ഗൃഹനാഥന്.
കൊല്ലം വലിയഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടനത്തിന് തൊട്ടുപിറകെ നാലു യുവാക്കൾ നടത്തിയ ബൈക്കഭ്യാസത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഒരു കാറും സൈക്കിൾ യാത്രികനും രക്ഷപ്പെട്ടത്. ഇതൊക്കെ നമ്മളറിഞ്ഞത് ഈ അഭ്യാസങ്ങൾ ഏതെങ്കിലുമൊക്കെ ക്യാമറകളിൽ പതിഞ്ഞതുകൊണ്ടു മാത്രമാണ്. എന്നാൽ ക്യാമറകളില്‍ കുടുങ്ങാത്തതും മരണങ്ങള് സംഭവിക്കാത്തതുമായ അപകടങ്ങൾ അനവധി കേരളത്തിലെ നിരത്തുകളില്‍ ഓരോ ദിവസവും അരങ്ങേറുന്നുണ്ട്. ഈ മരണപ്പാച്ചിലുകളുടെ, അവ വരുത്തിവയ്ക്കുന്ന അപകടങ്ങളുടെ തൊട്ടടുത്ത വളവിലുണ്ട് ക്രിമിനലിസവും ഗുണ്ടായിസവും മയക്കുമരുന്നുമെല്ലാം പിടിമുറുക്കിയ മരണത്തേക്കാള്‍ ഭീതിദമായ മറ്റൊരു ലോകം. ഇതൊന്നും അറിയാതെയാണ് ഇയ്യാംപാറ്റകള്‍ കണക്ക് വിദ്യാര്‍ഥികള്‍ അടക്കമുള്ള നമ്മുടെ ചെറുപ്പക്കാരില്‍ വലിയൊരു ശതമാനവും ഈ റോഡ് റേജിന്റെ മായികവലയത്തില്‍ വന്നു വീഴുന്നത്. യഥാര്‍ഥ റേസിനെയും ബൈക്ക് സ്റ്റണ്ടുകളെയും പ്രണയിക്കുന്നവരെപ്പോലും നാണംകെടുത്തുകയും സംശയത്തിന്റെ നിഴിലിലാക്കുകയും ചെയ്യുന്നുണ്ട് റോഡിലെ ഇത്തരം നിയമലംഘന കസര്‍ത്തുകള്‍. ഈ ഇരുണ്ട ലോകത്തേയ്ക്ക് ഒരു അന്വേഷണയാത്ര നടത്തുകയാണ് മാതൃഭൂമി ഡോട്ട് കോം.
റീല്‍സും... റീച്ചും.... ലൈക്കും
ജീവന് പണയംവച്ചുകൊണ്ടുള്ള ഈ മത്സരയോട്ടങ്ങള്‍ക്ക് ഒരുപരിധിവരെ പരോക്ഷ ഉത്തരവാദി സാമൂഹ്യ മാധ്യമങ്ങളാണ്. സോഷ്യല്‍ മീഡിയ സമ്മാനിക്കുന്ന വീരപരിവേഷം തന്നെയാണ് ഇതിലേയ്ക്ക് വിദ്യാര്‍ഥികള്‍ അടക്കമുള്ള ചെറുപ്പക്കാരെ കൂടുതലായി ആകര്‍ഷിക്കുന്നതിന്റെ ആദ്യഘട്ടം. ബൈക്കുകളില്‍ ചീറിപ്പായുന്നതിന്റെയും അഭ്യാസങ്ങള്‍ നടത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് മ്യൂസിക് നല്കി റീല്‍സായും ഇന്സ്റ്റസ്റ്റോറിയായും അപ്ലോഡ് ചെയ്യും. കുറച്ചുകൂടി കൂടിയവർക്ക് ഇതിനുവേണ്ടി മാത്രം യൂട്യൂബ് ചാനലുകളുമുണ്ട്. തങ്ങളുടെ പ്രൊഫൈലുകള്‍ക്ക് റീച്ച് കൂട്ടുക, പരമാവധി ലൈക്കുകളും കമന്റുകളും വാങ്ങിക്കൂട്ടുക എന്നീ ലക്ഷ്യങ്ങളാണ് ജീവന് അപകടത്തിലാക്കിയുള്ള മത്സരയോട്ടം തിരഞ്ഞെടുക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ക്ക് വലിയ ആരാധകര്തന്നെയുണ്ട്. കൂടുതല്‍ പേര് തങ്ങളെ തിരിച്ചറിയാന്‍ എന്ത് സാഹസ പ്രകടനത്തിനും മുതിരുകയും അത് ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതുമാണ് പതിവ്. ഇത്തരക്കാര്‍ക്ക് ഉണ്ടാകുന്ന ഫോളോവേഴ്സിന്റെ എണ്ണം പരിശോധിച്ചാല്‍ എത്രമാത്രം ആളുകള്‍ ഈ മേഖലയിലേക്ക് കൂടുതലായി കടന്നുവരുന്നുവെന്ന് മനസ്സിലാകും. റീച്ച് കൂടുതലുള്ളവരുടെ പോസ്റ്റുകള്‍ക്ക് കീഴില്‍ കമന്റ് രൂപത്തില്‍ അഭ്യാസപ്രകടനങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്ത് പ്രശസ്തി നേടുകയും അതിലൂടെ തങ്ങളുടെ പേജിന് റീച്ച് വര്‍ധിപ്പിക്കുന്ന വിരുതന്മാരുമുണ്ട്.
.jpg?$p=243c87c&w=610&q=0.8)
കായിക താരങ്ങളും ചലച്ചിത്ര താരങ്ങളും ഒരു പോസ്റ്റ് ഇട്ടാല്‍ കിട്ടുന്ന അത്രതന്നെ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ലൈക്കുകളാണ് പല റൈഡര്‍മാര്‍ക്കും ലഭിക്കുന്നത്. എങ്ങനെയും 'സെലിബ്രിറ്റി'യാകണമെന്ന ലക്ഷ്യം ഇവരെ കൊണ്ട് ചെന്നെത്തിക്കുന്നത് ലഹരിയുടേയും കുറ്റകൃത്യങ്ങളുടേയും അധോലോകത്തേക്കാണ്. എല്ലാ റൈഡര്‍മാരും റേസിങ് നടത്തുന്നവരും അങ്ങനെയാണെന്ന് പറയാനാകില്ലെങ്കിലും റോഡിൽ നിയമം ലംഘിച്ചും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയും പറക്കുന്ന നല്ലൊരു വിഭാഗവും ലഹരിക്ക് അടിമകളായി മാറുന്നുണ്ടെന്ന് തിരുവനന്തപുരം ശംഖുമുഖം എ.സി.പി ഡി.കെ പൃഥ്വിരാജ് പറഞ്ഞു.
കഴിഞ്ഞ മാസം വിഴിഞ്ഞത്ത് ഉണ്ടായ അപകടം ഉദാഹരണമായി എടുത്താല്‍ ബൈക്ക് ഓടിക്കുന്നതിനിടെ വീഡിയോ ഷൂട്ട് ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വിഴിഞ്ഞത്തുണ്ടായ അപകടത്തില്‍ രണ്ട് ബൈക്കുകളും കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്നിരുന്നു. വിഴിഞ്ഞം മുക്കോലയിലുണ്ടായ അപകടത്തില്‍ ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. ബൈക്ക് റേസിനിടെ ഇവരുടെ ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇതിനുശേഷം ഈ മേഖലയിലെ ബൈക്ക് അഭ്യാസത്തിന് കുറവ് വന്നിട്ടുണ്ടോയെന്നറിയാന് വിഴിഞ്ഞം എസ്.ഐ കെ.എല്‍ സമ്പത്തിനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് നിങ്ങള്‍ എന്നെ വിളിക്കുന്ന ഈ സമയത്ത് ഞാന്‍ ഒരു ബൈക്ക് അഭ്യാസിയുടെ കേസുമായി ബന്ധപ്പെട്ട് നില്‍ക്കുകയാണെന്നാണ്. അപകടകരമായി ബൈക്ക് ഓടിച്ചതിന് വാഹനവും അത് ഓടിച്ച ആളെയും സ്റ്റേഷനിലേക്ക് കൊണ്ട് വന്നതായിരുന്ന ഈ സമയത്ത് സബ് ഇന്‍സ്പെക്ടര്‍.
പണത്തിനുവേണ്ടി പന്തയം വെച്ചും ബൈക്ക് റേസ് നടക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി നടക്കുന്ന ഇത്തരം സംഭവങ്ങളും അന്വേഷിച്ച് വരികയാണ്. ജീവനെ പോലും അപകടകരമായി ബാധിക്കുന്ന് ഈ വിപത്തിനെ വേരോടെ പിഴുത് മാറ്റുക എന്നതിനൊപ്പം തന്നെ ഇതിനോട് അനുബന്ധിച്ച് നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ട നടപടികളും ശക്തമാക്കുകയാണ് പോലീസ് ഇപ്പോള്‍. ബൈക്ക് റേസിങ്ങുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും വീഡിയോ പങ്കുവെക്കലും നടക്കുന്ന ആയിരത്തോളം ഗ്രൂപ്പുകള്‍ പോലീസ് നിരീക്ഷിച്ച് വരികയാണ്.
ഈ അടുത്താണ് ഇടുക്കിയില്‍ അഞ്ച് പേര് ഒരു സ്കൂട്ടറില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിച്ചതായി മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. 19 വയസ്സ് മാത്രം പ്രായമുള്ളവരായിരുന്നു വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരും. എല്ലാവരേയും ഇടുക്കി ആര്.ടി.ഒ ആര് രമണന് കൈയോടെ പിടികൂടുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലെ പ്രശസ്തി മാത്രമായിരുന്ന അഭ്യാസപ്രകടനം നടത്തിയവരുടെ ലക്ഷ്യം.
.jpg?$p=e0a8b21&w=610&q=0.8)
അപകടസാധ്യതകള്‍ പറഞ്ഞ് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ മാതൃകാപരമായ ശിക്ഷയും നല്കി. രണ്ട് ദിവസം ഇടുക്കി മെഡിക്കല്‍ കോളേജില്‍ സാമൂഹ്യ സേവനം ചെയ്യണമെന്നായിരുന്നു ശിക്ഷ. ഒപ്പം അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവരെ നേരില്‍ കാണാനും അവര്‍ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട് കാണാനും നിര്‍ദേശിച്ചു. അതിലൂടെ അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതാക്കുകയെന്നതാണ് ഉദ്യോഗസ്ഥര്‍ ഉദ്ദേശിച്ചത്.
എന്തിന് റേസ് സര്‍ക്യൂട്ട് ഈ റോഡുള്ളപ്പോള്‍
യുവാക്കള്‍ റോഡുകളില്‍ നടത്തുന്ന മത്സരയോട്ടങ്ങളൊന്നും പെട്ടെന്നുണ്ടാകുന്നതല്ല. ഒരു വാഹനം ഓവര്‍ ടേക്ക് ചെയ്ത് പോകുമ്പോഴുള്ള പ്രകോപനമാണ് പണ്ട് കാലങ്ങളില്‍ മത്സരയോട്ടത്തിന് കാരണമായിരുന്നതെങ്കില്‍ ഇപ്പോള്‍ നടക്കുന്നത് കൃത്യമായി സമയവും സ്ഥലവും തീരുമാനിച്ചുള്ളവയാണ്. റേസിങ് സര്‍ക്യൂട്ടുകളില്ലാത്ത കേരളത്തില്‍ ബൈപ്പാസുകളും നഗരങ്ങളിലെ വീതിയേറിയ പാതകളും മത്സരയോട്ടങ്ങള്‍ക്ക് വേദിയാക്കാൻ യാതൊരു മടിയും ഭയവുമില്ല ഇവർക്ക്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളാണ് തീരുമാനങ്ങളെടുക്കുന്നതിനുള്ള മാര്‍ഗമായി ഇവര്‍ കാണുന്നത്.
.jpg?$p=84cc8f1&w=610&q=0.8)
റൈഡര്‍മാരുടേയും റേസിങ് നടത്തുന്നവരുടേയും ഗ്രൂപ്പുകളില്‍ അംഗമാകുന്നതിന് ആദ്യം സ്വന്തമായി ഒരു സൂപ്പര്‍ ബൈക്ക് ഉണ്ടാകണമെന്നതാണ് മാനദണ്ഡം. നിരവധി ഗ്രൂപ്പുകളാണ് ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക്, വാട്സാപ്പ് എന്നിവ കേന്ദ്രീകരിച്ചുള്ളത്. ഇവയെല്ലാം പോലീസ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. 17 വയസ്സ് മുതല്‍ 25 വയസ്സുവരെ പ്രായമുള്ളവരാണ് ഗ്രൂപ്പുകളിലെ ഭൂരിഭാഗം അംഗങ്ങളും. പലര്‍ക്കും ലക്ഷങ്ങൾ വില വരുന്ന ഒന്നിലധികം സൂപ്പര്‍ ബൈക്കുകളുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
വിവിധ സമൂഹ മാധ്യമങ്ങളില്‍ നിരവധി ഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ബൈക്കില്‍ കാണിക്കുന്ന അഭ്യാസ പ്രകടനങ്ങളും തങ്ങളെ വ്യത്യസ്തരാക്കുന്ന തരത്തില്‍ അപകടകരമായ അഭ്യാസപ്രകടനങ്ങളുടെ വീഡിയോകളുമാണ് ഇത്തരം ഗ്രൂപ്പുകളില്‍ നിറയുന്നത്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് ഗ്രൂപ്പുകള്‍ പോലീസ് നിരീക്ഷിച്ച് വരികയാണ്. പോലീസ് നിരീക്ഷണം ശക്തമായതോടെ പതിവ് സ്ഥലങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ഇവര്‍ പുതിയ മേച്ചില്പുറങ്ങളിലേക്ക് കൂടുമാറുന്ന രീതിയാണ് ഇന്ന് കാണുന്നത്.
പോലീസിനെയും വെട്ടിച്ച് പറക്കും
ആസൂത്രണം ചെയ്തുള്ള മത്സരയോട്ടത്തിന് പുറമേ പൊടുന്നനേയുള്ള മത്സരങ്ങളും വ്യാപകമാണ്. യാത്രക്കാരുടേയും സാധാരണ റൈഡര്‍മാരുടേയും വേഷത്തിലെത്തുന്ന സംഘങ്ങള്‍ മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയിലും തിരക്കേറിയ വീഥികളില്‍ അഭ്യാസങ്ങള്‍ കാണിക്കുന്നുണ്ട്. ഇത്തരം പ്രവണതകള്‍ കൂടുതലായും കണ്ടുവരുന്നത് കോളേജ് വിദ്യാര്‍ഥികളിലാണ്. പോലീസ് നിരീക്ഷണം ഒരു മേഖലയില്‍ ശക്തമാകുമ്പോള്‍ മറ്റിടങ്ങളിലേക്ക് ഇത്തരക്കാര്‍ മത്സരം മാറ്റുന്നതാണ് രീതി.
%20(1).jpg?$p=571ddc2&w=610&q=0.8)
ഹൈവേയിലും നഗരപാതകളിലും റേസിങ് നടത്തുന്നതിന് ഒപ്പം ദീര്‍ഘദൂര മത്സരയോട്ടങ്ങള്‍ നടത്തുന്നതും പതിവാണ്. ആസൂത്രണം ചെയ്യാതെ പൊടുന്നനെയുള്ള റേസുകളും നടക്കുന്നുണ്ട്. സ്കൂള്‍ കോളേജ് പരിസരങ്ങളില്‍ രാവിലേയും വൈകുന്നേരവുമാണ് പൊടുന്നനെയുള്ള റേസുകള്‍ കൂടുതലായും കാണപ്പെടുന്നത്.
അമ്മയുടെ കഴുത്തിന് പിടിച്ചുവാങ്ങിയ ഡ്യൂക്ക്
നമ്മുടെ നിരത്തുകളില്‍ പരമാവധി ഉപയോഗിക്കാവുന്നതിന്റെ ഇരട്ടിയോളം വേഗത്തില്‍ പോകാന്‍ കഴിയുന്ന സൂപ്പര്‍ ബൈക്കുകളാണ് പലരും ഉപയോഗിക്കുന്നത്. രണ്ട് ലക്ഷം രൂപ മുതല്‍ മുകളിലേക്കാണ് പലതിന്റേയും വില. വീട്ടുകാരോട് വഴക്കുണ്ടാക്കിയും സമ്മര്‍ദം ചെലുത്തിയുമാണ് ഇത്തരം ബൈക്കുകള്‍ യുവാക്കള്‍ സ്വന്തമാക്കുന്നത്. ഒന്നിലധികം സൂപ്പര്ബൈക്കുകളുള്ളവരുമുണ്ട്. ബജാജ് ഡൊമിനോര്‍, ഡ്യൂക്ക്, ആര്‍സി 200, യമഹ ആര് 15 തുടങ്ങിയ ബൈക്കുകളും ഒപ്പം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ബൈക്കുകള്‍ പോലും അമിത വേഗത്തില്‍ ചീറിപ്പായുന്നതിനായി ഉപയോഗിക്കുന്നുണ്ട്.
ബൈക്ക് വാങ്ങി നല്‍കിയില്ലെങ്കില്‍ വീട്ടില്‍ അക്രമ വാസന കാണിക്കുന്നവര്‍, പട്ടിണി കിടന്ന് കാര്യം സാധിക്കുന്നവര്‍, ചെറിയ ജോലികള്‍ ചെയ്ത് സമ്പാദിക്കുന്ന പണത്തില്‍ നിന്ന് ഒരു വിഹിതം വീട്ടില്‍ പോലും നല്‍കാതെ ആഡംബര ബൈക്ക് വാങ്ങുന്നവര്വരെയുണ്ടെന്ന് പോലീസ് പറയുന്നു.
അമിതവേഗത്തില്‍ പോവുകയെന്നതിനൊപ്പം തന്നെ ബൈക്ക് വീല്‍ ചെയ്തും സ്ക്രാമ്പിള്‍ ചെയ്തും ടയറില്‍ പെട്രോള്‍ ഒഴിച്ച് തീ കൊടുത്തും പോലും അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നുണ്ട്. ഇതുപോലുള്ള അഭ്യാസ പ്രകടനങ്ങളുടെ നിരവധി വീഡിയോകള്‍ റൈഡര്‍മാരുടെ ഗ്രൂപ്പുകളില്‍ കാണാം. ഇത് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മക്കള്‍ക്ക് ആഡംബര ബൈക്ക് വാങ്ങിക്കൊടുക്കുന്ന പല മാതാപിതാക്കള്‍ക്കും ഇവര്‍ ഇതുപയോഗിച്ച് ചെയ്ത് കൂട്ടുന്ന കാര്യങ്ങളെ കുറിച്ച് അറിവ് ലഭിക്കുന്നത് പോലീസ് പിടികൂടി വീട്ടില്‍ അറിയിക്കുമ്പോള്‍ മാത്രമാണ്.
ഓരോ തവണ അപകടത്തില്‍പ്പെടുമ്പോഴും ഇതിന്റെ റിപ്പയറിങ്ങിനും സ്പെയര്‍ പാര്‍ട്സിനും മറ്റുമായും ലക്ഷങ്ങള്‍ ചെലവാക്കേണ്ടി വരാറുണ്ട്. അപകടത്തില്‍പ്പെട്ട പരിക്കേറ്റവര്‍ക്ക് ചികിത്സയ്ക്കായും പലപ്പോഴും ലക്ഷങ്ങള്‍ ചെലവാക്കേണ്ടി വരാറുണ്ട്. പലപ്പോഴും ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ പോലും ഒരു അപകടം തകിടംമറിക്കും. അത്തരം സംഭവങ്ങള്‍ ഇന്ന് നിത്യേന കാണുന്ന കാഴ്ചയായി മാറിയിട്ടും ചീറിപ്പായുന്ന രംഗങ്ങള്‍ നിരത്തില്‍ പതിവ് കാഴ്ചയായി തുടരുന്നുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..