വേഗതയുടെ രാജകുമാരന് വിട...കേരളത്തിലെ മോട്ടോർ സ്പോർട്‌സ് പ്രേമികളുടേയും ടൂ-സ്‌ട്രോക്ക് ബൈക്ക് കൂട്ടായ്മകളെയും ഒരുപോലെ കണ്ണീരിലാഴ്ത്തിക്കൊണ്ട് കൊച്ചി മഞ്ഞുമ്മൽ സ്വദേശിയായ വെറ്ററൻ റാലി റൈഡർ ബിനു ജോൺ (ബിഗ് ബിനു) യാത്രയായി. പ്രായം എന്നത് വെറുമൊരു സംഖ്യ മാത്രമാണെന്ന് ജീവിതം കൊണ്ട് തെളിയിക്കുന്നവർ ചുരുക്കമാണ്. എന്നാൽ ബിനു ജോൺ എന്ന 57-കാരന്റെ കാര്യത്തിൽ ആ വാക്ക് അക്ഷരംപ്രതി ശരിയായിരുന്നു. ബൈക്കിങ് ലോകത്ത് 'ബിഗ് ബിനു' എന്ന് സ്‌നേഹത്തോടെ വിളിക്കപ്പെടുന്ന ബിനുവിന്റെ ആവേശവും ബൈക്കുകളോടുള്ള പ്രണയവും കാലം മറക്കില്ല. തൊണ്ണൂറുകളിലാണ് ബിനു ജോൺ തന്റെ ആദ്യത്തെ ബൈക്ക് പര്യടനത്തിന് തുടക്കമിടുന്നത്. ആ ആദ്യ യാത്രയിൽ തന്നെ വേഗതയുടെ സൗന്ദര്യവും സ്വാതന്ത്ര്യത്തിന്റെയും പുതിയൊരു ലോകവും അദ്ദേഹം തിരിച്ചറിഞ്ഞു. അന്ന് നെഞ്ചിലേറ്റിയ ആ റേസിങ് പ്രണയം മരണം വരെയും അദ്ദേഹം ചേർത്തുപിടിച്ചു.
ബിനു ജോൺ എന്ന 'ബിഗ് ബിനു' (Big Binoo) തികച്ചും വ്യത്യസ്തനായ കായിക പ്രതിഭയായിരുന്നു. ട്രോഫികൾക്കോ സോഷ്യൽ മീഡിയയിലെ താൽക്കാലിക ലൈക്കുകൾക്ക് വേണ്ടിയോ ആയിരുന്നില്ല അദ്ദേഹം ബൈക്കോടിച്ചത്. നേരെമറിച്ച്, പെർഫെക്റ്റ് ആയി ട്യൂൺ ചെയ്ത ഒരു ടൂ-സ്‌ട്രോക്ക് എൻജിന്റെ ഗർജ്ജനം മാത്രമായിരുന്നു അദ്ദേഹത്തെ ട്രാക്കിലേയ്ക്ക് നയിച്ചത്. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ റേസിംഗ് പ്രേമികളുടെ ഹൃദയത്തിൽ മുറിവായിമാറി.
വേഗതയുടെ വഴി
സ്‌കൂൾ പഠനകാലത്ത്, മൂന്നര വയസ്സുള്ളപ്പോൾത്തന്നെ മുത്തശ്ശൻ പഠിപ്പിച്ചു തന്ന സൈക്കിൾ സവാരിയിലൂടെയാണ് വേഗതയുടെ ആദ്യ അനുഭവങ്ങൾ അദ്ദേഹം സ്വന്തമാക്കുന്നത്. പിന്നീട് എറണാകുളം സെയ്ന്റ് ആൽബർട്‌സ് സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് ബൈക്കുകളോടുള്ള കമ്പം തലയ്ക്കുപിടിക്കുന്നത്.1986-ൽ കോളേജ് പഠനകാലത്ത് ഫുട്‌ബോൾ കളിക്കാരനായിരുന്ന ബിനു, പിന്നീട് പഠനം പകുതിവഴിയിൽ ഉപേക്ഷിച്ചാണ് മോട്ടോർ മെക്കാനിക് രംഗത്തേക്ക് തിരിയുന്നത്. തുടർന്ന് 1990-ൽ ഡൽഹിയിൽ വെച്ച് നടന്ന യമഹയുടെ മെക്കാനിക്‌സ് ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുത്തത് ബിനുവിന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി.
അവിടെവെച്ച് പരിചയപ്പെട്ട റാലി പ്രേമികളായ സുഹൃത്തുക്കൾക്കൊപ്പം ഞായറാഴ്ചകളിൽ നടത്തിയ സ്പീഡ് റൈഡുകളാണ് അദ്ദേഹത്തെ മോട്ടോർ സ്‌പോർട്‌സിലേക്ക് കൂടുതൽ അടുപ്പിച്ചത്.1993-ൽ, ഇന്ത്യൻ മോട്ടോർസ്പോർട്സ് ഇന്നത്തെപ്പോലെ ജനപ്രിയമാകാത്ത, കുറച്ചുപേർ മാത്രം നെഞ്ചിലേറ്റിയ ഒരു കാലത്താണ് ബിനുവിന്റെ ബൈക്കിംഗ് ജീവിതം ആരംഭിക്കുന്നത്. മക്കൾ സുരക്ഷിതമായ ജോലി സമ്പാദിക്കണമെന്ന് മാതാപിതാക്കൾ ആഗ്രഹിച്ചിരുന്ന അക്കാലത്ത്, ബിനുവിന് വലിയൊരു ഭാഗ്യമുണ്ടായിരുന്നു, തന്റെ മകന്റെ സാഹസികമായ സ്വപ്നങ്ങൾക്ക് തടസ്സം നിൽക്കാതെ, അതിന് പ്രോത്സാഹനം പകർന്നു നൽകിയ ഒരു പിതാവായിരുന്നു അത്.
റാലി ട്രാക്കുകളിലെ പോരാട്ട വീര്യം
1994-ൽ മൂസ ഷെരീഫ്, അബ്ബാസ് തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ട 'കേരളീയ മോട്ടോർ സ്‌പോർട്‌സ്' അസോസിയേഷന്റെ ബാനറിലാണ് ബിനു ജോൺ ആദ്യമായി റാലി മത്സരത്തിൽ ഔദ്യോഗികമായി ചിട്ടയായ തുടക്കം കുറിക്കുന്നത്. അന്നൊക്കെ മറൈൻ ഡ്രൈവിൽ നിന്ന് ആരംഭിച്ച് അടിമാലിയും മൂന്നാറും പിന്നിട്ട് പോകുന്ന അതികഠിനമായ റാലികളായിരുന്നു നിലവിലുണ്ടായിരുന്നത്. ഇന്നത്തെപ്പോലെ അത്യാധുനികമായ റൈഡിങ് ഗിയറുകളോ സുരക്ഷാ സംവിധാനങ്ങളോ വെളിച്ചമുള്ള ഹെഡ്ലൈറ്റുകളോ ഇല്ലാതിരുന്ന കാലത്താണ് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിന് തുല്യമായ സാധാരണ ബൈക്ക് ലൈറ്റുകളുമായി അവർ രാത്രികാലങ്ങളിൽ മത്സരിച്ചിരുന്നത്. ശരിയായ റൈഡിങ് ബൂട്ട്‌സ് വാങ്ങാൻ സാമ്പത്തികമില്ലാത്തതിനാൽ ഫയർഫോഴ്‌സ് ജീവനക്കാർ ഉപയോഗിക്കുന്ന ക്യാൻവാസ് ഷൂ ധരിച്ചായിരുന്നു ആദ്യകാല റാലികളിൽ അദ്ദേഹം പങ്കെടുത്തത്.
ഇന്ത്യൻ മോട്ടോർസൈക്കിൾ ചരിത്രത്തിൽതന്നെ പ്രാധാന്യമേറിയ യെസ്ഡി റോഡ്കിംഗ് (Yezdi Roadking), യമഹ ആർ.എക്‌സ് 100 (Yamaha RX 100), യമഹ ആർ.എക്‌സ് 135 (Yamaha RX 135) എന്നീ മൂന്ന് ബൈക്കുകളിലായിരുന്നു ബിനുവിന്റെ റേസിങ് തുടക്കം. അദ്ദേഹം ബൈക്ക് ഓടിക്കാൻ പഠിക്കുക മാത്രമല്ല, മെഷീനുകളുടെ ഉള്ളറിഞ്ഞ് പ്രവർത്തിക്കുക കൂടിയായിരുന്നു. ടൂ-സ്‌ട്രോക്ക് (2T) എൻജിനുകളുടെ സ്വഭാവം കൃത്യമായി മനസ്സിലാക്കിയ ബിനു, ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻഷിപ്പ് (INRC) ഉൾപ്പെടെയുള്ള പ്രമുഖ മത്സരങ്ങളിൽ അവയെ മികച്ച രീതിയിൽ പറത്താൻ പരിശീലിച്ചു.
ബിഗ് ബിനു എന്ന ലെജന്റിനെ മുഴുവനായും അറിയണമെങ്കിൽ കൊച്ചി കളമശ്ശേരിയിലെ സെന്റ് പോൾസ് കോളേജിന് സമീപമുള്ള അദ്ദേഹത്തിന്റെ 'റെഡ്‌ലൈൻ' വർക്ക്ഷോപ്പ് സന്ദർശിക്കണമായിരുന്നു. അതൊരു വെറും ഗാരേജ് ആയിരുന്നില്ല; മറിച്ച് വിന്റേജ് ടൂ-സ്‌ട്രോക്ക് ബൈക്കുകളെ പ്രാണനായി കാണുന്നവരുടെ ഒരു പ്രിയപ്പെട്ടയിടമായിരുന്നു.പുതിയ മലിനീകരണ നിയന്ത്രണ നിയമങ്ങൾ ടൂ-സ്‌ട്രോക്ക് ബൈക്കുകളെ വിപണിയിൽ നിന്ന് പുറത്താക്കിയപ്പോൾ, അവയെ സംരക്ഷിച്ചത് മെക്കാനിക്ക് ബിനുവായിരുന്നു. ആരുടെയെങ്കിലും വീട്ടുപറമ്പിൽ തുരുമ്പെടുത്തു കിടന്നിരുന്ന പഴയ യമഹ RXZ അല്ലെങ്കിൽ RX ബോഡി കൊണ്ടുവന്നാൽ, അതിനെ ഒരു ഒന്നാന്തരം റാലി യുദ്ധവിമാനമാക്കി മാറ്റാനുള്ള മാന്ത്രികവിദ്യ അദ്ദേഹത്തിന്റെ കൈകളിലുണ്ടായിരുന്നു.'റെഡ്‌ലൈൻ ക്ലബ്ബിലൂടെ' അദ്ദേഹം ബൈക്ക് പ്രേമികളുടെ ഒരു വലിയ കൂട്ടായ്മ തന്നെ സൃഷ്ടിച്ചു. റേസിംഗിനായി വലിയ തുക മുടക്കാൻ ശേഷിയില്ലാത്ത സാധാരണക്കാരായ യുവാക്കൾക്കും ഡേർട്ട് ട്രാക്കിന്റെ രുചിയറിയാൻ അദ്ദേഹം അവസരമൊരുക്കി. പ്രൊഫഷണൽ റേസിംഗിലേക്ക് കടന്നുവന്ന കേരള പൊലീസ് ഉദ്യോഗസ്ഥന് റേസിംഗ് ബൈക്ക് ഒരുക്കി നൽകിയതും റേസിംഗിന്റെ ലോകത്തേക്ക് അദ്ദേഹത്തെ കൈപിടിച്ചുയർത്തിയതും ബിനുവിന്റെ മെന്റർഷിപ്പായിരുന്നു. തനിക്കറിയാവുന്ന മെക്കാനിക്കൽ രഹസ്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിൽ യാതൊരു മടിയുമില്ലാത്ത, എളിമയുള്ള മനുഷ്യൻ കൂടിയായിരുന്നു അദ്ദേഹം
നട്ടെല്ലിനേറ്റ പരിക്ക്
ഏതൊരു വലിയ പോരാളിക്കും ഒരു അഗ്‌നിപരീക്ഷയുണ്ടാകും, ബിനുവിന്റെ ജീവിതത്തിൽ അത് ഒരു ബൈക്ക് അപകടത്തിന്റെ രൂപത്തിലായിരുന്നു വന്നത്. കർണാടകയിൽ വെച്ച് നടന്ന ഒരു പ്രൊഫഷണൽ മത്സരത്തിനിടെ, അതിവേഗതയിൽ പായുമ്പോൾ ബൈക്കിൽ നിന്ന് തെറിച്ചുവീണ് ബിനുവിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. തലയിടിച്ച് വീണ അദ്ദേഹത്തിന്റെ ഹെൽമെറ്റ് തകർന്നുപോവുകയും, പുറം ഇടിച്ച് നട്ടെല്ലിന്റെ അസ്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ആറ് മാസത്തോളം പൂർണ്ണമായി അദ്ദേഹം കിടപ്പിലായി. ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്ന് ഡോക്ടർമാർ വിധി എഴുതിയെങ്കിലും, ബിനുവിന്റെ ഉള്ളിലെ പോരാളി തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല.'മൺതരികൾ നിറഞ്ഞ ആ ട്രാക്കുകളോടുള്ള എന്റെ അടങ്ങാത്ത ആഗ്രഹമാണ് ഏതൊരു മരുന്നിനേക്കാളും വേഗത്തിൽ എന്നെ സുഖപ്പെടുത്തിയത്,' എന്ന് അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അദ്ദേഹം നടക്കാൻ പഠിക്കുക മാത്രമല്ല ചെയ്തത്, വീണ്ടും ബൈക്കിന്റെ ഹാൻഡിലിൽ പിടിമുറുക്കുക കൂടി ചെയ്തു.ആ ഒരു വാശിയാണ് അദ്ദേഹത്തിന്റെ കരിയറിന്റെ അവസാന നാളുകളിലും പ്രകടമായത്.
പ്രായത്തെ തോൽപ്പിച്ച വീര്യം
മിക്ക റൈഡർമാരും തങ്ങളുടെ 30-കളുടെ അവസാനത്തിൽ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, 50 -കളിലും ബിനു യുവാക്കളോട് കിടപിടിക്കുന്ന ആവേശത്തോടെ റാലി ട്രാക്കുകളിൽ സജീവമായിരുന്നു. തന്റെ അവസാന നാളുകളിൽ പോലും പുതിയ പ്ലാനുകൾ അദ്ദേഹം തയ്യാറാക്കുന്നുണ്ടായിരുന്നു. എന്നാൽ ആ അവസാന സോളോ റൈഡിൽ അദ്ദേഹം ബൈക്ക് ബാക്കിവെച്ചാണ് പോയതെന്നതായിരുന്നു സത്യം.
കേരളീയ മോട്ടോർസ്പോർട്സ് അസോസിയേഷനും (KMA) ഇന്ത്യയിലെ വിവിധ വിന്റേജ് ബൈക്ക് ക്ലബ്ബുകളും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ മോട്ടോർ സ്‌പോർട്‌സ് പ്രേമികൾ ഒരേയൊരു കാര്യമാണ് ഊന്നിപ്പറഞ്ഞത്. ബിഗ് ബിനു നമ്മുടെ ലോക്കൽ ഡേർട്ട് ട്രാക്കിന്റെ ആത്മാവായിരുന്നുവെന്ന്. എങ്കിലും, കേരളത്തിലെ ഏതെങ്കിലും ഒരു ഡേർട്ട് ട്രാക്കിലൂടെ ഒരു വിന്റേജ് യമഹ ബൈക്ക് ആകാശത്തേക്ക് ചുവന്ന മൺതരികൾ തെറിപ്പിച്ചു പാഞ്ഞുപോകുമ്പോൾ, അതിന്റെ പുകപടലങ്ങൾക്കിടയിൽ ബിനു ജോണിന്റെ സാന്നിധ്യം ഉണ്ടാകും.
അദ്ദേഹത്തിന്റെ ജീവിതം പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്നും, യഥാർത്ഥ പാഷൻ മാത്രമാണ് എന്നെന്നും നിലനിൽക്കുകയെന്നും നമ്മളെ എന്നും ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും.സ്വപ്നങ്ങൾക്ക് പിന്നാലെ പായുന്ന ഏതൊരു റൈഡർക്കും എന്നെന്നും വലിയൊരു പ്രചോദനമാണത്.
Content Highlights: eteran Kerala rally rider Binu John (Big Binoo) passed away at 57., Known for his passion for vintage two-stroke bikes like Yamaha RX 100 and Yezdi Roadking., Overcame a severe spinal injury from a crash to return to racing in his 50s., Ran the famous 'Redline' workshop in Kalamassery, mentoring young riders and preserving two-stroke engines.
Published: 19 Sept 2026, 07:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented